ഇന്ത്യയുടെ രണ്ടു വ്യത്യസ്ത ടീമുകളില്‍ നിന്നും പൂര്‍ണമായി അവഗണിക്കപ്പെട്ടതോടെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ തന്റെ പഴയ തട്ടകത്തില്‍ ഒരിടവേളയ്ക്കു ശേഷം മടങ്ങിയെത്തിയിരിക്കുകയാണ്. കേരള ടീമിനൊപ്പമാണ് അദ്ദേഹം പുതുതായി ചേര്‍ന്നിരിക്കുന്നത്. ഈ മാസം ആരംഭിക്കുന്ന ടി20 ടൂര്‍ണമെന്റായ സയ്ദ് മുഷ്താഖ് അലി ട്രോഫിക്കായി തയ്യാറെടുക്കുകയാണ് കേരള ടീം. ഈ ടീമിന്റെ പരിശീലന ക്യാംപിലാണ് സഞ്ജു എത്തിയിരിക്കുന്നത്.
നീല ക്യാപ്പ് ധരിച്ച് അദ്ദേഹം ഗ്രൗണ്ടിലേക്കു വരികയും ടീമംഗങ്ങളുമായി സൗഹൃദം പങ്കുവയ്ക്കുകയും ചെയ്യുന്ന വീഡിയോയും പുറത്തു വന്നിരിക്കുകയാണ്. അന്താരാഷ്ട്ര കരിയര്‍ തിരിച്ചുപിടിക്കാന്‍ സഞ്ജുവിനു മുന്നിലുള്ള ഏറ്റവും നല്ലൊരു അവസരം കൂടിയായിരിക്കും മുഷ്താഖ് അലി ട്രോഫി.

കേളത്തിനായി ഈ ടൂര്‍ണമെന്റില്‍ കസറുകയാണെങ്കില്‍ വൈകാതെ തന്നെ അദ്ദേഹത്തിനു ദേശീയ ടീമിലേക്കു വിളിയെത്തിയേക്കും. ഈ മാസം 16നാണ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുന്നത്. കേരളത്തിന്റെ ആദ്യ മല്‍സരം 16നു വൈകീട്ട് 4.30 മുതല്‍ ഹിമാചല്‍ പ്രദേശിനെതിരേയാണ്. കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റില്‍ സഞ്ജുവായിരുന്നു കേരള ടീമിനെ നയിച്ചത്.
ഇത്തവണത്തെ ടൂര്‍ണമെന്റിനുള്ള ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ സഞ്ജു തന്നെയായിരിക്കും ക്യാപ്റ്റനാവുകയെന്നാണ് സൂചനകള്‍. മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു വേണ്ടി റണ്‍സ് വാരിക്കൂട്ടി വീണ്ടും സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനായിരിക്കും ഇനി അദ്ദേഹത്തിന്റെ ശ്രമം. കാരണം അടുത്ത മാസം ഇന്ത്യ നാട്ടില്‍ ഓസ്‌ട്രേലിയയുമായി അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ കളിക്കാനിരിക്കുകയാണ്.
സഞ്ജു കേരള ടീമിന്റെ ക്യാംപിനൊപ്പം ചേരുന്നു. വീഡിയോ കാണാം
ഐസിസി ഏകദിന ലോകകപ്പിനു തൊട്ടുപിന്നാലെയാണ് ഈ പരമ്പര നടക്കുന്നത്. അതുകൊണ്ടു തന്നെ ലോകകപ്പ് സംഘത്തിലുള്ള ഭൂരിഭാഗം പേര്‍ക്കും വിശ്രമം നല്‍കിയായിരിക്കും ഓസീസിനെതിരേ ഇന്ത്യ ഇറങ്ങുക. തനിക്കു തീര്‍ച്ചയായും ടീമില്‍ ഇടം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലായിരിക്കും സഞ്ജു. സഞ്ജുവും ഇഷാന്‍ കിഷനുമായിരിക്കും ഓസീസിനെതിരേ വിക്കറ്റ് കീപ്പര്‍മാരായി ടീമിലെത്തിയേക്കുക. ഇഷാനും ഇന്ത്യ വിശ്രമം നല്‍കിയാല്‍ ജിതേഷ് ശര്‍മയ്ക്കു ടീമിലേക്കു നറുക്കുവീഴും.
മൂന്നു വലിയ ടൂര്‍ണമെന്റുകളിലാണ് അടുത്തിടെ ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു തഴയപ്പെട്ടത്. ഏഷ്യന്‍ ഗെയിംസിനുള്ള ക്രിക്കറ്റ് ടീമിനെയായിരുന്നു ഇന്ത്യ ആദ്യം പ്രഖ്യാപിച്ചത്. പക്ഷെ സഞ്ജു ഈ ടീമിലേക്കു പരിഗണിക്കപ്പെട്ടില്ല. ഏകദിനത്തില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ കെഎല്‍ രാഹുലിന്റെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളായിരുന്നു ഇതിനു കാരണം.
രാഹുല്‍ ഫിറ്റല്ലെങ്കില്‍ ബാക്കപ്പായി ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവയില്‍ ഇന്ത്യ കണ്ടുവച്ചിരുന്നത് സഞ്ജുവിനെയായിരുന്നു. ഈ കാരണത്താല്‍ ഏഷ്യാഡിലേക്കു അദ്ദേഹം പരിഗണിക്കപ്പെട്ടില്ല. ജിതേഷും പ്രഭ്‌സിമ്രന്‍ സിങും പകരം വിക്കറ്റ് കീപ്പര്‍മാരായി ടീമിലേക്കു വരികയും ചെയ്തു.

ഏഷ്യന്‍ ഗെയിംസില്‍ നിന്നും തഴയപ്പെട്ടപ്പോള്‍ സഞ്ജുവിനോ, ആരാധകര്‍ക്കോ വലിയ നിരാശയില്ലായിരുന്നു. കാരണം, ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവയില്‍ ടീമില്‍ ഇടമുണ്ടാവുമെന്നായിരുന്നു എല്ലാവരുടെയും കണക്കുകൂട്ടല്‍. പക്ഷെ ഏഷ്യാ കപ്പിനു മുമ്പ് രാഹുല്‍ ഫിറ്റ്‌നസ് തെളിയിച്ചതോടെ എല്ലാം മാറിമറിഞ്ഞു.
എങ്കിലും ട്രാവലിങ് റിസര്‍വ് താരമായി സഞ്ജുവിനെ ഇന്ത്യ ടീമിനൊപ്പം കൂട്ടിയിരുന്നു. പക്ഷെ സൂപ്പര്‍ ഫോര്‍ മല്‍സരങ്ങള്‍ക്കു തൊട്ടുമുമ്പ് രാഹുല്‍ ശ്രീലങ്കയിലെത്തി ടീമിനൊപ്പം ചേര്‍ന്നതോടെ സഞ്ജുവിനെ ഇന്ത്യ നാട്ടിലേക്കു തിരികെ അയക്കുകയായിരുന്നു.
ഇതിനു പിന്നാലെ ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ അവിടെയും സഞ്ജു തഴയപ്പെടുകയായിരുന്നു. രാഹുലും ഇഷാനുമായിരുന്നു വിക്കറ്റ് കീപ്പര്‍മാരായി ടീമിലേക്കു വന്നത്. ഏറ്റവും അവസാനമായി ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും സഞ്ജുവിനു പുറത്തു തന്നെയായിരുന്നു സ്ഥാനം. ഈ തിരിച്ചടികള്‍ക്കു ശേഷമാണ് കരിയറില്‍ പുതിയൊരു തുടക്കം തേടി അദ്ദേഹം കേരള ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്.