ധോണിയുടേത് പോലുള്ള മുറി ലഭിച്ചില്ല, റെയ്‌ന ഉടക്കി! പിന്‍മാറ്റത്തിനു പിന്നില്‍ തര്‍ക്കമെന്ന് സൂചന
ഐപിഎല്ലിനു ആഴ്ചകള്‍ മാത്രം ശേഷിക്കെ സ്റ്റാര്‍ ഓള്‍റൗണ്ടറും ടീമിന്റെ തുറുപ്പുചീട്ടുകളിലൊരാളുമായ സുരേഷ് റെയ്‌ന പിന്‍മാറിയത് ചെന്നൈ സൂപ്പര്‍ കിങ്‌സിനു അപ്രതീക്ഷിത ആഘാതമായി മാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണില്‍ നിന്നു വിട്ടുനില്‍ക്കുന്നതായി അറിയിച്ചത്.
സിഎസ്‌കെയില്‍ രണ്ടു താരങ്ങളുള്‍പ്പെടെ 13 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതാണ് റെയ്‌നയുടെ പിന്‍മാറ്റത്തിനു പിന്നിലെന്നായിരുന്നു ആദ്യത്തെ സൂചനകള്‍. എന്നാല്‍ ഇന്ത്യയില്‍ സ്വന്തം കുടുംബാഗങ്ങളെ മോഷ്ടാക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ഇതില്‍ അസ്വസ്ഥനായാണ് താരം നാട്ടിലേക്കു മടങ്ങിയതെന്നായിരുന്നു പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുമല്ല പിന്‍മാറ്റത്തിന്റെ യഥാര്‍ഥ കാരണമെന്നും സിഎസ്‌കെ ടീമിലെ തര്‍ക്കവും ഇതേ തുടര്‍ന്നു ഉടക്കിയാണ് റെയ്‌ന ടീം വിട്ടതെന്നുമാണ് ഔട്ട്‌ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.

ടീമിന് ഷോക്കായെന്ന് ശ്രീനിവാസന്‍
ഐപിഎല്ലില്‍ പങ്കെടുക്കാതെ റെയ്‌നയുടെ പെട്ടെന്നുള്ള പിന്‍മാറ്റം സിഎസ്‌കെയ്ക്കു ഷോക്കായിരുന്നുവെന്ന് ഉടമയും മുന്‍ ബിസിസിഐ പ്രസിഡന്റുമായ എന്‍ ശ്രീനിവാസന്‍ ഔട്ട്‌ലുക്കിനോടു പറഞ്ഞു. എന്നാല്‍ സിഎസ്‌കെയില്‍ ഇപ്പോള്‍ എല്ലാം ധോണിയുടെ പൂര്‍ണ നിയന്ത്രണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
2008ലെ പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ നിര്‍ണായക താരങ്ങളിലൊരാളാണ് റെയ്‌ന. ധോണിയുടെ അടുത്ത കൂട്ടുകാരനും ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം. എന്നാല്‍ റെയ്‌നയുടെ പിന്‍മാറ്റത്തിന്റെ യഥാര്‍ഥ കാരണമെന്താണെന്നത് ആരും വിശദീകരണം നല്‍കിയിട്ടില്ല.

ഹോട്ടല്‍ മുറിയില്‍ അതൃപ്തി
സിഎസ്‌കെ ടീം മാനേജ്‌മെന്റുമായി ഉടക്കിയാണ് റെയ്‌ന ഇന്ത്യയിലേക്കു തിരിച്ചുപോയതെന്നാണ് ഔട്ട്‌ലുക്ക് പറയുന്നത്. ആഗസ്റ്റ് 21നായിരുന്നു സിഎസ്‌കെ ടീം ഐപിഎല്ലിനായി യുഎഇയിലെത്തിയത്. തനിക്കു നല്‍കിയ ഹോട്ടല്‍ മുറിയില്‍ റെയ്‌ന ആദ്യത്തെ ദിവസം മുതല്‍ അതൃപ്തനായിരുന്നുവെന്നാണ് വിവരം.
കൊവിഡ് കാരണമുള്ള കര്‍ശനമായ പെരുമാറ്റച്ചട്ടങ്ങള്‍ റെയ്‌നയെ അസ്വസ്ഥനാക്കിയിരുന്നു. മാത്രമല്ല ക്യാപ്റ്റന്‍ ധോണിക്കു നല്‍കിയതു പോലത്തെ മുറി തനിക്കും വേണമെന്ന് റെയ്‌ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്നും ഔട്ട്‌ലുക്ക് പറയുന്നു.

മുറിയില്‍ ബാല്‍ക്കണിയില്ല
ധോണി താമസിച്ച മുറിയിലേതു പോലെ തന്റെ മുറിയില്‍ ബാല്‍ക്കണിയില്ലാതിരുന്നതും റെയ്‌നയെ ചൊടിപ്പിച്ചിരുന്നു. ഇതേക്കുറിച്ചു തന്റെ തന്റെ അതൃപ്തി താരം ടീം മാനേജ്‌മെന്റിനെ അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം.
ഇതേ തുടര്‍ന്ന് ധോണി ഇടപെട്ട് റെയ്‌നയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ പ്രശ്‌നം രൂക്ഷമാവുകയും ചെയ്തു. ഈ തര്‍ക്കത്തിനൊപ്പം ടീമില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുക കൂടി ചെയ്തതോടെ ഭയന്ന റെയ്‌ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാതെ പിന്‍മാറുകയായിരുന്നുവെന്നും ഔട്ട്‌ലുക്ക് ചൂണ്ടിക്കാണിക്കുന്നു.

ആരെയും പിടിച്ചുവയ്ക്കില്ല
ക്രിക്കറ്റര്‍മാര്‍ പഴയ കാലത്തെ നടീ നടന്മാരെപ്പോലെ താനാണ് ഏറ്റവും വലിയവനെന്നു നടിക്കുന്നവരും എളുപ്പം പ്രകോപിതരാവുന്നവരുമാണെന്ന് സിഎസ്‌കെ ഉടമ ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. ചെന്നൈ സൂപ്പര്‍ കിങ്‌സ് എല്ലായ്‌പ്പോഴും ഒരു കുടുംബം പോലെയാണ്. എല്ലാ മുതിര്‍ന്ന താരങ്ങളും ഈ കുടുംബവുമായി നല്ല രീതിയില്‍ ഒത്തുപോവാന്‍ കഴിയുന്നവരുമാണ്.
റെയ്‌നയുടെ അധ്യായത്തില്‍ നിന്നും എത്രയും വേഗം പുറത്തുകടക്കാനാണ് സിഎസ്‌കെയുടെ ശ്രമം. നിങ്ങള്‍ക്കു വിമുഖതയും അസംതൃപ്തിയുമുണ്ടെങ്കില്‍ തിരിച്ചുപോവണം. ആരെയും ഒന്നും ചെയ്യാന്‍ താന്‍ നിര്‍ബന്ധിക്കില്ല. ചിലപ്പോള്‍ വിജയം നിങ്ങളുടെ തലയ്ക്കു പിടിക്കുമെന്നും റെയ്‌നയുടെ പേര് പരാമര്‍ശിക്കാതെ ശ്രിനിവാസന്‍ തുറന്നടിച്ചു.

ധോണി അസ്വസ്ഥനല്ല
റെയ്‌നയുടെ പൊടുന്നനെയുള്ള പിന്‍മാറ്റത്തിലും ടീമിലെ നിരവധി പേര്‍ക്ക് കൊവിഡ് ബാധിച്ചതും ധോണിയെ അസ്വസ്ഥനാക്കുന്നില്ലെന്നു ശ്രീനിവാസന്‍ വ്യക്തമാക്കി. ധോണിയുമായി സംസാരിച്ചിരുന്നു. ഇനിയും കൊവിഡ് ബാധിതരുടെ എണ്ണം കൂടിയാലും തനിക്കു ആശങ്കയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സൂം കോള്‍ വഴി ധോണി ടീമിലെ താരങ്ങളുമായി സംസാരിക്കുകയും സുരക്ഷിതരായി ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കാരണം ആരുടെ ശരീരത്തിലാണ് വൈറസ് ബാധയുള്ളതെന്നു പറയാനാവില്ലെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
സിഎസ്‌കെ ടീമില്‍ ദീപക് ചഹര്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടു പേരും ഉടന്‍ രോഗമുക്തരാവുമെന്ന് ധോണി തനിക്കു ഉറപ്പ് നല്‍കിയതായി ശ്രീനിവാസന്‍ വ്യക്തമാക്കി.
വളരെ കരുത്തുറ്റ ക്യാപ്റ്റനെയാണ് എനിക്കു ലഭിച്ചിരിക്കുന്നത്. ധോണിയെ ഒന്നും അലട്ടാറില്ല. ഇതു ടീമിലെ എല്ലാവര്‍ക്കും ഒരുപാട് ആത്മവിശ്വാസം നല്‍കുന്നതായും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications