Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: മുന്‍നിര വീണാല്‍ ഇന്ത്യയുടെ കഥ കഴിഞ്ഞു! മുന്നറിയിപ്പുമായി മുന്‍താരം

ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ആദ്യ മത്സരത്തില്‍ ഇന്ത്യ നേരിടുന്നത് ചിരവൈരികളായ പാക്കിസ്ഥാനെയാണ്. കഴിഞ്ഞ ലോകകപ്പിലെ പരാജയത്തിന്റെ കണക്ക് തീര്‍ക്കുക ഇത്തവണ നല്ലൊരു തുടക്കം കുറിക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടുന്നത്. ക്രിക്കറ്റ് ലോകവും ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്.

നിലവില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ ഫോമിലുള്ള ടോപ് ഓര്‍ഡര്‍ ബാറ്റിംഗിലാണ്. ഇപ്പോഴിതാ ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് മുന്‍ നിര ബാറ്റര്‍മാരെക്കുറിച്ചും പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിലെ പ്രശ്‌നവും ജഡേജ ചൂണ്ടിക്കാണിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

മുന്‍നിര

മുന്‍നിരയിലെ വിക്കറ്റുകള്‍ നേരത്തെ തന്നെ നഷ്ടമായാല്‍ ഇന്ത്യ പതറുമെന്നാണ് അജയ് ജഡേജയുടെ വിലയിരുത്തല്‍. നിലവില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ഫോമിലാണ് എന്നാല്‍ പാക്കിസ്ഥാനെ പോലെ ശക്തമായൊരു പേസ് നിരയുള്ള ടീമിനെയാണ് ഇന്ത്യയ്ക്ക് ഇന്ന് നേരിടാനുള്ളതെന്ന് ജഡേജ പറയുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഷഹീന്‍ അഫ്രീദി നയിക്കുന്ന പാക് പേസ് നിരയുടെ മുന്നില്‍ ഇന്ത്യ അടിയറവ് വച്ചിരുന്നു. പത്ത് വിക്കറ്റിനായിരുന്നു അന്നത്തെ പരാജയം.

Also Read:വീരവാദം പറഞ്ഞ് പണി മേടിച്ചു!, അക്തര്‍ മുതല്‍ കോലിവരെ, ഈ സംഭവങ്ങള്‍ അറിയാമോ?

നേരത്തെ ഏകദിന ലോകകപ്പിന്റെ സെമിയില്‍ ന്യൂസിലന്‍ഡിന്റെ പേസ് നിരയ്ക്ക് മുന്നിലും ഇന്ത്യ വീണിരുന്നു. അതിനാല്‍ കളിയുടെ തുടക്കത്തില്‍ തന്നെ ലക്ഷ്യം കാണുന്ന പാക് ബൗളര്‍മാരുടെ മുന്നില്‍ ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണുള്ളത്.

മുന്‍നിര വീണാല്‍

''ഏത് ഫോര്‍മാറ്റാണെങ്കിലും മുന്‍നിര വീണാല്‍ കഥ മറക്കുന്ന ഇന്ത്യയെയാണ് കണ്ടിട്ടുള്ളത്. പാക്കിസ്ഥാന് അത് നടപ്പിലാക്കാനുള്ള കഴിവുണ്ട്. പാക്കിസ്ഥാന്റെ ഏറ്റവും മികച്ച ചാന്‍സ് ഇന്ത്യയുടെ വിക്കറ്റുകള്‍ വേഗത്തില്‍ വീഴ്ത്തുക എന്നതിലാണ്. അപ്പോഴാണ് ഇതൊരു മത്സരമായി മാറുക പോലും ചെയ്യുക'' ജഡേജ പറയുന്നു. ''നമ്മളുടെ ബൗളിംഗ് നിരയ്ക്ക് എതിരാളികളെ നേരത്തെ തളര്‍ത്താന്‍ സാധിച്ചെന്ന് വരില്ല, പ്രത്യേകിച്ചും അവര്‍ പ്രതിരോധിച്ച് കളിക്കുമ്പോള്‍'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ബുംറയുടെ അഭാവത്തില്‍

ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബൗളിംഗ് ദുര്‍ബലമാണ്. ഓസ്‌ട്രേലിയ്‌ക്കെതിരായ സന്നാഹ മത്സരത്തിലൂടെ ശക്തമായി തിരികെ വന്ന മുഹമ്മദ് ഷമിയിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും സംഘവും ബൗളിംഗിന്റെ ഉത്തരവാദിത്തം ഏല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഒരു വര്‍ഷത്തോളമായി ഷമി കളിയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. കഴിഞ്ഞ സന്നാഹ മത്സരത്തില്‍ തിരികെ വരാനും ഗംഭീര പ്രകടനം പുറത്തെടുക്കാനും ഷമിയ്ക്ക് സാധിച്ചിരുന്നു. പക്ഷെ അത് ഇന്ന് ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നത് കണ്ടറിയണം.

ഇന്ത്യയും പാക്കിസ്ഥാനും

ഇന്ത്യയും പാക്കിസ്ഥാനും ഗ്രൂപ്പ് സ്‌റ്റേജിലെ ആദ്യത്തെ മത്സരത്തിനാണ് ഇറങ്ങുന്നതെങ്കിലും അന്തരീക്ഷം ഫൈനലിന്റേതായിരിക്കുമെന്നുറപ്പാണ്. ഇരു ടീമുകളിലേയും താരങ്ങള്‍ തങ്ങളുടെ ഏറ്റവും മികച്ച ഗെയിം തന്നെ പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നുറപ്പണ്. പരുക്കള്‍ പോലും അവഗണിച്ച് ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും താരങ്ങള്‍ കളിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ പാക് ബൗളര്‍ നസീം ഷാ പരുക്കിനെ അവഗണിച്ച് കളിച്ചത് മറക്കാന്‍ സാധിക്കില്ല ആരാധകര്‍ക്ക്.

''എത്ര വേദനയിലും ആയിക്കൊള്ളട്ടെ, പാക്കിസ്ഥാന് എതിരെ ഇറങ്ങുമ്പോള്‍ എല്ലാം മറക്കും. ഇത് തന്നെയാണ് പാക്കിസ്ഥാന്‍ താരങ്ങളുടേയും അവസ്ഥ'' എന്നാണ് ഇന്ത്യ പാക് മത്സരത്തെക്കുറിച്ച് വീരേന്ദര്‍ സെവാഗ് പറഞ്ഞത്.

ഇന്ന് പാക്കിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യയെ സംബന്ധിച്ച് സന്നാഹ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസമുണ്ട്. ആതിഥേയരായ ഓസ്‌ട്രേലിയയെ ഇന്ത്യ ആറ് റണ്‍സിനായിരുന്നു സന്നാഹ മത്സരത്തില്‍ തോല്‍പ്പിച്ചത്. അവസാന ഓവറില്‍ മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. ഇന്ത്യന്‍ ബൗളിംഗിന് ഷമിയുടെ തിരിച്ചുവരവ് ഉണര്‍വ് പകര്‍ന്നിട്ടുണ്ട്.

ബാറ്റിംഗിലാണ് ഇന്ത്യയുടെ കരുത്ത് കിടക്കുന്നത്. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യ കുമാര്‍ യാദവ് എന്നിവരടങ്ങുന്ന മുന്‍നിര നല്ല ഫോമിലാണുള്ളത്. രാഹുല്‍ ആക്രമണത്തിലേക്ക് ചുവടുമാറ്റിയതോടെ തുടക്കത്തില്‍ തന്നെ റണ്‍റേറ്റ് ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. സൂര്യ കുമാര്‍ യാദവിന്റെ ഫോമും ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കുന്നുണ്ട്.

Story first published: Sunday, October 23, 2022, 12:11 [IST]
Other articles published on Oct 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+