കൊച്ചി: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. സഞ്ജു സാംസണിന് കീഴില്‍ ഇത്തവണ ഗംഭീര താരനിരയുമായാണ് കേരള ടീം ഇറങ്ങുന്നത്. ബംഗ്ലാദേശിനെതിരേ ഒരു സെഞ്ച്വറിയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടെ സഞ്ജു സാംസണ്‍ മിന്നും ഫോമിലാണുള്ളത്. അതുകൊണ്ടുതന്നെ കേരള ടീമിനൊപ്പവും സഞ്ജു സാംസണ്‍ മിന്നും പ്രകടനം തുടരുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍. ഐപിഎല്ലിന്റെ മെഗാ ലേലം വരാനിരിക്കെ സഞ്ജുവിന്‍െ ഫോം എല്ലാവരും ഉറ്റുനോക്കുന്നത്. കേരള ടീം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവിന് കീഴില്‍ കപ്പടിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. സഞ്ജു സാംസണിന് കീഴില്‍ ഇത്തവണ കേരളത്തിന് കളത്തിലിറക്കാന്‍ സാധിക്കുന്ന ബെസ്റ്റ് 11 പരിശോധിക്കാം.
രോഹന്‍ കുന്നുമ്മല്‍-മുഹമ്മദ് അസ്ഹറുദ്ദീന്‍
കേരളത്തിന്റെ ഓപ്പണറായി സഞ്ജു സാംസണെ പ്രതീക്ഷിക്കാാനാവില്ല. രോഹന്‍ കുന്നുമ്മല്ലും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്നാവും കേരളത്തിനായി ഓപ്പണിങ് ഇറങ്ങുക. രണ്ട് പേരും മികച്ച പ്രകടനമാണ് സമീപകാലത്തായി കാഴ്ചവെച്ചിട്ടുള്ളത്. കേരള ക്രിക്കറ്റ് ലീഗിലടക്കം തകര്‍പ്പന്‍ പ്രകടനം നടത്താന്‍ ഇരുവര്‍ക്കുമായിട്ടുണ്ട്. ഈ കൂട്ടുകെട്ട് പൊളിച്ചെഴുതി സഞ്ജുവിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരാന്‍ ഇപ്പോള്‍ കേരളം തയ്യാറായേക്കില്ല.
സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, സച്ചിന്‍ ബേബി
സഞ്ജു സാംസണ്‍ മൂന്നാം നമ്പറില്‍ കളിക്കാനാണ് സാധ്യത. ടോപ് ഓഡറില്‍ നിന്ന് സഞ്ജു പിന്നോട്ട് പോയേക്കില്ല. എന്നാല്‍ ഓപ്പണര്‍ റോളിനായി അദ്ദേഹം വാശി പിടിക്കാന്‍ സാധ്യതയില്ല. സഞ്ജു ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും കളിക്കാനുള്ള സാധ്യതയും കുറവാണ്. ഈ സാഹചര്യത്തില്‍ സഞ്ജു മൂന്നാം നമ്പറില്‍ കളിക്കാനാണ് കൂടുതല്‍ സാധ്യത. കേരളത്തിനൊപ്പം മികവ് കാട്ടാനാവാതെ പോയാല്‍ സഞ്ജുവിനത് നാണക്കേടാവുമെന്നുറപ്പാണ്.
നാലാം നമ്പറില്‍ വിഷ്ണു വിനോദാവും ഉണ്ടാവുക. കടന്നാക്രമിക്കാന്‍ ശേഷിയുള്ള താരമാണ് വിഷ്ണു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചിട്ടുള്ള താരമാണ് വിഷ്ണു. മധ്യനിരയില്‍ വെടിക്കെട്ട് നടത്താന്‍ ശേഷിയുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് അദ്ദേഹം. സഞ്ജു സാംസണിന്റെ വരവ് കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ വിഷ്ണുവിനെ സഹായിച്ചേക്കും.
സച്ചിന്‍ ബേബിയാണ് അഞ്ചാമന്‍. സീനിയര്‍ താരമായ സച്ചിന്‍ ബേബി കേരള ക്രിക്കറ്റ് ലീഗിലെ ടോപ് സ്‌കോററായിരുന്നു. ഐപിഎല്ലില്‍ ആര്‍സിബിക്കായി അടക്കം കളിച്ചിട്ടുള്ള സച്ചിന്‍ മികച്ച ഫോമിലാണുള്ളത്. അദ്ദേഹത്തിന്റെ പ്രകടനവും കേരളത്തിന് വളരെ നിര്‍ണ്ണായകമാണ്. സാഹചര്യത്തിനനുസരിച്ച് ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ സച്ചിന്‍ ബേബിക്ക് സാധിക്കും.

അബ്ദുല്‍ ബാസിത്, ജലജ് സക്‌സേന, സിജോമോന്‍ ജോസഫ്
ആറാം നമ്പറില്‍ അബ്ദുല്‍ ബാസിത്താണുള്ളത്. ഓള്‍റൗണ്ടറായ താരം മാച്ച് വിന്നറാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിട്ടുള്ള താരമാണ് ബാസിത്. സഞ്ജുവിനെ റോള്‍ മോഡലായി കണക്കാക്കുന്ന താരമാണ് അദ്ദേഹം. ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിന് ഉപകാരിയാണ് ബാസിത്. ഉയര്‍ന്ന കായിക ക്ഷമതയുള്ള താരമാണ് ബാസിത്.
ഏഴാം നമ്പറില്‍ ജലജ് സക്‌സേനയാണുള്ളത്. ഓള്‍റൗണ്ടറായ താരം സമീപകാലത്തായി മികച്ച പ്രകടനമാണ് കേരള ടീമിനൊപ്പം നടത്തിയത്. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയതിന് താരത്തിനെ കഴിഞ്ഞിടെ കേരള ടീം അനുമോദിക്കുകയും ചെയ്തിരുന്നു. ഓള്‍റൗണ്ട് ഷോയോടെ ടീമിന്റെ നിര്‍ണ്ണായകമാകാന്‍ കഴിവുള്ളവനാണ് സക്‌സേനയെന്ന് പറയാം. സ്പിന്നര്‍ സിജോമോന്‍ ജോസഫിനെ എട്ടാം നമ്പറിലും കളിപ്പിക്കാം. ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാനും യുവതാരത്തിന് കഴിവുണ്ട്.
ബേസില്‍ തമ്പി, നിധീഷ് എംഡി, ഷറഫുദ്ദീന്‍ എന്‍എം
ഒമ്പതാം നമ്പറില്‍ ബേസില്‍ തമ്പിയെ പരിഗണിക്കാം. സീനിയര്‍ പേസറായ ബേസില്‍ തമ്പി കേരളത്തിനൊപ്പം മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായും കളിച്ചിട്ടുണ്ട്. പേസ് നിരയില്‍ നിധീഷും എംഡിയും ഷറഫുദ്ദീന്‍ എന്‍എമ്മുമാണ് മറ്റുള്ളവര്‍. ഈ പേസ് കൂട്ടുകെട്ടിനെ കേരളം ഇറക്കാനുള്ള സാധ്യതയാണ് കൂടുതലെന്ന് പറയാം.