IND vs ENG: സഞ്ജു പുറത്ത്! സൂര്യകുമാര്‍, ഇഷാന്‍, തെവാത്തിയ ഇന്ത്യന്‍ ടി20 ടീമില്‍- ഇത് കിടു ടീം
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് കൂടി മുന്നില്‍ കണ്ട് പല സര്‍പൈസുകളുമായിട്ടാണ് സെലക്ഷന്‍ കമ്മിറ്റി ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണിനെ ടീമില്‍ നിന്നൊഴിവാക്കിയെന്നതാണ് എടുത്തു പറയേണ്ട കാര്യം.
സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, രാഹുല്‍ തെവാത്തിയ, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ടീമിമിലെ പുതുമുഖങ്ങള്‍. കഴിഞ്ഞ ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ താരങ്ങളാണ് ഇവരെല്ലാം. ടെസ്റ്റില്‍ മിന്നുന്ന പ്രകടനം നടത്തുന്ന റിഷഭ് പന്തിനെ ടി20 ടീമിലേക്കു തിരികെ വിളിച്ചുവെന്നത് മറ്റൊരു സര്‍പ്രൈസാണ്. സ്വിങ് സ്‌പെഷ്യലിസ്റ്റ് ഭുവനേശ്വര്‍ കുമാറും മടങ്ങിയെത്തിയിട്ടുണ്ട്.

സഞ്ജുവിന് പകരം ഇഷാന്‍
റിഷഭ് പന്തിനൊപ്പം ബാക്കപ്പ് വിക്കറ്റ് കീപ്പറായാണ് മുംബൈ ഇന്ത്യന്‍സിന്‍സിന്റെ വെടിക്കെട്ട് താരം ഇഷാന്‍ കിഷന്‍ ആദ്യമായി ദേശീയ ടീമിലെത്തിയത്. കഴിഞ്ഞ രണ്ടു ടി20 പരമ്പരകളിലും സഞ്ജുവായിരുന്നു ബാക്കപ്പ് വിക്കറ്റ് കീപ്പര്‍. എന്നാല്‍ ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ നടന്ന കഴിഞ്ഞ രണ്ടു പരമ്പരകളിലും ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സഞ്ജുവിനായില്ല. ഇതോടെയാണ് സെലക്ഷന്‍ കമ്മിറ്റി ഇഷാന് അവസരം നല്‍കാന്‍ തീരുമാനിച്ചത്.
വരാനിരിക്കുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ സഞ്ജുവിന് ദേശീയ ടീമിലേക്കു ഇനിയൊരു മടങ്ങിവരവ് ഉണ്ടാവുകയുള്ളൂ.

യാദവും തെവാത്തിയയും
സൂര്യകുമാറിന് ഒടുവില്‍ അര്‍ഹിച്ച അവസരം തന്നെയാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ മുംബൈയ്ക്കായി മിന്നുന്ന പ്രകടനം നടത്തിയ സൂര്യകുമാറിനെ ഓസീസ് പര്യടനത്തിലേക്കു പരിഗണിക്കാതിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. പല മുന്‍ താരങ്ങളും താരത്തിനു വേണ്ടി വാദിച്ച് രംഗത്തു വരികയും ചെയ്തിരുന്നു.
അതേസമയം, രാജസ്ഥാന്‍ റോയല്‍സിനായി നടത്തിയ മിന്നുന്ന പ്രകടനമാണ് തെവാത്തിയക്കു നറുക്കുവീഴാന്‍ കാരണം. കഴിഞ്ഞ സീസണില്‍ ബൗളിങിലും ബാറ്റിങിലും ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ താരം കളിച്ചിരുന്നു.
ഐപിഎല്ലിന്റെ മറ്റൊര കണ്ടെത്തലാണ് സ്പിന്നറായ വരുണ്‍. കഴിഞ്ഞ ഐപിഎല്ലില്‍ കെകെആറിനായി താരം മികച്ച ബൗളിങ് കാഴ്ചവച്ചിരുന്നു. ഓസീസ് പര്യടനത്തില്‍ അദ്ദേഹത്തെ ആദ്യം ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരിക്കു കാരം പിന്‍മാറേണ്ടി വരികയായിരുന്നു. തുടര്‍ന്നാണ് ടി നടരാജനു അന്നു അവസരം ലഭിച്ചത്.

പന്തിന്റെ മടങ്ങിവരവ്, ബുംറയ്ക്കു വിശ്രമം
റിഷഭ് പന്തിന്റെ മടങ്ങിവരവ് ഈ ടി20 പരമ്പരയില്‍ ഉണ്ടായേക്കുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. കാരണം കഴിഞ്ഞ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കസറിയ പന്ത് ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ബാറ്റിങില്‍ തിളങ്ങുന്നതിനൊപ്പം വിക്കറ്റ് കീപ്പിങിലും പന്ത് ഇപ്പോള്‍ മികവ് പുലര്‍ത്തുന്നുണ്ട്.
പരിക്കു കാരണം ഏറെക്കാലമായി ടീമിനു പുറത്തായിരുന്ന ഭുവനേശ്വര്‍ കുമാര്‍ ടി20 പരമ്പരയിലൂടെ ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഭുവിയുടെ മടങ്ങിവരവ് ഇന്ത്യന്‍ പേസാക്രമണത്തിന് മൂര്‍ച്ച കൂട്ടുമെന്നുറപ്പാണ്.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ടി20 പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയിട്ടുണ്ട്. കൂടാതെ പരിക്കേറ്റു വിശ്രമിക്കുന്ന രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരും ടീമില്‍ ഇല്ല.

ഇന്ത്യന്‍ ടി20 ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ,. റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാത്തിയ, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, നവദീപ് സെയ്‌നി, ശര്‍ദ്ദുര്‍ താക്കൂര്‍

അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര
അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്. മാര്‍ച്ച് 12നാണ് ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. ഓരോ ദിവസം ഇടവിട്ടായിരിക്കും മല്‍സരങ്ങള്‍. എല്ലാ മല്‍സരങ്ങള്‍ക്കും വേദിയാവുക അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയമാണ്. രാത്രി ഏഴു മണിക്കാണ് മുഴുവന്‍ മല്‍സരങ്ങളും ആരംഭിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications