ഐസിസി ടി20 ലോകകപ്പില്‍ ഇത്തവണ ആരായിരിക്കും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി മാറുകയെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. ഒരു ഇന്ത്യന്‍ താരത്തെയാണ് അദ്ദേഹം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുത്തിട്ടുള്ളത്.
ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് എട്ട് വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. 2024ല്‍ രോഹിത് ശര്‍മയ്ക്കു കീഴിലാണ് കരീബിയന്‍ മണ്ണില്‍ നടന്ന അവസാന ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടമുയര്‍ത്തിയത്.
ഇത്തവണ സൂര്യകുമാര്‍ യാദവിനും സംഘത്തിനും അതു നിലനിര്‍ത്താന്‍ സാധിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. പക്ഷെ ചരിത്രമെടുത്താല്‍ ഇതുവരെ ഒരു ടീമും തുടര്‍ച്ചയായി രണ്ടു തവണ ലോക ചാംപ്യന്‍മാരായിട്ടില്ല. മാത്രമല്ല ആതിഥേയ ടീം ഒരിക്കല്‍പ്പോലും ടൂര്‍ണമെന്റില്‍ ജേതാക്കളുമായിട്ടില്ല.

ടൂര്‍ണമെന്റിന്റെ താരം
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ എക്‌സ് ഹാന്റിലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിനെ കുറിച്ചുള്ള യുസേന്ദ്ര ചഹലിന്റെ വമ്പന്‍ പ്രവചനം. ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ അഭിഷേക് ശര്‍മയോ, നമ്പര്‍ വണ്‍ ബൗളര്‍ വരുണ്‍ ചക്രവര്‍ത്തിയോ ആവില്ല ഏറ്റവും ബെസ്റ്റെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്.
പകരം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയാണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി ചഹല്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്ററാവുക അഭിഷേകായിരിക്കുമെന്നും കൂടുതല്‍ സിക്‌സറും താരം തന്നെ നേടുമെന്നും ചഹല്‍ പ്രവചിക്കുന്നു.
അടുത്ത മാസം 15നു കൊളംബോയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടമാണ് ലോകപ്പില്‍ ഏറ്റവുമധികം ഉറ്റുനോക്കുന്ന മല്‍സരമായി 35 കാരനായ താരം തിരഞ്ഞഞ്ഞെടുത്തത്. ടൂര്‍ണമെന്റിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടല്‍ 240 റണ്‍സായിരിക്കുമെന്നും അദ്ദേഹം പ്രവചിച്ചു.
കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യക്കൊപ്പം കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടുള്ള താരം കൂടിയാണ് ചഹല്‍. പക്ഷെ ഒരു മല്‍സരത്തില്‍ പോലും അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചില്ല. കുല്‍ദീപ് യാദവായിരുന്നു ടീമിലെ പ്രധാന സ്പിന്നര്‍.

കഴിഞ്ഞ തവണയും ബുംറ
2024ലെ അവസാനത്തെ ഐസിസി ടി20 ലോകകപ്പിലും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി മാറിയത് ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയാണ്. വീണ്ടും അദ്ദേഹം തന്നെ ഈ പുരസ്‌കാരാം കൈക്കലാക്കിയാല്‍ അതു പുതുചരിത്രമായി മാറുകയും ചെയ്യും.
ടൂര്‍ണമെന്റില്‍ വിക്കറ്റ് വേട്ടയില്‍ തലപ്പത്ത് ഫിനിഷ് ചെയ്തില്ലെങ്കിലും കളിച്ച മല്‍സങ്ങളിലെല്ലാം വലിയ ഇംപാക്ടുണ്ടാക്കാന്‍ ബുംറയ്ക്കു കഴിഞ്ഞിരുന്നു. എട്ടു മല്‍സരങ്ങളില്‍ നിന്നും 8.26 എന്ന അവിശ്വസനീയ ശരാശരിയില്‍ 4.17 എന്ന ഞെട്ടിക്കുന്ന ഇക്കോണമി റേറ്റില്‍ ബുംറ പിഴുതത് 15 വിക്കറ്റുകളാണ്. ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളെടുത്തതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മകച്ച പ്രകടനം.
അതേസമയം, ബുംറയുടെ ഓവറോള്‍ ടി20 കരിയറെടുത്താല്‍ 86 ടി20കളിലാണ് ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടുള്ളത്. 107 വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു. 18.28 ശരാശരിയില്‍ 6.44 ഇക്കോണമി റേറ്റോടെയാണിത്. ടി20യില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ പിഴുത രണ്ടാമത്തെ ബൗളറും കൂടിയാണ് ബുംറ.
ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍).