T20 World Cup: അന്നത്തെ 5-0 മറക്കരുത്, ഇന്ത്യ ജയിക്കും! പിന്തുണയുമായി ഗവാസ്‌കര്‍

ഐസിസിയുടെ ടി20 ലോകകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരേ ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങുന്ന ഇന്ത്യക്കു പിന്തുണയുമായി മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. സെമി ഫൈനല്‍ പ്രതീക്ഷ കാക്കാന്‍ വിജയിച്ചേ തീരൂവെന്ന വെല്ലുവിൡയുമായാണ് ഇരുടീമുകളും ഇറങ്ങുന്നത്. ഈ കളിയില്‍ ഇന്ത്യക്കു ജയിക്കാനാവുമെന്നും കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ ടി20 പരമ്പര തൂത്തുവാരിയത് മറക്കരുതെന്നും ഗവാസ്‌കര്‍ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനോടു തോറ്റതിന്റെ നിരാശയിലാണ് ഇന്ത്യ. ബാബര്‍ ആസം നയിച്ച പാക് പട പത്തു വിക്കറ്റിന് വാരിക്കളയുകയായിരുന്നു. ഈ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരിക്കും കിവീസിനെതിരേ ഇന്ത്യയിറങ്ങുന്നത്. മറുഭാഗത്ത് ന്യൂസിലാന്‍ഡിനും ഇന്ത്യക്കെതിരേ വിജയിക്കേണ്ടതുണ്ട്. ആദ്യ കളിയില്‍ അവരും പാകിസ്താനോടു തോറ്റിരുന്നു.

ഇന്ത്യയുടെ 5-0ന്റെ വിജയം
2020ല്‍ ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയിരുന്നു. അന്നു അഞ്ചു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരി ഇന്ത്യ ചരിത്രം കുറിച്ചിരുന്നു. ഈ പരമ്പരനേട്ടത്തെക്കുറിച്ചാണ് ഗവാസ്‌കര്‍ ഓര്‍മിപ്പിച്ചിരിക്കുന്നത്.
ന്യൂസിലാന്‍ഡ് എല്ലായ്‌പ്പോഴും സന്തുലിതമായ ടീമാണ്. പോരാട്ടവീര്യമുള്ള അവര്‍ കീഴടങ്ങാന്‍ മനസ്സില്ലാത്തവരാണ്. അതുകൊണ്ടു തന്നെ അവരുമായി കളിക്കുമ്പോള്‍ ശ്രദ്ധിക്കണം. ന്യൂസിലാന്‍ഡിനെതിരായ ഒരു മല്‍സരവും എളുപ്പമായിരിക്കില്ല. രണ്ടു കളികള്‍ സൂപ്പര്‍ ഓവറിലേക്കു നീണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം അവരെ ഇന്ത്യ ടി20 പരമ്പരയില്‍ 5-0ന് തൂത്തുവാരിയത് മറക്കരുത്. ആത്മവിശ്വാസമുയര്‍ത്തുന്നതിനു വേണ്ടി ഈ വിജയവും ഇന്ത്യ പരിഗണനയിലെടുത്തേക്കുമെന്നും ഗവാസ്‌കര്‍ വിശദമാക്കി.

ഇന്ത്യയുടേത് മികച്ച ടീം
പാകിസ്താനെതിരായ കളിയിലെ ഒരു പരാജയത്തിന്റെ പേരില്‍ മാത്രം ഇന്ത്യയെ എഴുതിത്തള്ളരുതെന്ന് ഗവാസ്‌കര്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടേത് വളരെ മികച്ച സംഘമാണ്. ഒരു കളിയില്‍ തോറ്റതു കൊണ്ട് അവര്‍ മോശം ടീമാവുകയില്ല.
അടുത്ത മല്‍സരങ്ങളില്‍ വിജയിച്ച് സെമി ഫൈനലിലേക്കു യോഗ്യത നേടാനുള്ള കഴിവ് ഈ ടീമിനുണ്ട്. മാത്രമല്ല ലോക കിരീടവും സ്വന്തമാക്കാന്‍ വിരാട് കോലിക്കും സംഘത്തിനുമാവും. നന്നായി പെര്‍ഫോം ചെയ്യാത്തതിന്റെ പേരില്‍ അവര്‍ മോശം ടീമാണെന്ന് അര്‍ഥമില്ലെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

കിരീടം ഇന്ത്യക്ക്
ഇന്ത്യയുടേത് ചാംപ്യന്‍ ടീമാണ്. തങ്ങളുടെ കഴിവ് എന്താണെന്ന് ലോകത്തിനു കാണിച്ചു കൊടുക്കൂയെന്നാണ് ഞാന്‍ അവരോടു പറയാന്‍ ആഗ്രഹിക്കുന്നത്. ഈയൊരു പാറ്റേണ്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നതാണ്. ഏറ്റവും താഴെ നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പ് നടത്തി ഇന്ത്യ മുകളിലേക്കു വരുന്നത് നമ്മള്‍ പല തവണ കണ്ടുവെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവുകള്‍ നമ്മള്‍ കണ്ടതാണ്. ഈ പരമ്പരകളില്‍ കളിച്ച ഭൂരിഭാഗം പേരും നമ്മുടെ ലോകകപ്പ് ടീമിലുമുണ്ട്. ഈ ഇന്ത്യന്‍ ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്നും കിരീടം നേടുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. നവംബര്‍ 14ന് നടക്കുന്ന ഫൈനലിലും വിജയിച്ച് നമ്മള്‍ കിരീടമുയര്‍ത്തുമെന്നാണ് തന്റെ വിശ്വാസമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ടി20യില്‍ ഒപ്പത്തിനൊപ്പം
ടി20 ഫോര്‍മാറ്റില്‍ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ഒപ്പത്തിനൊപ്പമാണ്. 17 മല്‍സരങ്ങളില്‍ ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയപ്പോള്‍ എട്ടു ജയം വീതം പങ്കിടുകയായിരുന്നു. ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ കീവിസിനെതിരേ ഇന്ത്യയുടെ റെക്കോര്‍ഡ് വളരെ മോശമാണ്.
2003ലെ ഏകദിന ലോകകപ്പിനു ശേഷം ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിട്ടില്ല. ടി20 ലോകകപ്പില്‍ രണ്ടു തവണ കൊമ്പുകോര്‍ത്തപ്പോഴും വിജയം ന്യൂസിലാന്‍ഡിനായിരുന്നു. ഏറ്റവും അവസാനമായി ഈ വര്‍ഷം ജൂണില്‍ ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെ എട്ടു വിക്കറ്റിനു കശാപ്പ് ചെയ്തിരുന്നു. 2019ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലും കിവികള്‍ക്കു മുന്നില്‍ ഇന്ത്യ മുട്ടുമടക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications