Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യ x പാക് പോരിന്റെ വിധിയെന്താവും? ഇവര്‍ തമ്മിലുള്ള 'വിജയി' തീരുമാനിക്കും

ടി20 ലോകകപ്പില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ടൂര്‍ണമെന്റിന്റെ ഫൈനലിനേക്കാള്‍ വലിയ മല്‍സരമായി ഇതിനകം ഇന്ത്യ- പാക് അങ്കം മാറിക്കഴിഞ്ഞു. സൂപ്പര്‍ 12ല്‍ ഇരുടീമുകളുടെയും ആദ്യത്തെ മല്‍സരം കൂടിയാണിത്. ടി20 ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ ഇതു ആറാം തവണയാണ് ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നത്. നേരത്തേ നടന്ന അഞ്ചു മല്‍സരങ്ങളിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

ഏകദിന ലോകകപ്പിലും അപരാജിത റെക്കോര്‍ഡാണ് പാകിസ്താനെതിരേ ഇന്ത്യയുടേത്. ഏഴു തവണ ഏറ്റുമുട്ടിയപ്പോഴും പാകിസ്താന്റെ കഥ കഴിക്കാന്‍ ഇന്ത്യക്കായിരുന്നു. ലോകകപ്പില്‍ പാകിസ്താനെതിരേ തങ്ങളുടെ അപരാജിത റെക്കോര്‍ഡ് കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ഇന്ത്യ ഒരിക്കല്‍ക്കൂടി ഇറങ്ങുന്നത്. രണ്ടു ടീമുകളിലെയും ചില താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയായിരിക്കും മല്‍സരിവിധി നിര്‍ണയിക്കുക. ഇത് ഏതൊക്കെയാണെന്നറിയാം.

 രോഹിത് ശര്‍മ vs ഷഹീന്‍ അഫ്രീഡി

രോഹിത് ശര്‍മ vs ഷഹീന്‍ അഫ്രീഡി

ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയും പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ ഷഹീന്‍ അഫ്രീഡിയും തമ്മിലുള്ള പോരാട്ടം മല്‍സരഫലത്തില്‍ നിര്‍ണായാകമാവും. ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ കൂടിയായ ഷഹീന്‍ നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ യുവ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാള്‍ കൂടിയാണ്. 2019ലെ ഏകദിന ലോകകകപ്പിലായിരുന്നു ഇന്ത്യയും പാകിസ്താനും അവസാനമായി നേര്‍ക്കുനേര്‍ വന്നത്. അന്നു ഉജ്ജ്വല സെഞ്ച്വറിയുമായി ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചത് രോഹിത്തായിരുന്നു.
അടുത്തിടെ കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി അത്ര മികച്ച പ്രകടനമായിരുന്നില്ല ക്യാപ്റ്റന്‍ കൂടിയായ ഹിറ്റ്മാന്റേത്. ആറു മല്‍സങ്ങളില്‍ നിന്നും 131 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിരുന്നുള്ളൂ. എന്നാല്‍ അവസാനമായി ഓസ്‌ട്രേലിയക്കെതിരേ നടന്ന സന്നാഹ മല്‍സരത്തില്‍ 41 ബോളില്‍ 61 റണ്‍സുമായി രോഹിത് ഫോം വീണ്ടെടുത്തിരുന്നു.
ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ അത്ര മികച്ച റെക്കോര്‍ഡല്ല രോഹിത്തിന്റേത്. അതുകൊണ്ടു തന്നെ ഷഹീന്‍ അഫ്രീഡിയെ അദ്ദേഹം ഭയക്കണം. നേരത്തേ മുന്‍ പാക് പേസര്‍ മുഹമ്മദ് ആമിര്‍, ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ക്കെതിരേയെല്ലാം രോഹിത് റണ്ണെടുക്കാന്‍ വിഷമിച്ചിട്ടുണ്ട്. ഇത്തവണ ഷഹീനെതിരേ അദ്ദേഹം പിടിച്ചുനില്‍ക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്.

 ഫഖര്‍ സമാന്‍ vs ജസ്പ്രീത് ബുംറ

ഫഖര്‍ സമാന്‍ vs ജസ്പ്രീത് ബുംറ

പാകിസ്താന്‍ നിരയില്‍ മികച്ച ഫോമിലുള്ള ബാറ്റ്‌സ്മാന്‍ ഫഖര്‍ സമാനും ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും തമ്മിലുള്ള പോരാട്ടവും മല്‍സരവിധിയെ സ്വാധീനിക്കും. 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയുടെ കഥ കഴിച്ച താരം കൂടിയാണ് സമാന്‍. അന്നു തകര്‍പ്പന്‍ സെഞ്ച്വറി നേടിയ അദ്ദേഹത്തിന്റെ മികവിലായിരുന്നു വന്‍ മാര്‍ജിനില്‍ ജയിച്ച പാകിസ്താന്‍ ജേതാക്കളായത്. അന്നു സമാനെ കളിയുടെ തുടക്കത്തില്‍ മികച്ചൊരു ബോളിലൂടെ ബുംറ പുറത്താക്കിയിരുന്നു. പക്ഷെ അതു നോ ബോള്‍ വിളിക്കപ്പെട്ടതാണ് കളിയിലെ ടേണിങ് പോയിന്റായത്. ആയുസ്സ് നീട്ടിക്കിട്ടിയ സമാന്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി പാകിസ്താന്റെ ഹീറോയാവുകയും ചെയ്തു. ബുംറയെ വളരെ അനായസമായിരുന്നു അന്നു അദ്ദേഹം നേരിട്ടത്. 2019ലെ ഏകദിന ലോകകപ്പിലും സമാന് ഭീഷണിയുയര്‍ത്താന്‍ ബുംറയ്ക്കായില്ല. വളരെ അനായാസമാണ് അന്നു അദ്ദേഹം ബുംറയ്‌ക്കെതിരേ ഷോട്ടുകള്‍ പായിച്ചത്.
ടി20 ലോകകപ്പിനുള്ള പാക് ടീമിനെ ആദ്യം പ്രഖ്യാപിച്ചപ്പോള്‍ സമാനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് അദ്ദേഹത്തെ ടീമിലേക്കു ഉള്‍ക്കൊള്ളിക്കുകയായിരുന്നു. രണ്ടു സന്നാഹ മല്‍സരങ്ങളിലും തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ച സമാന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിവയ്ക്കുകയും ചെയ്തു. ഇന്ത്യക്കെതിരേയും ഈ ഫോം ആവര്‍ത്തിക്കാനായിരിക്കും ഇനി 31 കാരന്റെ ശ്രമം.

 വിരാട് കോലി vs ഷദാബ് ഖാന്‍

വിരാട് കോലി vs ഷദാബ് ഖാന്‍

ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയും പാകിസ്താന്‍ ലെഗ് സ്പിന്നര്‍ ഷദാബ് ഖാനും തമ്മിലുള്ള കൊമ്പുകോര്‍ക്കലാണ് ശ്രദ്ധിക്കേണ്ട മറ്റൊരു പോരാട്ടം. കോലി ഇപ്പോള്‍ പഴയ ഫോമിലല്ല. റണ്‍സ് വാരിക്കൂട്ടുന്ന പഴയ കോലിയെയല്ല കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി നമ്മള്‍ കാണുന്നത്. 2019നു ശേഷം ഒരു ഫോര്‍മാറ്റിലും അദ്ദേഹത്തിനു സെഞ്ച്വറി നേടാനായിട്ടില്ല.
ഇത്തവണത്തെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം കോലി പഴയ ഫോമിലേക്കു മടങ്ങിയെത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. ഇനി ലോകകപ്പിലെങ്കിലും അദ്ദേഹം താളം വീണ്ടെടുക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ലോകകപ്പിനു മുമ്പ് കളിച്ച സന്നാഹത്തില്‍ ഇംഗ്ലണ്ടിനെതിരേ കോലി ബാറ്റിങില്‍ തിളങ്ങിയിരുന്നില്ല.
മധ്യഓവറുകളില്‍ കോലി ഇപ്പോള്‍ പതറുന്നതാണ് സ്ഥിരമായി കാണുന്നത്. വലിയ ഷോട്ടുകള്‍ കളിക്കാനും അദ്ദേഹത്തിനാവുന്നില്ല. ഐപിഎല്ലില്‍ യുഎഇയിലെ സ്ലോ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരേ പ്രതിരോധത്തിലൂന്നിയാണ് കോലി ബാറ്റ് ചെയ്തത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനെതിരേ പാകിസ്താന്‍ പരീക്ഷിക്കാനിടയുള്ള താരമാണ് ഷദാബ്. കോലിക്കു അദ്ദേഹത്തെ അതിജീവിക്കാനാവുമോയെന്നതാണ് ചോദ്യം. ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ കോലിയുടെ മോശം റെക്കോര്‍ഡും ഷദാബിന് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. ടി20യില്‍ 53 മല്‍സരങ്ങളില്‍ നിന്നും 7.4 ഇക്കോണമി റേറ്റില്‍ 58 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

Story first published: Sunday, October 24, 2021, 15:38 [IST]
Other articles published on Oct 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+