ഏറ്റവും സമ്മര്‍ദ്ദമുണ്ടാക്കിയ ക്യാച്ചേത്? അത് ലോകകപ്പ് ഫൈനലില്‍ മിസ്ബയുടേതല്ല!- ശ്രീശാന്ത് പറയുന്നു
ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പ് ഫൈനലും ഇന്ത്യയുടെ കിരീടമുറപ്പിച്ച മലയാളി താരം ശ്രീശാന്തിന്റെ ക്യാച്ചും ക്രിക്കറ്റ് പ്രേമികള്‍ ഇന്നും മറന്നു കാണില്ല. ജോഗീന്ദര്‍ ശര്‍മയുടെ ബൗളിങില്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ് ശ്രീയുടെ കൈക്കുമ്പിളില്‍ ഒതുങ്ങിയ ക്യാച്ചാണ് ഇന്ത്യയുടെ ആഘോഷങ്ങള്‍ക്കു തുടക്കമിട്ടത്. കരിയറില്‍ തനിക്കു ഏറ്റവും സമ്മര്‍ദ്ദമുണ്ടാക്കിയ ക്യാച്ച് ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുയാണ് ശ്രീശാന്ത്. അത് മിസ്ബയുടെ ക്യാച്ചായിരുന്നില്ലെന്നാണ് ശ്രീ പറയുന്നത്.
ഫൈനലില്‍ തന്നെ പാകിസ്താന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയുടെ ക്യാച്ചെടുക്കുമ്പോഴാണ് തനിക്കു കൂടുതല്‍ സമ്മര്‍ദ്ദമുണ്ടായതെന്നും അത്രയും സമ്മര്‍ദ്ദം മുമ്പോ, ശേഷമോ തനിക്കുണ്ടായിട്ടില്ലെന്നും ശ്രീശാന്ത് വെളിപ്പെടുത്തി.

അഫ്രീഡിയുടെ ക്യാച്ച്
ഫൈനലില്‍ അഫ്രീഡിയെ ക്യാച്ച് ചെയ്ത് പുറത്താക്കിയത് മറക്കാന്‍ കഴിയില്ല. കാരണം അത്രയും സമ്മര്‍ദ്ദത്തിലാണ് ആ ക്യാച്ചെടുത്തത്. കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ക്യാച്ചും ഇത് തന്നെയാണ്.
ഇര്‍ഫാന്‍ പഠാനായിരുന്നു ബൗളര്‍. അഫ്രീഡി തീര്‍ച്ചയായും സിക്‌സറിനു ശ്രമിക്കുമെന്ന് ഇര്‍ഫാന്‍ എന്നോടു പറഞ്ഞു. പന്ത് ലോങ് ഓഫിലേക്കായിരിക്കും വരിക, നീ പിടിക്കണമെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു. അഫ്രീഡിയെ മുമ്പ് ഒരുപാട് തവണ പുറത്താക്കിയതിന്റെ അനുഭവത്തിലായിരിക്കാം ഇര്‍ഫാന്‍ ഇത്ര കൃത്യമായി ഇക്കാര്യം പറഞ്ഞതെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

ഇര്‍ഫാന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല
അഫ്രീഡിയെക്കുറിച്ച് ഇര്‍ഫാന്റെ പ്രവചനം പിഴച്ചില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ അഫ്രീഡി ഇര്‍ഫാനെതിരേ സിക്‌സറിനു ശ്രമിച്ചു. ടൈമിങ് പിഴച്ച് വായുവിലുയര്‍ന്ന പന്ത് മിഡ്ഓഫില്‍ ശ്രീശാന്ത് അനായാസം പിടികൂടുകയും ചെയ്തു. അഫ്രീഡി ഗോള്‍ഡന്‍ ഡെക്ക്.
ഈ ക്യാച്ച് വളരെ അനായാസമയെന്ന് തോന്നാമെങ്കിലും പന്ത് കൈപ്പിടിയിലൊതുങ്ങുന്നത് വരെ താന്‍ നേരിട്ട സമ്മര്‍ദ്ദം ഏറെയായിരുന്നുവെന്ന് ശ്രീശാന്ത് പറയുന്നു. അഫ്രീഡി പുറത്തായതോടെ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ ആറിന് 77 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തുകയും ചെയ്തു.

മിസ്ബയുടെ ക്യാച്ചിനെക്കുറിച്ച് ആശയക്കുഴപ്പം
പാകിസ്താന്റെ അവസാന ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായ മിസ്ബാഹുല്‍ ഹഖിന്റെ ക്യാച്ചിനെക്കുറിച്ച് തനിക്കു ആശയക്കുഴപ്പമുണ്ടായിരുന്നതായി ശ്രീശാന്ത് വെളിപ്പെടുത്തി. വലതു വശത്തേക്കോ, ഇടതു വശത്തേക്കോ ഡൈവ് ചെയ്യണോയെന്നാണ് ആദ്യം ചിന്തിച്ചത്. മിസ്ബായെ രണ്ട് റണ്‍സ് നേടുന്നതില്‍ നിന്നും തടയുകയായിരുന്നു ലക്ഷ്യം. ക്യാച്ചെടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമുണ്ടായിരുന്നില്ല.
മിസ്ബയുടെ ക്യാച്ച് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സമ്മര്‍ദ്ദമുണ്ടാക്കുന്ന ക്യാച്ചാണെന്ന് ധോണി പോലും പിന്നീട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ തനിക്കു അത്രയും സമ്മര്‍ദ്ദം അനുഭവപ്പെട്ടിരുന്നില്ല. അതിനേക്കാള്‍ സമ്മര്‍ദ്ദം തോന്നിയത് അഫ്രീഡിയെ പിടികൂടിയപ്പോഴായിരുന്നുവെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications