അന്താരാഷ്ട്ര ക്രിക്കറ്റിലെ താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത പരിശോധിച്ചാല്‍ മിക്കവരും 10ാം ക്ലാസും ഗുസ്തിയുമാണ്. ചെറുപ്പം മുതല്‍ ക്രിക്കറ്റിലേക്ക് പൂര്‍ണ്ണ ശ്രദ്ധ നല്‍കാതെ അന്താരാഷ്ട്ര കരിയറിലേക്ക് വളരുക പ്രയാസമാണ്. അതുകൊണ്ട് തന്നെ പലരും ഉന്നത വിദ്യാഭ്യാസം വേണ്ടെന്നുവെച്ച് ക്രിക്കറ്റിലേക്ക് എല്ലാ പ്രതീക്ഷയും വെച്ച് പൊരുതും. ഇതോടെ ക്രിക്കറ്റ് താരങ്ങളില്‍ പലരുടേയും വിദ്യാഭ്യാസ യോഗ്യത വളരെ കുറവാവുകയും ചെയ്തു.
വളരെ അപൂര്‍വ്വം താരങ്ങളാണ് ക്രിക്കറ്റിനോടൊപ്പം വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോയത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിലെ ചിലരുടെ വിദ്യാഭ്യാസം ശരിക്കും ഞെട്ടിക്കുന്നതാണ്. ഉന്നത വിദ്യാഭാസം നേടിയതോടൊപ്പം ക്രിക്കറ്റിലും സൂപ്പര്‍ താരങ്ങളാവാന്‍ ഇവര്‍ക്ക് സാധിച്ചു. ഇത്തരത്തില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനും ഇതിഹാസ സ്പിന്നറുമായ അനില്‍ കുംബ്ലെയാണ് ഇതിലൊരാള്‍. സ്പിന്‍ ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിച്ചിരുന്ന കുംബ്ലെ ക്രിക്കറ്റിനൊപ്പം തന്റെ വിദ്യാഭ്യാസവും ശ്രദ്ധിച്ചിരുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം പൂര്‍ത്തിയാക്കിയ താരമാണ് കുംബ്ലെ. ബംഗളൂരുവിലെ രാഷ്ട്രീയ വിദ്യാലയ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്നാണ് അദ്ദേഹം ബിരുദം നേടിയത്.
ടെസ്റ്റില്‍ 619 വിക്കറ്റും ഏകദിനത്തില്‍ 337 വിക്കറ്റുമായി ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി മാറിയ താരമാണ് കുംബ്ലെ. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളയാളാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ വളര്‍ച്ചയിലേക്ക് കൈപിടിച്ചുയര്‍ത്തിയ നായകനാണ് ഗാംഗുലി. കല്‍ക്കട്ട യൂനിവേഴ്‌സിറ്റിയില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയയാളാണ് അദ്ദേഹം. ഇതോടൊപ്പം ലീഡര്‍ഷിപ്പ് ആന്റ് മാനേജ്‌മെന്റും അദ്ദേഹം പഠിച്ചിട്ടുണ്ട്.
കല്‍ക്കട്ടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്നാണ് അദ്ദേഹം ഈ കോഴ്‌സ് പൂര്‍ത്തിയാക്കിയത്. ഇൗ പഠനത്തിന്റെ ഗുണം ഗാംഗുലി നായകനായിരുന്ന കാലത്ത് കണ്ടതാണ്. ഇന്ത്യക്ക് ഐസിസി കിരീടം നേടിക്കൊടുത്തില്ലെങ്കിലും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായിരുന്നു ഗാംഗുലി. മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടറും പരിശീലകനുമായ രവി ശാസ്ത്രിയും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളയാളാണ്. മുംബൈയിലെ എച്ച്ആര്‍ കോളേജില്‍ നിന്ന് കൊമേഴ്‌സില്‍ അദ്ദേഹം ബിരുദം നേടിയിരുന്നു.

പഠനത്തോടൊപ്പം ക്രിക്കറ്റും ഒരുമിച്ചുകൊണ്ടുപോകാന്‍ അദ്ദേഹത്തിനായി. താരമെന്ന നിലയിലും പരിശീലകനെന്ന നിലയിലും ആരാധക മനസില്‍ ഇടം നേടാന്‍ രവി ശാസ്ത്രിക്ക് സാധിച്ചു. ഇപ്പോള്‍ കമന്റേറ്ററായും അവതാരകനായും അദ്ദേഹം തിളങ്ങുന്നു. മുന്‍ താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള താരമാണ്. ചെന്നൈയിലെ ലോയോല കോളേജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടിയയാളാണ് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍.
വിരമിച്ച ശേഷം കമന്റേറ്ററെന്ന നിലയിലും അദ്ദേഹം ഏറെക്കാലം പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ ടീമിലെ ബുദ്ധിമാനായ സ്പിന്നറെന്ന വിശേഷണത്തിന് അര്‍ഹനായ ആര്‍ അശ്വിനും ഉന്നത വിദ്യാഭ്യാസം നേടിയ താരമാണ്. ചെന്നൈയിലെ ശ്രീ ശിവസുബ്രമണ്യ നാഡാര്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിരുദം അശ്വിന്‍ നേടിയിട്ടുണ്ട്. കൃത്യമായ പദ്ധതികളോടെയും മുന്നൊരുക്കത്തോടെയും കളത്തിലിറങ്ങുന്ന അശ്വിന്‍ എക്കാലത്തെയും മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ്.
ഇന്ത്യയുടെ വന്മതിലും നിലവിലെ മുഖ്യ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് ക്രിക്കറ്റിനൊപ്പം തന്റെ വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യം നല്‍കിയിരുന്നു. കൊമേഴ്‌സില്‍ ബിരുദവും ബിസിനസ് അഡിമിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും ദ്രാവിഡ് നേടിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ടെസ്റ്റ് സൂപ്പര്‍ താരം വിവിഎസ് ലക്ഷ്മണും ഉന്നത വിദ്യാഭ്യാസം നേടിയ താരമാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഡോക്ടര്‍മാരായിരുന്നു. അതുകൊണ്ടുതന്നെ മെഡിക്കലില്‍ അദ്ദേഹം ബിരുദം നേടിയിട്ടുണ്ട്.