
ഐസിസിയുടെ ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്താന്‍ ക്ലാസിക് പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പനയ്‌ക്കെത്തി മണിക്കൂറുകള്‍ക്കം വിറ്റു തീര്‍ന്നു. ഈ മാസം 24നാണ് ലോകകപ്പില്‍ ചിരവൈരികള്‍ കൊമ്പുകോര്‍ക്കുന്നത്. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ. സൂപ്പര്‍ 12ല്‍ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഇത്തവണ ഉള്‍പ്പെട്ടിട്ടുള്ളത്. മാത്രമല്ല ആദ്യമല്‍സരവും ഇരുവരും തമ്മിലാണ്. ടിക്കറ്റ് വില്‍പ്പനയ്‌ക്കെത്തിയപ്പോള്‍ വന്‍ ഡിമാന്റാണ് പതിവുപോലെ ക്രിക്കറ്റ് പ്രേമികളില്‍ നിന്നുണ്ടായത്. ഇതേ തുടര്‍ന്നു മണിക്കൂറുകള്‍ക്കുള്ളില്‍ മുഴുവന്‍ ടിക്കറ്റുകളും തീരുകയും ചെയ്തു. ലോകകപ്പില്‍ 70 ശതമാനം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുമെന്നു ഐസിസി നേരത്തേ അറിയിച്ചിരുന്നു.
25,000 കാണികളെ ഉള്‍ക്കൊള്ളാവുന്നതാണ് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം. 70 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് ഐസിസി വ്യക്തമാക്കിയതോടെ 18,500 കാണികള്‍ക്കു സ്‌റ്റേഡിയത്തിലിരുന്ന് കളി കാണാന്‍ കഴിയും. 2016നു ശേഷം ആദ്യമായിട്ടാണ് ഇന്ത്യയും പാകിസ്താനും ഒരു ടി20 മല്‍സരത്തില്‍ കൊമ്പുകോര്‍ക്കുന്നത്. അതുകൊണ്ടു തന്നെ ക്രിക്കറ്റ് ലോകം മുഴുവന്‍ വലിയ ആകാംക്ഷയോടെയാണ് ലോകകപ്പ് പോരാട്ടത്തെ കാത്തിരിക്കുന്നത്. അവസാനമായി 2016ല്‍ കൊല്‍ക്കത്തയില്‍ നടന്ന ടി20 ലോകകപ്പ് മല്‍സരത്തിലായിരുന്നു ചിരവൈരികളുടെ ഏറ്റുമുട്ടല്‍. അന്നു ഇന്ത്യ ജയിക്കുകയും ചെയ്തിരുന്നു. ലോകകപ്പില്‍ ഇതുവരെ പാകിസ്താനോടു തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാന്‍ ഇത്തവണയും ഇന്ത്യക്കു കഴിയുമോയെന്നതാണ് ചോദ്യം.

ഇന്ത്യ- പാക് മല്‍സരത്തിനുള്ള ടിക്കറ്റുകള്‍ ജനറല്‍, ജനറല്‍ ഈസ്റ്റ്, പ്രീമിയം, പവലിയന്‍ ഈസ്റ്റ്, പ്ലാറ്റിനം എന്നിങ്ങനെ കാറ്റഗറികളായി തിരിച്ചായിരുന്നു വില്‍പ്പനയ്ക്കുണ്ടായിരുന്നത്. ഐസിസിയുടെ വെബ്‌സൈറ്റ് വഴിയായിരുന്നു ടിക്കറ്റ് വില്‍പ്പന നടന്നത്. മല്‍സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചെന്നു ഐസിസി പ്രഖ്യാപിച്ച് സെക്കന്റുകള്‍ക്കം തന്നെ ക്രിക്കറ്റ് പ്രേമികള്‍ സൈറ്റിലേക്കു ഇടിച്ചുകയറുകയായിരുന്നു. ഞായറാഴ്ച രാത്രിയാവുമ്പോള്‍ പ്രീമിയം, പ്ലാറ്റിനം ടിക്കറ്റുകളൊഴികെ മറ്റെല്ലാം വിറ്റു തീര്‍ന്നിരുന്നു. തിങ്കളാഴ്ച രാവിലെയായപ്പോഴേക്കും ഇവയും കാലിയാവുകയായിരുന്നു. പ്രീമിയം ടിക്കറ്റിന്റെ വില 30,000 രൂപയില്‍ കൂടുതലും പ്ലാറ്റിനം ടിക്കറ്റിന്റേത് ഏകദേശം 52,500 രൂപയുമായിരുന്നു.
ഇന്ത്യയും പാകിസ്താനും ലോകകപ്പില്‍ സൂപ്പര്‍ 12ലേക്കു നേരിട്ടു യോഗ്യത നേടിയിട്ടുണ്ട്. ഗ്രൂപ്പ് രണ്ടിലാണ് ഇരുടീമുകളും ഉള്‍പ്പെട്ടിരിക്കുന്നത്. ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കൊപ്പം യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ട ടീമുകള്‍ കൂടി ഗ്രൂപ്പിലെത്തും. ഗ്രൂപ്പ് ഒന്നില്‍ നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ ചാംപ്യന്മാരായ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക തുടങ്ങിയ വമ്പന്‍മാരോടൊപ്പം യോഗ്യത നേടുന്ന രണ്ടു ടീമുകള്‍ കൂടി മാറ്റുരയ്ക്കും.
ഇന്ത്യയുടെ ലോകകപ്പ് ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചാഹര്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.
റിസര്‍വ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍.
പാകിസ്താന്റെ ലോകകപ്പ് ടീം
ബാബര്‍ ആസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍, ആസിഫ് അലി, അസം ഖാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഇമാദ് വസീം, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്നെയ്ന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം, ഷഹീന്‍ അഫ്രീഡി, സൊഹെയ്ബ് മഖ്സൂദ്.
റിസര്‍വ് കളിക്കാര്‍- ഷാനവാസ് ധനി, ഉസ്മാന്‍ ഖാദിര്‍, ഫഖര്‍ സമാന്‍.