ചെന്നൈ: സിംബാബ്‌വെയ്‌ക്കെതിരായ ടി20 ലോകകപ്പിലെ സൂപ്പര്‍ പോരില്‍ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്താനൊരുങ്ങുന്ന സഞ്ജു സാംസണിനു പുതിയ റോള്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ സ്പിന്നര്‍ ആര്‍ അശ്വിന്‍. ടൂര്‍ണമെന്റില്‍ ഒരു മല്‍സരത്തില്‍ മാത്രമേ സഞ്ജുവിനു ഇതിനകം കളിക്കാനായിട്ടുള്ളൂ.
എന്നാല്‍ സൗത്താഫ്രിക്കയുമായുള്ള സൂപ്പര്‍ എട്ട് മല്‍സരത്തില്‍ ടീമിന്റെ ദയനീയ ബാറ്റിങ് പ്രകടനവും വന്‍ തോല്‍വിയും പരിഗണിച്ച് അദ്ദേഹത്തെ തിരികെ കൊണ്ടുവരാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം.

പക്ഷെ സിംബാബ്‌വെയ്‌ക്കെതിരേ ഏതു പൊസിഷനിലാവും സഞ്ജു ബാറ്റ് ചെയ്യുകയെന്ന് ഇനിയും ഉറപ്പായിട്ടില്ല. അതിനിടെയാണ് അദ്ദേഹത്തിന്റെ റോളിനെക്കുറിച്ച് അശ്വിന്‍ നിരീക്ഷണം നടത്തിയത്.

ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള സൂപ്പര്‍ എട്ട് മല്‍സരത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് സഞ്ജു സാംസണിനെ എങ്ങനെയാവണം ഉപയോഗിക്കേണ്ടതെന്നു ആര്‍ അശ്വിന്‍ ചൂണ്ടിക്കാട്ടിയത്.
ടോപ്പ് ത്രീയിലേക്ക് ഒരു വലംകൈയന്‍ ബാറ്ററെ ഇന്ത്യ കൊണ്ടുവരുമോയെന്നു കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ ഇവരെല്ലാം ഇടംകൈന്‍മാരാണ്.
ഒരു മൂന്നാം നമ്പറിനെ അവര്‍ ഇറക്കുമോ? സിഎസ്‌ക്കെയ്ക്കു വേണ്ടി ആദ്യ മല്‍സരത്തില്‍ ഇറങ്ങും മുമ്പ് തന്നെ സഞ്ജു സാംസണിനു അവരുടെ ഹോംഗ്രൗണ്ടില്‍ കളിക്കാന്‍ സാധിക്കുമെന്നും അശ്വിന്‍ വ്യക്തമാക്കി.

പക്ഷെ സഞ്ജുവിനെ ഓപ്പണറായോ, വണ്‍ ഡൗണായോ ഇറക്കുന്നതിനോടു തനിക്കു യോജിപ്പില്ലെന്നു പറഞ്ഞ അദ്ദേഹം സര്‍പ്രൈസ് റോള്‍ നിര്‍ദേശിക്കുകയും ചെയ്തു. സ്പിന്നര്‍മാരെ ആക്രമിക്കാന്‍ മധ്യനിരയിലാണ് മലയാളി താരം വേണ്ടതെന്നാണ് അശ്വിന്റെ വിലയിരുത്തല്‍.
സഞ്ജു സാംസണ്‍ തീര്‍ച്ചയായും ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു വരിക തന്നെ വേണം. പക്ഷെ ഓപ്പണിങിലോ, മൂന്നാം നമ്പറിലോ അയച്ച് നിലവിലെ കോമ്പിനേഷനെ ബുദ്ധിമുട്ടിക്കുന്നതിനെ കുറിച്ച് ഞാന്‍ ആലോചിക്കുന്നില്ല. സ്പിന്‍ ഹിറ്ററായി സഞ്ജുവിനെ പരീക്ഷിക്കണം.

നമ്മുടെ ടീമിന് സ്പിന്‍ ബൗളിങിനെതിരേ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടു തന്നെ ഞാന്‍ അവിടെയാണ് സഞ്ജുവിനെ ഉപയോഗിക്കുക. അഞ്ചാം നമ്പറില്‍ അദ്ദേഹത്തെ അയക്കാനാണ് ഞാന്‍ ആഗ്രഹിക്കുക. സ്പിന്നര്‍മാര്‍ക്കെതിരേ ആക്രമിച്ച് കളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്നും അശ്വിന്‍ വിശദമക്കി.

ഇന്ത്യന്‍ ടോപ്പ് ത്രീയില്‍ ഒരു വംലകൈയന്‍ ബാറ്ററെ കൊണ്ടുവരുന്നതിനായി സൂര്യകുമാര്‍ യാദവിനോടു മൂന്നില്‍ കളിക്കാന്‍ ആവശപ്പെടാം. ആരാണ് ബൗള്‍ ചെയ്യുന്നതെന്നു കൂടി നോക്കിയതിനു ശേഷം തിലക് വര്‍മയെയോ, സഞ്ജു സാംസണിനെയോ നാലാം നമ്പറില്‍ അയക്കാം.
ഞാന്‍ ഇതു തന്നെ തുടരും. ടീമിന്റെ സ്ഥിരത മാറ്റുകയുമില്ല. അക്ഷര്‍ പട്ടേല്‍ പ്ലെയിങ് ഇലവനിലേക്കു മടങ്ങിവരുന്നതിനെ ഞാന്‍ തീര്‍ച്ചയായും അംഗീകരിക്കുകയും ചെയ്യുമെന്നും ആര്‍ അശ്വിന്‍ പറയുന്നു. അവസാനത്തെ രണ്ടു കളിയിലും അക്ഷര്‍ ബെഞ്ചിലായിരുന്നു. പകരം വാഷിങ്ടണ്‍ സുന്ദറിനെയാണ് ടീം പരീക്ഷിച്ചത്. പക്ഷെ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു.