T20 World Cup: പാകിസ്താനെതിരേ ഇന്ത്യ ഒരു കാര്യം മിസ്സ് ചെയ്തു!- ചൂണ്ടിക്കാട്ടി സഹീര്‍ ഖാന്‍

ദുബായ്: ഐസിസിയുടെ ടി20 ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനോടേറ്റ ഷോക്ക് ട്രീറ്റ്‌മെന്റിന്റെ ഞെട്ടലിലാണ് ടീം ഇന്ത്യയും ആരാധകരും. ഇതുവരെ തങ്ങളെ തോല്‍പ്പിച്ചിട്ടില്ലാത്ത പാക് ടീമില്‍ നിന്നും ഇങ്ങനെയൊരു പ്രഹരം ഇന്ത്യയുടെ സ്വപ്‌നത്തില്‍ പോലുമില്ലായിരുന്നു. പത്തു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമായിരുന്നു ബാബര്‍ ആസമിനു കീഴില്‍ പാക് ടീം സ്വന്തമാക്കിയത്. ടി20, ഏകദിന ലോകകകപ്പുകളിലായി മുമ്പ് 12 തവണ ഏറ്റുമുട്ടിയപ്പോഴും പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. പക്ഷെ 13ാം തവണ ഭാഗ്യം പാകിസ്താനോടൊപ്പം നില്‍ക്കുകയായിരുന്നു.
പാകിസ്താനെതിരായ മല്‍സരത്തില്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ ഒരു പിഴവ് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍. പാക് ടീമിന്റേത് ആധികാരിക പ്രകടനം തന്നെയായിരുന്നെങ്കിലും ഇന്ത്യക്കു ഒരു കാര്യത്തില്‍ വ്യത്യസ്തമായി ചെയ്യാമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് അദ്ദേഹം.

ബുംറയെ വ്യത്യസ്തമായി ഉപയോഗിക്കാമായിരുന്നു
ബൗളിങില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായ ജസ്പ്രീത് ബുംറയെ പാകിസ്താനെതിരേ വ്യത്യസ്തമായി ഉപയോഗിക്കാമായിരുന്നുവെന്നു സഹീര്‍ ചൂണ്ടിക്കാട്ടി. ബുംറയെ ഇന്ത്യ പൂര്‍ണമായി ഉപയോഗിച്ചതായി തനിക്കു തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓരോ മല്‍സരത്തിനു മുമ്പും നിങ്ങള്‍ക്കു കൃത്യമായ പ്ലാനുണ്ടായിരിക്കും. കളി തുടങ്ങിയാല്‍ ടീം അതുമായിട്ടായിരിക്കും മുന്നോട്ടുപോവുന്നത്. നേരത്തേ പ്ലാന്‍ ചെയ്തതില്‍ ചില മാറ്റങ്ങള്‍ സാഹചര്യം അനുസരിച്ച് ചിലപ്പോള്‍ മാറ്റേണ്ടി വന്നേക്കാം. ബുംറയെ ഇന്ത്യക്കു വ്യത്യസ്തമായി ഉപയോഗിക്കമായിരുന്നുവെന്നു തോന്നുന്നു. മല്‍സരം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ പൂര്‍ണമായി ഉപയോഗിക്കുമ്പോഴേക്കും മല്‍സരം അവസാനിക്കുകയും ചെയ്തതായും സഹീര്‍ നിരീക്ഷിച്ചു.

തുടക്കത്തില്‍ തന്നെ ബൗള്‍ ചെയ്യിക്കാമായിരുന്നു
തുറുപ്പുചീട്ടായ ജസ്പ്രീത് ബുംറയെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു തുടക്കത്തില്‍ തന്നെ ബോള്‍ ഏല്‍പ്പിക്കമായിരുന്നു. ഗെയിമിന്റെ മൂന്നാം ഓവറിലാണ് ബുംറ പന്തെറിയാനെത്തിയത്. പകരം ഭുവനേശ്വര്‍ കുമാറിനു പകരം ബുറയെക്കൊണ്ട് ആദ്യ ഓവര്‍ ബൗള്‍ ചെയ്യിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ഇന്ത്യക്കു നേരിയ പ്രതീക്ഷയ്ക്കു വകയുണ്ടായിരുന്നുവെന്നും സഹീര്‍ വിലയിരുത്തി.
പക്ഷെ ഇത്തരം കാര്യങ്ങള്‍ വൈകി ഉദിക്കുന്ന ബുദ്ധിയാണ്. ചില സമയങ്ങളില്‍ നേരത്തേ തയ്യാറാക്കിയ തന്ത്രങ്ങളില്‍ ഉറച്ചുനില്‍ക്കേണ്ടി വരും. ഇന്നിങ്‌സ് ബ്രേക്കിനിടെ ചിലപ്പോള്‍ ഇതേക്കുറിച്ച് ആലോചിച്ചിട്ടുണ്ടാവാം. പക്ഷെ പഴയ പ്ലാനില്‍ തന്നെ ഉറച്ചുനിന്നതാവാം. പാകിസ്താന്റെ രണ്ട് ഓപ്പണര്‍മാരും ഇന്നിങ്‌സ് മുഴുവന്‍ ബാറ്റ് ചെയ്യുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ലെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.

മഞ്ഞുവീഴ്ച നിര്‍ണായകമായി
പാകിസ്താനെതിരേയുള്ള മല്‍സരത്തില്‍ റണ്‍ചേസില്‍ മഞ്ഞുവീഴ്ചയും നിര്‍ണായകമായെന്നു സഹീര്‍ അഭിപ്രായപ്പെട്ടു. തീര്‍ച്ചയായും മഞ്ഞുവീഴ്ചയും മല്‍സരഫലത്തെ സ്വാധീനിച്ചിട്ടുണ്ടെന്നു കാണാം. മഞ്ഞുവീഴ്ചയും കളിയെ ബാധിക്കുമെന്ന് അറിഞ്ഞുകളിഞ്ഞാല്‍ നിങ്ങളുടെ സ്‌കോര്‍ ബോര്‍ഡില്‍ സാധാരണത്തേതിനേക്കാള്‍ 20-25 റണ്‍സ് കൂടുതല്‍ ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ ആദ്യം ബാറ്റ് ചെയ്താല്‍ എതിര്‍ ടീമിനു മേല്‍ മുന്‍തൂക്കം നേടാന്‍ സാധിക്കുകയുള്ളൂവെന്നും സഹീര്‍ വ്യക്തമാക്കി.
പാകിസ്താനെതിരായ കളിയില്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ വേണ്ടത്ര റണ്‍സില്ലായിരുന്നു. പക്ഷെ കളിയിലുടനീളം പാക് ടീമിനായിരുന്നു ആധിപത്യം. മല്‍സരം നിയന്ത്രിച്ചത് അവരാണെന്നു പറയേണ്ടി വരും. കൃത്യമായ ഉദ്ദേശ്യത്തോടെയായിരുന്നു അവര്‍ കളിച്ചത്. ഇന്ത്യയാവട്ടെ എല്ലായ്‌പ്പോഴും ഈ മല്‍സരത്തില്‍ പിടിച്ചുനില്‍ക്കാനാണ് ശ്രമിച്ചതെന്നും സഹീര്‍ വിശദമാക്കി.

അനായാസം പാകിസ്താന്‍
ഇന്ത്യയും പാകിസ്താനും തമ്മില്‍ നേരത്തേ മുഖാമുഖം വന്നപ്പോഴെല്ലാം പോരാട്ടം തീപാറിയിരുന്നു. പക്ഷെ ഇത്തവണ അനായാസമാണ് പാക് ടീം ജയിച്ചുകയറിയത്. 152 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു പാകിസ്താന് ഇന്ത്യ നല്‍കിയത്. മറുപടിയില്‍ 17.5 ഓവറില്‍ തന്നെ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ പാകിസ്താന്‍ വിജയത്തിലെത്തുകയായിരുന്നു. മുഹമ്മദ് റിസ്വാന്‍ (79*), ക്യാപ്റ്റന്‍ ബാബര്‍ ആസം (68*) എന്നിവരുടെ ഇന്നിങ്‌സുകള്‍ പാക് വിജയം എളുപ്പമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications