ഡല്‍ഹി: അമേരിക്കയ്‌ക്കെതിരായ നിറം മങ്ങിയ ജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ടി20 ലോകകപ്പിലെ രണ്ടാമങ്കത്തില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ടീം ഇന്ത്യ. വ്യാഴാഴ്ച ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഗ്രൂപ്പ് എയിലെ രണ്ടാമങ്കത്തില്‍ മറ്റൊരു കുഞ്ഞന്‍ ടീമായ നമീബിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
പക്ഷെ അമേരിക്കയെ നിസാരക്കാരായി എടുത്തതു പോലെ ടൂര്‍ണമെന്റില്‍ ഇനിയൊരു ടീമിനെയും ഇന്ത്യ വില കുറച്ച് കാണാനിടയില്ല. കാരണം അത്ര വലിയ ഭീഷണിയാണ് അമേരിക്കയില്‍ നിന്നും നിലവിലെ ചാംപ്യന്‍മാര്‍ക്കു നേരിട്ടത്. സൂര്യകുമാര്‍ യാദവിന്റെ അപരാജിത ഫിഫ്റ്റി ഇല്ലായിരുന്നെങ്കില്‍ അമേരിക്ക ഇന്ത്യയുടെ കഥയും കഴിച്ചേനെ.
നമീബിയക്കെതിരേ വളരെ ആധികാരിക പ്രകടനവുമായി ആദ്യ കളിയിലെ ക്ഷീണം തീര്‍ക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. അമേരിക്കയ്‌ക്കെതിരേ കളിച്ച ടീമില്‍ മാറ്റവുമായിട്ടാവും നമീബിയക്കെതിരേ സൂര്യയും കൂട്ടരുമിറങ്ങുക. ഈ കളിയില്‍ ഇന്ത്യന്‍ ഇലവന്‍ എങ്ങനെയാവുമെന്നു നോക്കാം.

അമേരിക്കയ്‌ക്കെതിരേ കളിച്ച പ്ലെയിങ് ഇലവനില്‍ ഒരു മാറ്റം മാത്രമേ ഇന്ത്യ വരുത്താനിടയുള്ളൂ. വൈറല്‍ ഫീവര്‍ കാരണം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ആദ്യ മല്‍സരത്തില്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു. പക്ഷെ അസുഖം ഭേദമായി അദ്ദേഹം പൂര്‍ണ ഫിറ്റ്‌നസിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ്.
നമീബിയക്കെതിരേ ബുംറ തീര്‍ച്ചയായും കളിക്കാനിറങ്ങുമെന്നാണ് വിവരം. ഇതോടെ ആദ്യ കളിയില ഇലവനില്‍ ഒരു അഴിച്ചു പണിയും ഇന്ത്യക്കു നടത്തേണ്ടതായി വരും. ബുംറയെത്തില്‍ സ്ഥാനം നഷ്ടമാവുക മറ്റൊരു സീനിയര്‍ പേസര്‍ മുഹമ്മദ് സിറാജിനായിരിക്കും. ഹര്‍ഷിത് റാണയ്ക്കു പരിക്കു കാരണം ലോകകപ്പില്‍ നിന്നും പിന്‍മാറേണ്ടി വന്നതു കാരണം ടീമിനൊപ്പം ചേര്‍ന്ന താരമാണ് അദ്ദേഹം.
അമേരിക്കയ്‌ക്കെതിരേ മൂന്നു വിക്കറ്റുകളുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ സിറാജിനായികുന്നു. പക്ഷെ ബംറ തിരിച്ചെത്തിയാല്‍ അദ്ദേഹത്തിനു വഴി മാറിക്കൊടുത്തേ തീരൂ. കാരണം ടി20 സ്‌പെഷ്യലിസ്റ്റായ അര്‍ഷ്ദീപ് സിങിനെ ഇലവനില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഇന്ത്യ ആഗ്രഹിക്കില്ല.
ബുംറയും അര്‍ഷ്ദീപുമായിരിക്കും നമീബിയക്കെതിരേ ഇന്ത്യയുടെ പേസാക്രമണം കൈകാര്യം ചെയ്യുക. ബുംറ മടങ്ങിയെത്തുന്നതൊഴിച്ചാല്‍ ഇലവനില്‍ മറ്റു മാറ്റങ്ങളൊന്നും വരുത്താന്‍ ഇന്ത്യ ശ്രമിച്ചേക്കില്ല. ഇതോടെ മലയാളി താരം സഞ്ജു സാംസണിന് ഒരിക്കല്‍ക്കൂടി വാട്ടര്‍ ബോയ് ആയി തുങ്ങേണ്ടിയും വരും.
മോശം ഫോമിലുള്ള സഞ്്ജുവിനെ ഇലവനിലേക്കു കൊണ്ടു വന്ന് ഒരു ചൂതാട്ടത്തിന് മുതിരാന്‍ ഇന്ത്യ തയ്യാറാവില്ല. മോശം ഫോമിനൊപ്പം ആത്മവിശ്വാസക്കുറവും സഞ്ജുവിനെ വേട്ടയാടുന്നുണ്ട്. ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച അഞ്ചു ടി20കളുടെ പരമ്പരയില്‍ വെറും 46 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.

ആദ്യ കളിയില്‍ പ്രതീക്ഷിച്ചതു പോലെ ഇംപാക്ടുണ്ടാക്കിയില്ലെങ്കിലും ഇന്ത്യക്കു വേ്ണ്ടി ഓപ്പണിണിങില്‍ അഭിഷേക് ശര്‍മ- ഇഷാന്‍ കിഷന്‍ ജോടി തന്നെ തുടരും. അമേരിക്കയ്‌ക്കെതിരേ ഗോള്‍ഡന്‍ ഡെക്കായാണ് അഭിഷേക് ക്രീസ് വിട്ടത്. നമീബിയക്കെതിരേ വലിയൊരു ഇന്നിങ്‌സുമായി ഇതിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കും അദ്ദേഹം ആഗ്രഹിക്കുക.
മൂന്നാം നമ്പറില്‍ പതിവുപോലെ തിലക് വര്‍മയുണ്ടാവും. നാലാമനായി ക്രീസിലെത്തുന്നത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്. തുടര്‍ന്ന് ഓള്‍റൗണ്ടര്‍മാരുടെ ഊഴമായിരിക്കും. ശിവം ദുബെയായിരിക്കും അഞ്ചാം നമ്പറില്‍. അഭിഷേകിനെ പോല ആദ്യ കളിയില്‍ ഗോള്‍ഡന്‍ ഡെക്കായ മറ്റൊരു താരമാണ് ദുബെ.
നമീബിയക്കതിരേ അദ്ദേഹത്തിനും മികച്ചൊരു ഇന്നിങ്‌സ് ആവശ്യമാണ്. ദുബെ കഴിഞ്ഞാല്‍ ആറാം നമ്പറില്‍ ബാറ്റ് ചെയ്യുക സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ആദ്യ കളിയില്‍ ബാറ്റിങിലും ബൗളിങിലും അദ്ദേഹം ഒരുപോലെ നിരാശപ്പെടുത്തിയിരുന്നു.
ഹാര്‍ദിക്കിനു ശേഷം ഏഴാമന്‍ ഫിനിഷറായ റിങ്കു സിങായിരിക്കും. എട്ടാംനമ്പറില്‍
വൈസ് ക്യാപ്റ്റന്‍ കൂടിയായ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ്. സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക ഒരിക്കല്‍ക്കൂടി വരുണ്‍ ചക്രവര്‍ത്തിയാവും. കുല്‍ദീപ് യാദവിന് ഈ കളിയിലും അവസരം ലഭിക്കാനിടയില്ല. വരുണിനു ശേഷം ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങും ഇലവനിലുണ്ടാവും.
അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്.