
ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരം നടക്കുന്ന ദിവസം ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ പരിശീലനത്തിലേര്‍പ്പെട്ടിരുന്നു. ടോസിനു തൊട്ടുമുമ്പായിരുന്നു ഇത്. ഫുട്‌ബോള്‍ കളിക്കവെ ധോണി ഗ്രൗണ്ടിലൂടെ തെന്നിനീങ്ങുന്നതു കണ്ടതോടെ തന്റെ സകല നിയന്ത്രണങ്ങളും വിടുകയായിരുന്നുവെന്നു രവി ശാസ്ത്രി പറയുന്നു.
ഫുട്‌ബോള്‍ കളിക്കവെ ധോണിക്കു പരിക്കേല്‍ക്കുകയാണെങ്കില്‍ അതു പാകിസ്താനുമായുള്ള പ്രധാനപ്പെട്ട മല്‍സരത്തില്‍ ഇന്ത്യക്കു കനത്ത ആഘാതമായി മാറുമെന്നതിനാലാണ് താന്‍ അന്നു ചൂടായി സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്റെ ജീവിതത്തില്‍ ഞാന്‍ അന്നത്തേതു പോലെ ആക്രോശിച്ചിട്ടില്ല. കളി നിര്‍ത്തൂയെന്നു ഞാന്‍ അലറി വിളിച്ചു! കൃത്യമായി ഇതു തന്നെയാണോ പറഞ്ഞതെന്നു ഓര്‍മയില്ല. ഇങ്ങനെയെന്തോയാണ് അന്നു വിളിച്ചു പറഞ്ഞത്. പാകിസ്താനെതിരായ നിര്‍ണായക മല്‍സരത്തിനു മുമ്പ് നിങ്ങള്‍ ടീമിന്റെ പ്രധാനപ്പെട്ട താരത്തെ നഷ്ടപ്പെടാന്‍ ആഗ്രഹിക്കില്ല. പക്ഷെ ധോണിയെക്കൊണ്ട് ഫുട്‌ബോള്‍ ഉപേക്ഷിപ്പിക്കുകയെന്നത് അസാധ്യവുമാണെന്നും ഐപിഎല്‍ കവറേജിനിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍
രവി ശാസ്ത്രി പറഞ്ഞു.

എംഎസ് ധോണിക്കു ഫുട്‌ബോളിനോടുള്ള പ്രണയത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും രവി ശാസ്ത്രി ചൂണ്ടിക്കാട്ടി. ഫുട്‌ബോളിനോടുള്ള ധോണിയുടെ പാഷന്‍ പുറത്തുള്ളവരെ അസ്വസ്ഥരാക്കാറുണ്ട്. കാരണം ഫുട്‌ബോള്‍ കളിക്കവെ അദ്ദേഹത്തിനു പരിക്കേല്‍ക്കുകയാണെങ്കില്‍ അതു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയായിരിക്കും ബാധിക്കുകയെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
ഫുട്‌ബോള്‍ ധോണിക്കു വളരെ ഇഷ്ടമുള്ള ഗെയിമാണ്. ഒരു യഥാര്‍ഥ മല്‍സരത്തിന്റെ ആവേശത്തോടെയാണ് പരിശീലനത്തില്‍പ്പോലും അദ്ദേഹം കളിക്കാറുള്ളത്. പക്ഷെ ഇതു കാണുന്ന നമ്മുടെയുള്ളില്‍ ധോണിക്കു പരിക്കേല്‍ക്കുമോയെന്ന ഭയമായിരിക്കും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എംഎസ് ധോണിയുടെ ആദ്യത്തെ പാഷന്‍ ഫുട്‌ബോളിനോടായിരുന്നു. വിദ്യാര്‍ഥിയായിരിക്കെ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍കീപ്പര്‍ കൂടിയായിരുന്നു അദ്ദേഹം. ഗോള്‍മുഖത്ത് ധോണിയുടെ മെയ്‌വഴക്കും വേഗതയുമെല്ലാം നിരീക്ഷിച്ച സ്‌കൂള്‍ ടീം കോച്ചാണ് ധോണിയോട് ക്രിക്കറ്റിലേക്കു മാറാന്‍ ഉപദേശിച്ചത്. സ്‌കൂളിലെ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പറാവാന്‍ അദ്ദേഹത്തോടു കോച്ച് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ധോണി ഫുട്‌ബോള്‍ വിട്ട് ക്രിക്കറ്റിലേക്കു തിരിഞ്ഞത്. പിന്നീട് സംഭവിച്ചത് ചരിത്രം.

അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും എംഎസ് ധോണി ക്രിക്കറ്റിനോടു പൂര്‍ണമായി ഗുഡ്‌ബൈ പറഞ്ഞിട്ടില്ല. 40ാം വയസ്സിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. ഈ സീസണില്‍ പക്ഷെ വിക്കറ്റ് കീപ്പറുടെ റോള്‍ മാത്രമാണ് ധോണിക്കുള്ളത്. 15ാം സീസണ്‍ ആരംഭിക്കുന്നത് രണ്ടു ദിവസം മാത്രം മുമ്പാണ് സിഎസ്‌കെയുടെ നായകസ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച അദ്ദേഹം പകരം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു ചുമതല നല്‍കിയത്. പക്ഷെ ഈ നീക്കം വലിയ ദുരന്തത്തിലേക്കു നീങ്ങുകയാണ്. ജഡ്ഡുവിനു കീഴില്‍ ഈ സീസണില്‍ കളിച്ച നാലു മല്‍സരങ്ങളിലും സിഎസ്‌കെ തോറ്റു കഴിഞ്ഞു. ഇതോടെ ടീമിന്റെ പ്ലേഓഫ് സാധ്യതകള്‍ക്കും മങ്ങലേറ്റിരിക്കുകയാണ്.


Click it and Unblock the Notifications