T20 World Cup 2022: ബുംറയില്ല, പകരമാര്?, യുവതാരം വരണോ?, സാബ കരീം പറയുന്നു

ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ടീമുകളെല്ലാം. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. 2021ലെ ടി20 ലോകകപ്പിലും ഏഷ്യാ കപ്പിലും നിറം മങ്ങിയ ഇന്ത്യക്ക് വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ തിളങ്ങാത്ത പക്ഷം വലിയ നാണക്കേടായി അത് മാറുമെന്നുറപ്പ്. എന്നാല്‍ ലോകകപ്പിനോടടുക്കവെ ഇന്ത്യക്ക് വില്ലനായി പരിക്ക് മാറുകയാണ്. ഏറ്റവും ഒടുവിലായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് പരിക്കേറ്റ് പുറത്തായത്.
ഇന്ത്യയുടെ വജ്രായുധം തന്നെ പരിക്കിന് കീഴപ്പെട്ടതോടെ ടി20 ലോകകപ്പില്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. സമീപകാലത്തായി ഇന്ത്യയുടെ ബൗളര്‍മാരെല്ലാം മോശം പ്രകടനം കാഴ്ചവെക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ബൗളിങ് നിരയില്‍ ബുംറ അത്യാവശ്യമായിരുന്നു. എന്നാല്‍ നിര്‍ണ്ണായക സമയത്ത് ബുംറക്ക് പരിക്കേറ്റ് പുറത്തുപോവേണ്ടി വരികയായിരുന്നു.

നികത്താനാവാത്ത വിടവ്
ബുംറ പരിക്കേറ്റ് പുറത്തായതോടെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ പകരക്കാരനായി ആര് വേണമെന്നത് വലിയ ചോദ്യമായിരിക്കുകയാണ്. നിരവധി പേരുകള്‍ ഇതിനോടകം ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഇപ്പോഴിതാ ബുംറയുടെ ഉത്തമ പകരക്കാരനായി ആര് വേണമെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യ ചീഫ് സെലക്ടര്‍ സാബ കരീം. പലരും ദീപക് ചഹാറിനെ നിര്‍ദേശിക്കുമ്പോഴും മുഹമ്മദ് ഷമിയെന്നാണ് സാബ കരീം പറയുന്നത്. പനിയെത്തുടര്‍ന്ന് ഓസീസ് പരമ്പര നഷ്ടമായ ഷമിക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയും കളിക്കാനാവുന്നില്ല.
'ഞാന്‍ ബുംറയുടെ പകരക്കാരനായി മുഹമ്മദ് ഷമിക്കൊപ്പം പോകും. അവസരം ലഭിച്ചാല്‍ ഇന്ത്യക്കായി ഭംഗിയായി ജോലി ചെയ്യാന്‍ കഴിവുള്ള താരമാണ് ഷമി. അനുഭവസമ്പന്നനായ താരമാണ്. ടോപ് ഓഡറിന്റെ വിക്കറ്റ് നേടാന്‍ ഷമിയെപ്പോലൊരാളെ ഇന്ത്യക്ക് ആവിശ്യമാണ്. അവസാന ഐപിഎല്ലിലെ അവന്റെ പ്രകടനം നോക്കുക. പവര്‍പ്ലേയില്‍ ഇന്ത്യക്ക് വിക്കറ്റ് നേടിത്തരാന്‍ അവന് സാധിക്കും'-സാബ കരീം പറഞ്ഞു.

ഷമിയുടെ ഇക്കോണമി പ്രശ്‌നം
അവസാന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഷമിയുണ്ടായിരുന്നു. ടി20യില്‍ ഇന്ത്യ വലിയ അവസരം നല്‍കാത്ത താരമാണ് ഷമി. ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ കഴിവുണ്ടെങ്കിലും ഡെത്ത് ഓവറില്‍ തല്ലുകൊള്ളിതന്നെയാണ്. അവസാന ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഇറങ്ങിയ ഷമി 16 മത്സരത്തില്‍ നിന്ന് 20 വിക്കറ്റാണ് വീഴ്ത്തിയത്.
ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ തിളങ്ങാന്‍ സാധിക്കുന്ന ബൗണ്‍സും സ്വിങ്ങുമെല്ലാം ഷമിക്കുണ്ട്. എന്നാല്‍ ഇക്കോണമി 8ന് മുകളിലാണ്. നിലവിലെ ഇന്ത്യന്‍ ബൗളര്‍മാരെല്ലാം തല്ലുകൊള്ളികളാവുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് ഇക്കോണമി കാത്ത് പന്തെറിയാന്‍ സാധിക്കുന്ന താരത്തെയാണ് വേണ്ടത്. അതുകൊണ്ട് തന്നെ ഷമിയെ ബുംറയുടെ പകരക്കാരനാക്കുന്നതില്‍ ഭിന്ന അഭിപ്രായം ഉണ്ടാവും.
Also Read : ഗംഭീര ഫോമില്‍, പക്ഷെ ലോകകപ്പ് ടീമിലിടമില്ല, അഞ്ച് പേരിതാ, ഒരു ഇന്ത്യന്‍ താരവും

മറ്റ് പേസര്‍മാര്‍ മികവ് കാട്ടണം
ലോകകപ്പില്‍ ഇന്ത്യയുടെ എല്ലാ ബൗളര്‍മാരും അവസരത്തിനൊത്ത് ഉയരണമെന്നും സാബ കരീം പറഞ്ഞു. 'സമ്മര്‍ദ്ദമുള്ള സാഹചര്യത്തില്‍ ഡെത്ത് ഓവര്‍ എറിയുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. തന്റെ കഴിവില്‍ വിശ്വാസം അര്‍പ്പിച്ച് പന്തെറിയാന്‍ സാധിക്കുന്ന താരങ്ങളെ ആവിശ്യമാണ്. എന്നാല്‍ ബുംറയുടെ അഭാവത്തില്‍ മറ്റ് ബൗളര്‍മാര്‍ മികവിനൊത്ത് ഉയരേണ്ടതാണ്. അത് അത്ര എളുപ്പമല്ലെങ്കിലും സാധ്യമാക്കേണ്ടതാണ്'-സാബ കരീം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications