സിംബാബ്‌വെ വീണു, പിന്നാലെ 'ഓറഞ്ച് എറിഞ്ഞിട്ട്' പാക് പട! ഇനി ഇന്ത്യ ജയിച്ചാല്‍ ഹാപ്പി
പെര്‍ത്ത്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ തുടക്കം പാളിയെങ്കിലും ഇപ്പോള്‍ പാകിസ്താന്റെ ആഗ്രഹം പോലെ കാര്യങ്ങള്‍ മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുകയാണ്. സെമി ഫൈനലിലെത്താന്‍ ജയത്തോടൊപ്പം മറ്റു ടീമുകളുടെയും ഫലത്തെ ആശ്രയിക്കേണ്ട ഗതികേടിലാണെങ്കിലും പാക് കണക്ക്കൂട്ടല്‍ പോലെയാണ് ഇന്നത്തെ മല്‍സരങ്ങള്‍ മുന്നേറിയത്. സിംബാബ്‌വെയുടെ പരാജയത്തിനായി പ്രാര്‍ഥിച്ച പാകിസ്താന് ബംഗ്ലാദേശ് അതു സാധിച്ചുകൊടുത്തു.
പിന്നാലെ നെതര്‍ലാന്‍ഡ്‌സിനെ തകര്‍ത്ത് ബാബര്‍ ആസവും സംഘവും തങ്ങളുടെ ദൗത്യം ഭംഗിയാക്കുകയും ചെയ്തു. ഏകപക്ഷീയമായ കളിയില്‍ ആറു വിക്കറ്റിനായിരുന്നു പാക് വിജയം. ഇനി അടുത്ത മല്‍സരത്തില്‍ സൗത്താഫ്രിക്കയെ ഇന്ത്യ തോല്‍പ്പിക്കുക കൂടി ചെയ്താല്‍ പാകിസ്താന്‍ കൂടുതല്‍ ഹാപ്പിയാവും. കാരണം സെമിയിലേക്കുള്ള പാക് ടീമിന്റെ യാത്ര മുടക്കുന്ന ടീമുകളിലൊന്നാണ് സൗത്താഫ്രിക്ക. ഇന്ത്യ തോറ്റാല്‍ അതു പാക് സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കും.

ജയമൊരുക്കി ബൗളര്‍മാര്‍
ബൗളിങ് നിരയുടെ തകര്‍പ്പന്‍ പ്രകടനമാണ് നെതര്‍ലാന്‍ഡ്‌സിനെതിരേ പാകിസ്താന് ടൂര്‍ണമെന്റിലെ ആദ്യ വിജയമൊരുക്കിയത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഡച്ചുകാരെ സ്‌കോര്‍ ബോര്‍ഡില്‍ മൂന്നക്കം തികയ്ക്കാന്‍ പോലും പാകിസ്താന്‍ അനുവദിച്ചില്ല. ഒമ്പതു വിക്കറ്റിനു 91 റണ്‍സിനു നെതര്‍ലാന്‍ഡ്‌സിനെ പാകിസ്താന്‍ ഒതുക്കി.
ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ തന്നെ പാക് ബൗളിങിനെതിരേ റണ്ണെടുക്കാന്‍ ഓറഞ്ചുപട പാടുപെട്ടു. കോളിന്‍ ആക്കര്‍മാന്‍ (27), നായകന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (15) എന്നിവര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ. ഹാരിസ് റൗഫിന്റെ ഓവറില്‍ ഹെല്‍മറ്റില്‍ ബോള്‍ ശക്തമായി ഇടിച്ചതിനെ തുടര്‍ന്ന് ബാസ് ഡിലീഡെയ്ക്കു (6) റിട്ടയേര്‍ഡ് ഹര്‍ട്ടാവേണ്ടി വരികയും ചെയ്തു.

ഷദാബും റിസ്വാനും
ആറു ബൗളര്‍മാരെയാണ് പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം മല്‍സരത്തില്‍ പരീക്ഷിച്ചത്. ഇവരില്‍ സ്പിന്നര്‍ മുഹമ്മദ് നവാസൊഴികെ എല്ലാവരും വിക്കറ്റുകളെടുക്കുകയും ചെയ്തു. ബൗളര്‍മാരില്‍ ഏറ്റവും മികച്ചു നിന്നത് ഷദാബ് ഖാനായിരുന്നു. മൂന്നു വിക്കറ്റുകളുമായി അദ്ദേഹം പാക് ബൗളിങിലെ അമരക്കാരനായി. നാലോവറില്‍ 22 റണ്‍സ് വിട്ടുകൊടുത്താണ് ഷദാബ് മൂന്നു പേരെ മടക്കിയത്.
സിംബാബ്‌വെയ്‌ക്കെതിരായ തൊട്ടുമുമ്പത്തെ കളിയില്‍ മികച്ച ബൗളിങ് കാഴ്ചവച്ച മുഹമ്മദ് വസീം ജൂനിയര്‍ ഈ മല്‍സരത്തിലും രണ്ടു വിക്കറ്റുമായി തിളങ്ങി. ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ ഓരോ വിക്കറ്റുകളെടുത്തു.

അനായാസം പാകിസ്താന്‍
റണ്‍ചേസില്‍ വളരെ പെട്ടെന്നു വിജയലക്ഷ്യം കുറിച്ചെങ്കില്‍ മാത്രമേ പാകിസ്താന് തങ്ങളുടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താന്‍ സാധിക്കുമായിരുന്നു. പക്ഷെ പ്രതീക്ഷിച്ചത്രയും വേഗത്തില്‍ പാകിസ്താന് ലക്ഷ്യം കൈവരിക്കാനായില്ല. 13.5 ഓവറിലാണ് പാകിസ്താന്‍ വിജയം കരസ്ഥമാക്കിയത്. ഇതിനിടെ നാലു വിക്കറ്റുകള്‍ കൈവിടുകയും ചെയ്തു. നായകന്‍ ബാബര്‍ ആസം (4) തുടരെ മൂന്നാമത്തെ കളിയിലും ഫ്‌ളോപ്പായി. ഈ മല്‍സരത്തില്‍ പക്ഷെ അദ്ദേഹം നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടാവുകയാിരുന്നു. മുഹമ്മദ് റിസ്വാന്‍ (49), ടൂര്‍ണമെന്റിലെ ആദ്യ മല്‍സരം കളിച്ച ഫഖര്‍ സമാന്‍ (20), ഷാന്‍ മസൂദ് (12) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ഇഫ്തിഖാര്‍ അഹമ്മദും (6) ഷദാബ് ഖാനും (4) ചേര്‍ന്ന് 37 ബോളുകളും ആറു വിക്കറ്റുകളും ബാക്കിനില്‍ക്കെ ടീമിന്റെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍
പാകിസ്താന്‍- മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ബാബര്‍ ആസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഷാന്‍ മസൂദ്, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്, നസീം ഷാ.
നെതര്‍ലാന്‍ഡ്‌സ്- സ്റ്റീഫന്‍ മൈബര്‍ഗ്, മാക്‌സ് ഒഡൗഡ്, ബാസ് ഡി ലീഡെ, കോളിന്‍ ആക്കര്‍മാന്‍, ടോം കൂപ്പര്‍, സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (ക്യാപ്റ്റന്‍), റോള്‍ഫ് വാന്‍ഡര്‍ മെര്‍വ്, ടിം പ്രിംഗിള്‍, ഫ്രെഡ് ക്ലാസെന്‍, ബ്രെന്‍ഡന്‍ ഗ്ലോവര്‍, പോള്‍ വാന്‍ മീക്കെറന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications