
മുംബൈ: ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോകുന്ന ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് എല്ലാ ടീമുകളും. 2021ല്‍ പ്ലേ ഓഫ് പോലും കാണാതെ പുറത്തായ ഇന്ത്യ ഇത്തവണ ശക്തമായ തിരിച്ചുവരവ് തന്നെയാണ് പ്രതീക്ഷിക്കുന്നത്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ സമീപകാലത്തായി ഇന്ത്യന്‍ ടീമിന്റെ പ്രകടനം വളരെ പ്രതീക്ഷ നല്‍കുന്നതാണ്. നിരവധി യുവതാരങ്ങളെ സമീപകാലത്തായി പരീക്ഷിച്ച ഇന്ത്യ മികച്ച പ്ലേയിങ് 11നെ കണ്ടെത്താന്‍ പാടുപെടുമെന്നുറപ്പ്.

അവസരം നല്‍കിയവരില്‍ ഒട്ടുമിക്ക യുവതാരങ്ങളും തിളങ്ങിയ സാഹചര്യത്തില്‍ ഇന്ത്യ ആരെയൊക്കെ പരിഗണിക്കും ആരെയൊക്കെ തഴയുമെന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. ഇപ്പോഴിതാ ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം ഇന്ത്യ സീനിയര്‍ താരങ്ങളായ ആര്‍ അശ്വിനേയും മുഹമ്മദ് ഷമിയേയും ടീമിലേക്ക് പരിഗണിക്കില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. രണ്ട് പേരും 2021ലെ ടി20 ലോകകപ്പില്‍ ഉള്‍പ്പെടുകയും കളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സീനിയര്‍ താരങ്ങളായ ഇവരെക്കാള്‍ മികവ് കാട്ടുന്ന നിരവധി യുവതാരങ്ങളുള്ളതിനാല്‍ ഇരുവരെയും മാറ്റിനിര്‍ത്താനാണ് ബിസിസി ഐ ആലോചിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയും ഇന്‍സൈഡ് സ്‌പോര്‍ട്ടുമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

അവസാന വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഷമി നിരാശപ്പെടുത്തിയിരുന്നു. ഐപിഎല്ലിലും ഷമിയുടെ പ്രകടനത്തിന് വലിയ പ്രശംസ നല്‍കാനാവില്ല. അതുകൊണ്ട് തന്നെ ഷമിയെ മാറ്റിനിര്‍ത്തുന്നതിനെ തെറ്റുപറയാനാവില്ല. ' ഷമിക്ക് ഏകദിനത്തിലും ടെസ്റ്റിലുമാണ് കൂടുതല്‍ കരിയര്‍ ബാക്കിയുള്ളത്. എന്നാല്‍ ഇത്തവണത്തെ ഐപിഎല്‍ ഷമിക്ക് തന്റെ ടി20 ഭാവി തീരുമാനിക്കാനുള്ള സുവര്‍ണ്ണാവസരമാണ് നല്‍കുന്നത്. രാഹുല്‍ ചഹാറും പരിഗണനയിലുള്ള താരമാണ്. എന്നാല്‍ ഐപിഎല്ലില്‍ മികവ് കാട്ടേണ്ടതായുണ്ട്. ഐപിഎല്‍ സെലക്ടര്‍മാരെ ടീം തിരഞ്ഞെടുപ്പിന് സഹായിക്കും'- ബിസിസി ഐ ഔദ്യോഗിക വൃത്തത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

അതേ സമയം ആര്‍ അശ്വിന്റെ പ്രശ്‌നം വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പില്ലാത്തതാണ്. 2021ലെ ടി20 ലോകകപ്പിലും തിളങ്ങിയ അശ്വിന്‍ ഐപിഎല്ലിലും ഭേദപ്പെട്ട പ്രകടനം നടത്തുന്ന താരങ്ങളിലൊരാളാണ്. എന്നാല്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ മികവ് കുറവാണ്. സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജ ടീമിലുണ്ട്. സ്പിന്‍ സ്‌പെഷ്യലിസ്റ്റായി യുസ് വേന്ദ്ര ചഹാല്‍, രവി ബിഷ്‌നോയ് എന്നിവരുമുണ്ട്. വാഷിങ്ടണ്‍ സുന്ദറും അവസരം തേടുന്നതിനാല്‍ അശ്വിനെ പരിഗണിക്കുന്നത് ടീമിനും വലിയ ഗുണം ചെയ്‌തേക്കില്ല,

ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പുള്ളവരെന്ന് പറയാന്‍ സാധിക്കുന്നവര്‍ ഏറെയാണ്. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് സ്ഥാനം ഉറപ്പിക്കാം. ശ്രേയസ് അയ്യരെ പരിഗണിച്ചേക്കും. എന്നാല്‍ ഇഷാന്‍ കിഷന്‍-സഞ്ജു സാംസണ്‍ എന്നിവരിലൊരാളെ പരിഗണിക്കുമ്പോള്‍ ആര്‍ക്കാവും നറുക്കുവീഴുകയെന്നത് കണ്ടറിയണം.

പേസ് നിരയില്‍ ബുംറക്കൊപ്പം ഭുവനേശ്വര്‍ കുമാര്‍ സ്ഥാനം പിടിച്ചേക്കും. ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പ്രധാനമായും പേസ് നിരയില്‍ അവസരം തേടുന്നത്. ഇതില്‍ ആരൊയൊക്കെ പരിഗണിക്കുമെന്നത് കാത്തിരുന്ന് തന്നെ കാണാം. ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനം ടി20 ലോകകപ്പ് സെലക്ഷനെ സ്വാധീനിക്കുമെന്ന കാര്യം ഉറപ്പാണ്.

ഓസ്‌ട്രേലിയയാണ് നിലവിലെ ടി20 ലോകകപ്പ് ജേതാക്കള്‍. അവരുടെ തട്ടകത്തിലേക്ക് ടി20 ലോകകപ്പെത്തുമ്പോള്‍ ഓസ്‌ട്രേലിയ തന്നെയാണ് ഫേവറേറ്റുകള്‍. ഇന്ത്യക്ക് ഇത്തവണ കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ലെങ്കിലും രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇറങ്ങുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്.