
ഇപ്പോഴിതാ അശ്വിനെ ഇന്ത്യ എന്തുകൊണ്ട് കളിപ്പിക്കുന്നില്ല എന്നതില്‍ അന്വേഷണം നടത്തേണ്ടതായുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്‌സര്‍ക്കാര്‍. 'അശ്വിനെ എന്തുകൊണ്ട് ഇതുവരെയായും കളിപ്പിച്ചില്ല. ഇത് അന്വേഷിക്കേണ്ട കാര്യമാണ്. ഏത് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറാണ് അശ്വിന്‍. 600ലധികം അന്താരാഷ്ട്ര വിക്കറ്റുകള്‍ അശ്വിന്റെ പേരിലുണ്ട്. സീനിയര്‍ സ്പിന്നറായിട്ടും അശ്വിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കുന്നില്ല. എനിക്കത് മനസിലാക്കാനാവുന്നില്ല. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലും ഒരു മത്സരത്തില്‍ പോലും അവന്‍ കളിച്ചില്ല. പിന്നെ എന്തിനാണ് അവനെ ടീമിലേക്ക് പരിഗണിച്ചത്. എനിക്ക് അത്ഭുതം തോന്നുന്നു. ഇത് അന്വേഷിക്കേണ്ട കാര്യം തന്നെയാണ്'-പിടി ഐയോട് സംസാരിക്കവെ ദിലീപ് വെങ്‌സര്‍ക്കാര്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമിന്റെ ശരീര ഭാഷയാണ് എല്ലാവരെയും നിരാശപ്പെടുത്തുന്നത്. തോറ്റവരുടെ മനോഭാവത്തോടെയാണ് ഇന്ത്യ കളിക്കുന്നത്. ഒരു തരത്തിലുള്ള പോരാട്ടവും ഇന്ത്യ നടത്തുന്നില്ല. വിരാട് കോലിയില്‍ നിന്ന് ആക്രമണോത്സുകത കാണുന്നില്ല. ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ലെന്ന് പറയാം. പേരുകേട്ട ബാറ്റ്‌സ്മാന്‍മാരുടെ നീണ്ടനിരയാണെങ്കിലും ആര്‍ക്കും അവസരത്തിനൊത്ത് ഉയരാനാവുന്നില്ല.

ഇത്രയും നീണ്ട ദിവസം ഇത്രയും മോശമായ ശരീരഭാഷ താരങ്ങളില്‍ കണ്ടിട്ടില്ലെന്നും വെങ്‌സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. 'നിറങ്ങള്‍ നഷ്ടപ്പെട്ട താരങ്ങളാണവര്‍. ബയോബബിളാണോ അതോ മറ്റെന്തെങ്കിലുമാണോ അതിന്റെ കാരണമെന്ന് അറിയില്ല. ഇത്രയും ദീര്‍ഘ നാള്‍ ഇന്ത്യന്‍ താരങ്ങള്‍ ഇത്തരമൊരു ശരീരഭാഷ തുടരുന്നത് കണ്ടിട്ടില്ല.'- വെങ്‌സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ഫേവറേറ്റുകളെന്ന വിശേഷണത്തോടെയാണ് ഇത്തവണയെത്തിയത്. ഐപിഎല്‍ യുഎഇയില്‍ കളിച്ച അനുഭവസമ്പത്തും സന്നാഹ മത്സരത്തിലെ വെടിക്കെട്ട് പ്രകടനങ്ങളുമെല്ലാം ഇന്ത്യ ഇത്തവണ കപ്പടിക്കുമെന്ന സൂചനയാണ് നല്‍കിയത്. എന്നാല്‍ ആദ്യ രണ്ട് മത്സരത്തിലൂടെത്തന്നെ ഇന്ത്യയുടെ ഭാവി ഏറെക്കുറെ കുറിക്കപ്പെട്ടിരിക്കുകയാണ്. ശേഷിക്കുന്ന മൂന്ന് മത്സരം ജയിച്ചാലും ഇന്ത്യയുടെ സെമി സാധ്യത വളരെ കുറവാണ്.

ടീമിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടെന്ന് തന്നെ നിലവിലെ പ്രകടനം കാണുമ്പോള്‍ വിലയിരുത്തേണ്ടി വരും. എന്താണ് പ്രശ്‌നങ്ങളെന്നത് പിന്‍കാലത്ത് ഏതെങ്കിലും താരങ്ങള്‍ തുറന്നുപറയുമെന്നുറപ്പ്. ഇത്രയും മികച്ച താരനിര ഒപ്പമുണ്ടായിട്ടും ഒന്ന് പൊരുതാന്‍ പോലും ശ്രമിക്കാതെ ഇന്ത്യ തലകുനിക്കുന്നു എന്നതാണ് ആരാധകരെ ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം. എംഎസ് ധോണിയെപ്പോലൊരു ഉപദേഷ്ടാവ് ഒപ്പമുണ്ടായിട്ടും ഇന്ത്യ നിരാശപ്പെടുത്തുന്നു.
യുഎഇയിലെ അനുഭവസമ്പത്ത് മുതലാക്കി കളിക്കാന്‍ കോലിക്കും സംഘത്തിനുമാവുന്നില്ല. ബൗളിങ് നിരയില്‍ ആരും ഫോമിലല്ല. ജസ്പ്രീത് ബുംറ മാത്രമാണ് ആദ്യ രണ്ട് മത്സരം കഴിയുമ്പോള്‍ ഇന്ത്യക്കായി വിക്കറ്റ് വീഴ്ത്തിയ ഏക ബൗളര്‍. എന്തായാലും ടി20 ലോകകപ്പിന് ശേഷം വലിയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് ഉയരാന്‍ സാധ്യതകളേറെയാണ്.


Click it and Unblock the Notifications











