IPl: ടീമിനായി കപ്പ് നേടിക്കൊടുത്തു, എന്നിട്ടും കൈയടി ഇല്ല, ഇവര്‍ വാഴ്ത്തപ്പെടാത്ത ഹീറോകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരവ് നിരവധി യുവതാരങ്ങള്‍ക്കാണ് കരിയറില്‍ വഴിത്തിരിവ് സമ്മാനിച്ചത്. ഇന്നത്തെ ഇന്ത്യന്‍ ടീമിലെ പല സൂപ്പര്‍ താരങ്ങളും ദേശീയ ടീമിലേക്കെത്തിയത് ഐപിഎല്ലിലെ പ്രകടനം കൊണ്ടാണ്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന, ഹര്‍ദിക് പാണ്ഡ്യ, യുസ് വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ ഇങ്ങനെ നീളുന്ന വന്‍ പട്ടിക തന്നെ ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമിലേക്കെത്തിയവരുടേതായി പറയാം. ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും ആരാധകര്‍ക്കിടയില്‍ ഇത്രയും താരമായി മാറിയതും ഐപിഎല്ലിലൂടെയാണെന്ന് പറയാം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പല താരങ്ങളുടെയും കരിയറില്‍ വലിയ വഴിത്തിരിവായിട്ടുണ്ട്. കഴിഞ്ഞ 14 സീസണിനിടെ ആരാധക മനസില്‍ ഇടം നേടിയെടുത്ത താരങ്ങള്‍ നിരവധിയാള്‍. പോള്‍ വാല്‍ത്താട്ടിയെപ്പോലെ ഒരു സീസണ്‍കൊണ്ട് ആരാധക മനസില്‍ ഇടം പിടിച്ചുപറ്റിയവരുമുണ്ട്. പലര്‍ക്കും ദേശീയ ടീമിലേക്കുള്ള വാതില്‍ ഐപിഎല്ലിലൂടെ തുറക്കപ്പെട്ടപ്പോള്‍ മറ്റ് പലര്‍ക്കും അര്‍ഹിച്ച അംഗീകാരം ലഭിക്കാതെയും പോയിട്ടുണ്ട്.
എന്നാല്‍ അതുപോലെ തന്നെ ഐപിഎല്ലില്‍ കളിച്ച് മികവ് കാട്ടിയിട്ടും വേണ്ടത്ര അവസരവും കൈയടിയും ലഭിക്കാതെ പോയ ചില താരങ്ങളുമുണ്ട്. ഐപിഎല്ലില്‍ കിരീടം നേടിക്കൊടുക്കാന്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടും വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാനോ അര്‍ഹിച്ച കൈയടി നേടിയെടുക്കാനോ സാധിക്കാതെ പോയ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സ്വപ്‌നില്‍ അസ്‌നോദ്കര്‍
പ്രഥമ ഐപിഎല്‍ സീസണില്‍ ചാമ്പ്യന്മാരായത് രാജസ്ഥാന്‍ റോയല്‍സായിരുന്നു. ഷെയ്ന്‍ വോണ്‍ നയിച്ച ടീമില്‍ സൊഹൈല്‍ തന്‍വീര്‍, യൂസഫ് പഠാന്‍, ഷെയ്ന്‍ വാട്‌സന്‍, ഗ്രെയിം സ്മിത്ത് എന്നിവരെല്ലാം ഉണ്ടായിരുന്നു. ഇവരെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുകയും കൈയടി നേടുകയും ചെയ്തു. എന്നാല്‍ ഇവരുടെ കൂട്ടത്തില്‍ നിര്‍ണ്ണായക പ്രകടനം നടത്തിയിട്ടും അധികമാരും അറിയാതെ പോയ പേരാണ് സ്വപ്‌നില്‍ അസ്‌നോദ്കര്‍. അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ അര്‍ധ സെഞ്ച്വറി നേടിയ താരം ഓപ്പണിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. തല്ലിത്തകര്‍ത്ത് കളിച്ച താരം 9 മത്സരത്തില്‍ നിന്ന് നേടിയത് 311 റണ്‍സാണ്. 133.47 സ്‌ട്രൈക്കറേറ്റില്‍ കളിച്ച താരം അരങ്ങേറ്റ മത്സരത്തില്‍ കെകെആറിനെതിരേ 34 പന്തില്‍ 60 റണ്‍സുമായാണ് വരവറിയിച്ചത്. ടീമിന്റെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്കായിരുന്നു അദ്ദേഹത്തിനെങ്കിലും അര്‍ഹിച്ച അംഗീകാരം ലഭിച്ചില്ല.

രജത് ബാട്ടിയ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം 2012, 2014 സീസണില്‍ കിരീടം നേടിയ താരമാണ് മീഡിയം പേസ് ഓള്‍റൗണ്ടറായ രജത് ബാട്ടിയ. രണ്ട് സീസണിലും ടീമിന്റെ കിരീട നേട്ടത്തിന് പിന്നിലും നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് രജത് ബാട്ടിയ. 2012ല്‍ 17 മത്സരത്തില്‍ നിന്ന് 13 വിക്കറ്റും 2014ല്‍ 12 മത്സരത്തില്‍ നിന്ന് 12 വിക്കറ്റുമാണ് അദ്ദേഹം നേടിയത്. 2012ല്‍ 7.31 ഇക്കോണമിയിലും 2014ലില്‍ 7.44 ഇക്കോണമിയിലുമായിരുന്നു പ്രകടനം. ഗൗതം ഗംഭീര്‍ നന്നായി ഉപയോഗിച്ച താരമാണ് രജത് ബാട്ടിയ. എന്നാല്‍ പ്രതീക്ഷിച്ച ഉയരങ്ങളിലേക്കെത്താന്‍ അദ്ദേഹത്തിനായില്ല. ദേശീയ ടീമിലേക്ക് വളരാന്‍ രജത് ബാട്ടിയക്കായില്ലെങ്കിലും വാഴ്ത്തപ്പെടാത്ത ഹീറോയാണ് രജത് ബാട്ടിയ.

സുബ്രമണ്യ ബദരിനാഥ്
പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെ ടീമിന്റെ ഭാഗമായിരുന്ന സുബ്രമണ്യ ബദരിനാഥ് ഏത് ബാറ്റിങ് പൊസിഷനിലും ഒരുപോലെ തിളങ്ങാന്‍ മിടുക്കനായിരുന്നു. 2010, 2011 സീസണുകളില്‍ സിഎസ്‌കെ കിരീടം നേടിയപ്പോള്‍ ബദരിയും ടീമിനൊപ്പമുണ്ടായിരുന്നു. ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാനും ബദരിനാഥിനായി. 2010 സീസണില്‍ 16 മത്സരത്തില്‍ നിന്ന് 356 റണ്‍സാണ് അദ്ദേഹം നേടിയത്. 2011ല്‍ 16 മത്സരത്തില്‍ നിന്ന് 396 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ആറ് തവണ പുറത്താകാതെ നില്‍ക്കാനും ബദരിനാഥിനായി. ഇന്ത്യന്‍ ദേശീയ ടീമില്‍ അരങ്ങേറാനുള്ള അവസരവും ലഭിച്ചെങ്കിലും വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. സിഎസ്‌കെയുടെ മാത്രമല്ല ഐപിഎല്ലിലെത്തന്നെ വാഴ്ത്തപ്പെടാത്ത ഹീറോയാണ് ബദരിനാഥ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications