T20 World Cup: ഇന്ത്യ ചോദിച്ചു വാങ്ങിയ തോല്‍വി- അഞ്ചു ചോദ്യങ്ങള്‍ക്കു കോലി ഉത്തരം നല്‍കണം!

ഐസിസിയുടെ ടി20 ലോകകപ്പില്‍ പാകിസ്താനോടു വന്‍ പരാജയമേറ്റു വാങ്ങിയതിന്റെ ഞെട്ടലിലാണ് ടീം ഇന്ത്യ. ലോകകപ്പില്‍ പാകിസ്താനെതിരേ 12-0ന്റെ വിജയ റെക്കോര്‍ഡുണ്ടായിരുന്ന ഇന്ത്യക്കു 13ാം തവണ പിഴച്ചിരിക്കുകയാണ്. ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുന്നതായിരുന്നു ബാബര്‍ ആസം നയിച്ച പാക് ടീമിന്റെ പ്രകടനം. ചിത്രത്തില്‍ ഒരിക്കല്‍പ്പോലും ഇന്ത്യ ഇല്ലായിരുന്നുവെന്നു തന്നെ പറയം. ആദ്യം ബാറ്റിങില്‍ ഫ്‌ളോപ്പായ ഇന്ത്യക്കു ബൗളിങിലും ഒന്നും ചെയ്യാനായില്ല.
ടീം സെലക്ഷനില്‍ ഇന്ത്യയുടെ ചില പാളിച്ചകളും പരാജയത്തിന് കാരണമായെന്നതില്‍ സംശയമില്ല. ശരിയായ ടീം കോമ്പിനേഷനായിരുന്നില്ല മല്‍സരത്തില്‍ ഇന്ത്യ പരീക്ഷിച്ചത്. പാകിസ്താനെതിരായ പോരാട്ടത്തിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ അഞ്ചു ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കേണ്ടതുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

ഹാര്‍ദിക് മുതല്‍ക്കൂട്ടോ, ബാധ്യതയോ?
ബാറ്റിങില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ കളിപ്പിക്കുന്ന 'ഓള്‍റൗണ്ടര്‍' ഹാര്‍ദിക് പാണ്ഡ്യ യഥാര്‍ഥത്തില്‍ ടീമിന് മുതല്‍ക്കൂട്ടാണോ, ബാധ്യതയാണോയെന്നു ടീം മാനേജ്‌മെന്റ് ഉത്തരം നല്‍കണം. ഫിറ്റ്‌നസും ഫോമും ഇല്ലാതിരുന്നിട്ടും പഴയ പ്രകടനങ്ങളുടെ പേരില്‍ മാത്രം ഹാര്‍ദിക്കിന് ഇന്ത്യ വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുകയാണ്. ഫിറ്റ്‌നസുള്ള ആറാം ബൗളറാക്കാവുന്ന ബാറ്റിങുമറിയുന്ന ശര്‍ദ്ദുല്‍ ടാക്കൂറിനേക്കാള്‍ കേമനാണോ ഹാര്‍ദിക്?
ഹാര്‍ദിക്കിന് ബൗള്‍ ചെയ്യാനാവില്ലെന്നു നേരത്തേ തന്നെ അറിയുന്ന കാര്യമാണ്. എന്നിട്ടും എന്തിനാണ് ശര്‍ദ്ദുലിനെ പുറത്തിരുത്തി പാകിസ്താനെതിരേ കളിപ്പിച്ചതെന്ന് ആരും ചോദിച്ചുപോവും. കഴിഞ്ഞ അഞ്ച് ഇന്നിങ്‌സുകളില്‍ ഹാര്‍ദിക്കിന്റെ ബാറ്റിങെടുക്കുകയാണെങ്കില്‍ 14*, 12*, 10, 5*, 17 എന്നിങ്ങനെയാണ് സ്‌കോറുകള്‍. ബാറ്റിങിലും അദ്ദേഹം ഫോമിലല്ലെന്നു ഇതിലൂടെ വ്യക്തവുമാണ്.

എവിടെ ഇഷാന്‍ കിഷന്‍?
തകര്‍പ്പന്‍ ഫോമിലുള്ള ഇഷാന്‍ കിഷനെ എന്തുകൊണ്ടാണ് പാകിസ്താനെതിരേ ഇന്ത്യ പുറത്തിരുത്തിയത്. ഹാര്‍ദിക്കിനെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് കളിപ്പിച്ചതെന്നു നായകന്‍ കോലി പറയുന്നു. അങ്ങനെയെങ്കില്‍ മിന്നുന്ന ഫോമിലുള്ള ഇഷാനായിരുന്നില്ലേ അദ്ദേഹത്തേക്കാള്‍ ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നത്.
അവസാനമായി കളിച്ച മൂന്ന് ഇന്നിങ്‌സുകളിലും ഇഷാന്‍ ഫിഫ്റ്റിയടിച്ചിരുന്നു. 50*, 84, 70 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍. അതുകൊണ്ടു തന്നെ തീര്‍ച്ചയായും ടീമില്‍ സ്ഥാനമര്‍ഹിച്ചിരുന്ന താരം കൂടിയായിരുന്നു ഇഷാന്‍.

ഇടംകൈയന്‍മാര്‍ക്കെതിരായ വീക്ക്‌നെസ്
ഉയരം കൂടിയ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ ഇന്ത്യയുടെ പല ബാറ്റ്‌സ്മാന്‍മാരുടെ വീക്ക്‌നെസ് നേരത്തേ അറിയാവുന്ന കാര്യമാണ്. ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ പാകിസ്താനെതിരായ മല്‍സരത്തിനു മുമ്പ് 13 തവണ ഇടംകൈയന്‍മാരുടെ ബൗളിങില്‍ പുറത്തായിട്ടുണ്ട്. സൂര്യകുമാര്‍ 12 തവണയും വിരാട് കോലി ഒമ്പതു തവണയും വിക്കറ്റ് നഷ്ടപ്പെടുത്തി. ഈ കണക്കുകള്‍ മുന്നിലുണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് പാക് ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീഡിക്കെതിരേ മതിയായ തയ്യാറെടുപ്പ് നടത്താതെ ഇന്ത്യ കളിച്ചത്. രോഹിത്, രാഹുല്‍, കോലി എന്നിവരെയെല്ലാം പുറത്താക്കിയത് ഷഹീനാണ്.
ഇന്ത്യക്കു നിലവില്‍ മികച്ച ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാരില്ലെന്നതു സത്യമാണ്. എങ്കിലും ഐപിഎല്ലില്‍ തിളങ്ങിയ അര്‍ഷ്ദീപ് സിങിനെപ്പോലെയുള്ളവരെ ബൗളിങ് സംഘത്തില്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു നന്നായി തയ്യാറെടുക്കാമായിരുന്നു.

ഭുവിയെ എന്തിന് കളിപ്പിക്കുന്നു?
ഒരു കാലത്ത് ഇന്ത്യയുടെ ഏറ്റവും അപകടകാരിയായ സ്വിങ് ബൗളറായിരുന്നു ഭുവനേശ്വര്‍ കുമാറെന്നത് ആരും സമ്മതിക്കും. പക്ഷെ ഭുവിയുടെ ബൗളിങിന് ഇപ്പോള്‍ പഴയ മൂര്‍ച്ചയില്ല. ഫിറ്റ്‌നസില്ലായ്മയും ആത്മവിശ്വാസക്കുറവുമെല്ലാം അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ഇപ്പോള്‍ കാണാം.
ഈ സീസണിലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി കളിച്ച ഭുവിക്കു ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. 11 മല്‍സരങ്ങളില്‍ നിന്നും 7.97 ഇക്കോണമി റേറ്റില്‍ വെറും ആറു വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. പാകിസ്താനെതിരായ മല്‍സരത്തിലും ഭുവിക്കു ഒന്നും ചെയ്യാനായില്ല. ആദ്യ ഓവര്‍ തന്നെ കോലി അദ്ദേഹത്തെ ഏല്‍പ്പിച്ചെങ്കിലും പാക് ഓപ്പണിങ് ജോടികളായ ബാബര്‍ ആസവും മുഹമ്മദ് റിസ്വാനും ഒരു വെല്ലുവിളിയും സൃഷ്ടിക്കാന്‍ ഭുവിക്കായില്ല.

അശ്വിനെ എന്തുകൊണ്ട് കളിപ്പിച്ചില്ല?
ലോകകപ്പിനുള്ള ഇന്ത്യന്‍ സ്പിന്നര്‍മാരുടെ നിരയില്‍ ഏറ്റവുമധികം അനുഭവസമ്പത്തുള്ള താരമാണ് ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. എന്നിട്ടും പാകിസ്താനെപ്പോലെ ഒരു കരുത്തരായ ടീമിനെതിരേ എന്തുകൊണ്ട് അദ്ദേഹത്തെ ഇന്ത്യ കളിപ്പിച്ചില്ല? നേരത്തേ നടന്ന രണ്ടു സന്നാഹങ്ങളിലും അശ്വിന്‍ തിളങ്ങിയിരുന്നു. ഓസ്‌ട്രേലിയക്കെതിരേ രണ്ടോവറില്‍ എട്ടു റണ്‍സിന് രണ്ടു വിക്കറ്റുകളുമെടുത്തിരുന്നു. എനിട്ടും അശ്വിനെ ഒഴിവാക്കി കന്നി ലോകകപ്പ് കളിക്കുന്ന വരുണ്‍ ചക്രവര്‍ത്തിക്കു ഇന്ത്യ അവസരം നല്‍കിയത് അംഗീകരിക്കാന്‍ കഴിയില്ല. ഇത്രയുമധികം സമ്മര്‍ദ്ദമുള്ള ഒരു പോരാട്ടത്തില്‍ അശ്വിന്‍ തന്നെയായിരുന്നു ഏറ്റവും മികച്ച ഓപ്ഷന്‍. എന്നിട്ടും വരുണില്‍ ഇന്ത്യ അമിതപ്രതീക്ഷ വച്ചത് ആശ്ചര്യകരമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications