ടി20 ലോകകപ്പിന്റെ സെമി ഫൈനലിലോ, ഫൈനലിലോ പാകിസ്താനെതിരേ ഇന്ത്യന്‍ ടീം കളിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍.
കൊളംബോയില്‍ നടന്ന ഗ്രൂപ്പ് പോരാട്ടത്തില്‍ പാക് ടീമിനെ 61 റണ്‍സിനു തകര്‍ത്തുവിടാന്‍ ഇന്ത്യക്കായിരുന്നു. ഇതോടെ അവര്‍ക്കെതിരേയുള്ള ലോകപ്പിലെ റെക്കോര്‍ഡ് 8-1 ആക്കി ഇന്ത്യ മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു.
സമീകാലത്തൊന്നും വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ പാകിസ്താനോടു ഇന്ത്യ തോറ്റിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യ കപ്പില്‍ ഫൈനലിലുള്‍പ്പെടെ മൂന്നു തവണയാണ് ഇന്ത്യ പാക് പടയുടെ കഥ കഴിച്ചത്. കൂടാതെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും അവര്‍ക്കെതിരേ വിജയം ആഘോഷിക്കാന്‍ ഇന്ത്യക്കായിരുന്നു.

ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിനു ശേഷം സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് നോക്കൗട്ട് റൗണ്ടില്‍ ഇരുടീമുകളും വീണ്ടും മുഖാമുഖം വരാന്‍ ആഗ്രഹിക്കുന്നില്ലെന്നു ആര്‍ അശ്വിന്‍ വ്യക്തമാക്കിയത്.. ഇതിന്റെ കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
പാകിസ്താന്‍ ഇത്തവണ ടി20 ലോകകപ്പിന്റെ ഫൈനലില്‍ എത്തില്ലെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം ഇന്ത്യക്കെതിരേ അത്രയും വലിയൊരു പരാജയമാണ് അവര്‍ക്കു നേരിടേണ്ടി വന്നത്.
ഇനി കലാശപ്പോരിനു യോഗ്യത നേടിയാല്‍ കൂടുതല്‍ മെച്ചപ്പെട്ട തന്ത്രങ്ങളുമായിട്ടാവും പാകിസ്താന്‍ എത്തുക. ഇന്ത്യ- പാകിസ്താന്‍ ഫൈനല്‍ വേണമെന്നു താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും അശ്വിന്‍ വ്യക്തമാക്കി.
നോക്കൗട്ടില്‍ പാകിസ്താനുമായി നമ്മള്‍ കളിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. സെമിയിലോ, ഫൈനലിലോ ആരെ എതിരാളിയായി കിട്ടിയാലും കുഴപ്പമില്ല, പക്ഷെ പാകിസ്താന്‍ മാത്രം വേണ്ട. ഒരി നിശ്ചിത ദിവസം, നിഷ്പക്ഷ വേദിയില്‍, വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പാകിസ്താനേക്കാള്‍ ഒഒന്നോ, രണ്ടോ ഭൂഖണ്ഡങ്ങള്‍ മുന്നിലാണ് ഇന്ത്യയെന്നും അശ്വിന്‍ വിലയിരുത്തി.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലെ സ്ലോ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം ഇന്ത്യ നേടിയ 175 റണ്‍സ് വളരെ മികച്ച ടോട്ടലാണെന്നു ആര്‍ അശ്വിന്‍ ചൂണ്ടിക്കാട്ടി.
പാകിസ്താന്‍ ടീമില്‍ ഒരുപാട് സ്പിന്നര്‍മാരുണ്ടായിരുന്നതിനാല്‍ അവര്‍ക്കു വളരെ നല്ല അവസരമായിരുന്നു ഈ മല്‍സരം. സയീം അയൂബിന്റെയും സല്‍മാന്‍ അലി ആഗയുടെയും ബോളുകള്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ ബുദ്ധിമുട്ടിച്ചിരുന്നു. ഈ പിച്ചില്‍ 175 റണ്‍സെന്നത് 250ന് തുല്യമായിരുന്നുവെന്നും അശ്വിന്‍ നിരീക്ഷിച്ചു.

ഇന്ത്യക്കെതിരേ പാകിസ്താന് ഏറ്റവും മികച്ച ഇന്നിങ്‌സ് ആവശ്യമായ സമയത്ത് വന്‍ ഫ്‌ളോപ്പായ സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ ബാബര്‍ ആസമിനെ ആര്‍ അശ്വിന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. നാലാമനായി ക്രീസിലെത്തിയ ബാബറിന് ഏഴു ബോളില്‍ അഞ്ചു റണ്‍സെടുക്കാനേ ആയുള്ളൂ. അക്ഷര്‍ പട്ടേലാണ് ബാബറിനെ ക്ലീന്‍ ബൗള്‍ഡാക്കിയത്.
ജസ്പ്രീത് ബുംറയ്‌ക്കെതിരേ ബാബര്‍ ആസമിന്റെ പ്രതിരോധം ഒട്ടും മെച്ചപ്പെട്ടിട്ടില്ല. ഒന്നോ, രണ്ടോ വര്‍ഷം മുമ്പ് ഇന്ത്യയോടു തോറ്റപ്പോഴുള്ള അതേ അവസ്ഥയിലാണ് അദ്ദേഹം ഇപ്പോഴുമുള്ളത്.
കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ വച്ച് ഇന്ത്യയെ നേരിടവെ ബുംറയ്‌ക്കെതിരേ പുഷ് ചെയ്യാന്‍ ശ്രമിച്ച് ബാബര്‍ ഔട്ടായിരുന്നു. ഇത്തവണ ബുംറയെ നേരിടുമ്പോഴും അതേ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ്. തേര്‍ഡ്മാനിലേക്കു കളിക്കാനാണ് ബാബര്‍ ശ്രമിച്ചത്. എല്ലായ്‌പ്പോഴും ഇങ്ങനെ തന്നെ കളിച്ചാല്‍ അതു പുറത്താവലിലേക്കു നയിക്കുമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.