ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെ അട്ടിമറിച്ച് കുഞ്ഞന്മാരായ കാനഡ. ആദ്യം ബാറ്റ് ചെയ്ത കാനഡ 7 വിക്കറ്റിന് 137 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അയര്‍ലന്‍ഡിന് 7 വിക്കറ്റിന് 125 റണ്‍സാണ് നേടാനായത്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ പൊരുതിയ മത്സരത്തില്‍ ആവേശ ജയമാണ് കാനഡ നേടിയെടുത്തത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ അയര്‍ലന്‍ഡിന് തുടക്കം മുതല്‍ പിഴച്ചു. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ നന്‍വീത് ദലിവാള്‍ പുറത്തായി. 10 പന്തില്‍ 6 റണ്‍സ് നേടിയ നവ്‌നീതിനെ മാര്‍ക്ക് അഡെയ്‌റാണ് പുറത്താക്കിയത്. അധികം വൈകാതെ മറ്റൊരു ഓപ്പണറായ ആരോണ്‍ ജോണ്‍സനും മടങ്ങി. 13 പന്തില്‍ 14 റണ്‍സെടുത്ത ജോണ്‍സനെ ക്രെയ്ഗ് യങ്ങിന്റെ പന്തില്‍ കുര്‍ട്ടിസ് കാംഫര്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു.
മൂന്നാം നമ്പറിലെത്തിയ പര്‍ഗാത് സിങ് പ്രതീക്ഷ നല്‍കി. 14 പന്തില്‍ 2 ഫോറടക്കം 18 റണ്‍സെടുത്ത പര്‍ഗാത്തിനെ ക്രയ്ഗ് യങ്ങാണ് പുറത്താക്കിയത്. ദില്‍പ്രീത് ബജ് വയും (9 പന്തില്‍ 7) നിരാശപ്പെടുത്തി. ഗാരത് ഡിലാനിയാണ് ദില്‍പ്രീതിന്റെ വിക്കറ്റ് നേടിയത്. ഇതോടെ 53ന് 4 എന്ന നിലയിലേക്ക് കാനഡ തകര്‍ത്തു. 100നുള്ളില്‍ കാനഡ ഒതുങ്ങുമെന്ന് കരുതിയെങ്കിലും നിക്കോളാസ് കിര്‍ട്ടനും വിക്കറ്റ് കീപ്പര്‍ ശ്രേയസ് മോവയും ചേര്‍ന്ന് കാനഡയുടെ രക്ഷകരായി.
കിര്‍ട്ടന്‍ 35 പന്തില്‍ 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 49 റണ്‍സെടുത്ത് പുറത്തായി. അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സകലെ ബാരി മക്കാര്‍ത്തിയാണ് കിര്‍ട്ടനെ മടക്കിയത്. ഡിലോന്‍ ഹെയ്‌ലിഗര്‍ ഡെക്കിന് മടങ്ങി. 36 പന്തില്‍ 3 ഫോറടക്കം 37 റണ്‍സെടുത്ത മോവ അവസാന പന്തില്‍ റണ്ണൗട്ടായി. നായകന്‍ സാദ് ബിന്‍ സഫാര്‍ (1) പുറത്താവാതെ നിന്നു. ഇതോടെ 20 ഓവറില്‍ 7 വിക്കറ്റിന് 137 എന്ന സ്‌കോറിലേക്ക് കാനഡയെത്തി.

അയര്‍ലന്‍ഡിനായി ക്രയ്ഗ് യങ്, ബാരി മക്കാര്‍ത്തി എന്നിവര്‍ 2 വിക്കറ്റ് പങ്കിട്ടപ്പോള്‍ മാര്‍ക്ക് അഡെയ്‌റും ഗാരത് ഡിലാനിയും ഓരോ വിക്കറ്റുകളും വീഴ്ത്തി. മറുപടിക്കിറങ്ങിയ അയര്‍ലന്‍ഡിന്റെ തുടക്കവും പ്രതീക്ഷിച്ചപോലെയായില്ല. സ്‌കോര്‍ബോര്‍ഡില്‍ 26 റണ്‍സുള്ളപ്പോള്‍ പോള്‍ സ്റ്റിര്‍ലിങ്ങിനെ അയര്‍ലന്‍ഡിന് നഷ്ടമായി. 17 പന്ത് നേരിട്ട് 9 റണ്‍സാണ് സ്റ്റിര്‍ലിങ്ങിന് നേടാനായത്. ആന്‍ഡി ബാല്‍ബിര്‍ണിയും (17) ഹാരി ടെക്ടറും (7) പെട്ടെന്ന് മടങ്ങിയതോടെ അയര്‍ലന്‍ഡ് പരുങ്ങി.
ലോര്‍ക്കന്‍ ടക്കര്‍ (10) റണ്ണൗട്ടായപ്പോള്‍ കുര്‍ട്ടിസ് കാംഫറെ (4) ഡിലന്‍ ഹെയ്‌ലിഗര്‍ മടക്കി. ഗാരത് ഡിലാനിയെ (3) ഹെയ്‌ലിഗര്‍ വിക്കറ്റ് കീപ്പര്‍ മോവയുടെ കൈയിലെത്തിച്ചു. ജോര്‍ജ് ഡോക്ക് റെല്ലും മാര്‍ക്ക് അഡെയ്‌റും ചേര്‍ന്ന് അയര്‍ലന്‍ഡിനായി പൊരുതി. എന്നാല്‍ അവസാന ഓവറിലെ 2ാം പന്തില്‍ 24 പന്തില്‍ 34 റണ്‍സെടുത്ത അഡെയ്‌റിനെ ഗോര്‍ഡന്‍ പുറത്താക്കിയതോടെ അയര്‍ലന്‍ഡിന് വിധി കുറിക്കപ്പെട്ടു. ഡോക്ക് റെല്‍ 23 പന്തില്‍ 30 റണ്‍സോടെ പുറത്താവാതെ നിന്നെങ്കിലും അയര്‍ലന്‍ഡിനെ ജയിപ്പിക്കാനായില്ല.