ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പേരാട്ടങ്ങള്‍ക്കായി ടീം ഇന്ത്യ തയ്യാറെടുക്കവെ ശേഷിച്ച മല്‍സരങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു കളിക്കാരെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരം സഞ്ജയ് ബാംഗര്‍. പക്ഷെ ഇക്കൂട്ടത്തില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയോ, മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയോ ഇല്ലെന്നതാണ് കൗതുകകപമായ കാര്യം.
സൂപ്പര്‍ എട്ടില്‍ കടുപ്പമേറിയ ഗ്രൂപ്പ് വണ്ണിലാണ് നിലവിലെ ചാംപ്യന്മാരായ ഇന്ത്യയുള്ളത്. കരുത്തരായ സൗത്താഫ്രിക്ക, രണ്ടു തവണ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസ്, കറുത്ത കുതിരകളായ സിംബാബ്‌വെ എന്നിരാണ് ഗ്രൂപ്പിലുള്ള ടീമുകള്‍. ഇവരെല്ലാം ഗ്രൂപ്പുജേതാക്കളായി സൂപ്പര്‍ എട്ടിലെത്തിയവരാണ്. മാത്രമല്ല, ഒരു കളി പോലും തോറ്റിട്ടുമില്ല.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഫോളോ ദി ബ്ലൂസെന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയിലെ മൂന്നു നിര്‍ണായക താരങ്ങളെ സഞ്ജയ് ബാംഗര്‍ തിരഞ്ഞെടുത്തത്. ടൂര്‍ണമെന്റില്‍ ഇനിയങ്ങോട്ട് മുന്നു താരങ്ങളുടെ പ്രകടനമാണ് ഇന്ത്യയുടെ യാത്രയില്‍ ഏറ്റവും നിര്‍ണായകമായി മാറുക. ഇവരുടെ ഫോം ഇനി ടീമിനെ വളരെ പ്രധാനമാണ്.
ഇഷാന്‍ കിഷനാണ് ഇതിലൊരാള്‍. അഭിഷേക് ശര്‍മയില്‍ നിന്നും റണ്‍സ് വരാതെ പോവുന്ന സാഹചര്യത്തില്‍ ടീമിനു സ്‌ഫോടനാത്മക തുടക്കങ്ങള്‍ നല്‍കാനുള്ള ദൗത്യം ഇഷാനിലേക്ക് വന്നിരിക്കുകയാണ്. അതിനാല്‍ ഞാന്‍ തിരഞ്ഞെടുക്കുന്ന ആദ്യത്തെ താരവും അവനായിരിക്കുമെന്നും ബാംഗര്‍ വ്യക്തമാക്കി.
ഇഷാന്‍ കഴിഞ്ഞാല്‍ മറ്റു രണ്ടു പ്രധാനപ്പെട്ട കളിക്കാരായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയുമാണ്. രണ്ടാമത്തെ താരമായി ഞാന്‍ തിരഞ്ഞെടുക്കുക സൂര്യകുമാര്‍ യാദവിനെയാണ്. ഗെയിമിന്റെ സാഹചര്യം മനസിലാക്കി ഭൂരിഭാഗം മല്‍സരങ്ങളിലും സ്ഥിരതയോടെ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
മൂന്നാമത്തെ താരമായി ഞാന്‍ തിരഞ്ഞെടുക്കുക ജസ്പ്രീത് ബുംറയെയാണ്. ഇന്ത്യന്‍ ടീമിന്റെ സ്പിന്‍ വിഭാഗത്തെ കുറിച്ചാണ് എല്ലാവരും പറയുന്നത്. എന്നാല്‍ ബൗളിങിന്റെ കാര്യമെടുത്താല്‍ മല്‍സരം ഒരു നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ടയാള്‍ ബുംറയായിരിക്കുമെന്നും ബാംഗര്‍ വിശദമാക്കി.

ഈ ലോകകപ്പില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായി ഇഷാന്‍ മാറിക്കഴിഞ്ഞു. നാലിന്നിങ്‌സുകളില്‍ നിന്നും 202 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം അടിച്ചെടുത്തത് 176 റണ്‍സലാണ്.
ഇഷാന്‍ കഴിഞ്ഞാല്‍ ലിസ്റ്റിലെ രണ്ടാമന്‍ സൂര്യയാണ്. 136.13 സ്‌ട്രൈക്ക് റേറ്റില്‍ 162 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ബുംറയാവട്ടെ മൂന്നിങ്‌സുകളിലാണ് കളിച്ചത്. ആറ് ഇക്കോണമി റേറ്റില്‍ നാലു വിക്കറ്റുകളെടുക്കുകയും ചെയ്തു.
ഗ്രൂപ്പുഘട്ടത്തിലെ ചില മല്‍സരങ്ങളില്‍ പതറിയെങ്കിലും മികച്ച തുടക്കം തന്നെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യക്കു ലഭിച്ചിരിക്കുന്നതെന്നാണ് സഞ്ജയ് ബാംഗറുടെ അഭിപ്രായം.
ഇന്ത്യയുടെ വളരെ സ്റ്റെഡി ആയിട്ടുള്ള തുടക്കമാണെന്നു എനിക്കു തോന്നുന്നു. നമ്മള്‍ പ്രതീക്ഷിച്ചതു പോലെയൊരു തുടക്കമായിരുന്നില്ല ഇത്. കാരണം ഇന്ത്യയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമായിരുന്നു.
അവിടെയാണ് എതിരാളികളെ ആഗ്രഹിച്ചതു പോലം തരിപ്പണമാക്കാന്‍ ടീമിനു സാധിക്കാതെ പോയത്. അതു വച്ച് നോക്കുമ്പോള്‍ ടീം പ്രകടനം അത്ര പോരെന്നു തോന്നുമെന്നും ബാംഗര്‍ കൂട്ടിച്ചേര്‍ത്തു.
ടീമിന്റെ ഏറ്റവും മികച്ച പ്രകടനം ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നതാണ് നല്ല കാര്യം. മറ്റൊരു കാര്യം എല്ലാവര്‍ക്കും പ്ലെയിങ് ഇലവന്റെ ഭാഗമാവാന്‍ അവസരം ലഭിച്ചുവെന്നതാണ്. പിന്നീട് ടൂര്‍ണമെന്റില്‍ എന്തെങ്കിലും പരിക്കുണ്ടായാല്‍ അതു നല്ല സൂചനയാണ്. മുഴുവന്‍ താരങ്ങളും മല്‍സരത്തിന് സജ്ജരാണെന്നും ബാംഗര്‍ നിരീക്ഷിച്ചു.