ഇനി വെറും ബാക്കപ്പുകളല്ല... സ്ഥാനം അവകാശപ്പെട്ട് 2 പേര്‍, ഇവര്‍ ഇന്ത്യയുടെ അപ്രതീക്ഷിത ഹീറോസ്
പൂനെ: ശ്രീലങ്കയ്‌ക്കെതിരേയുള്ള ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ രണ്ടു അപ്രതീക്ഷിത ഹീറോകളെയാണ് ലഭിച്ചിരിക്കുന്നത്. പേസര്‍മാരായ ശര്‍ദ്ദുല്‍ താക്കൂറും നവദീപ് സെയ്‌നിയുമാണ് ടീം മാനേജ്‌മെന്റിനെയും ആരാധകരുടെയുമെല്ലാം കണക്കുകൂട്ടലുകള്‍ക്കു അപ്പുറത്തെ പ്രകടനം നടത്തിയത്. വെറും ബാക്കപ്പ് താരങ്ങളായി പരിഗണിക്കപ്പെട്ടിരുന്ന തങ്ങളും ടീമില്‍ സ്ഥിരം സ്ഥാനം അര്‍ഹിക്കുന്നവരാണെന്ന ഓര്‍പ്പെടുത്തല്‍ കൂടിയാണ് ഇരുവരും ഈ പരമ്പരയിലൂടെ നല്‍കിയത്.
പരമ്പരയിലെ രണ്ടു മല്‍സരങ്ങളിലും തകര്‍പ്പന്‍ ബൗളിങ് കാഴ്ച വച്ച സെയ്‌നി മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശര്‍ദ്ദുലാവട്ടെ ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും തിളങ്ങി മൂന്നാം ടി20യിലെ മാന്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു.

ബുംറ ചിത്രത്തില്‍ ഇല്ല
പരിക്ക് മാറിയ സ്റ്റാര്‍ പേസറും ലോക ഒന്നാം നമ്പറുമായ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവെന്ന തരത്തിലായിരുന്നു ഇന്ത്യ- ലങ്ക ടി20 പരമ്പര നേരത്തേ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ബുംറയുടെ മടങ്ങിവരവ് ശര്‍ദ്ദുലിന്റെയും സെയ്‌നിയുടെയും മിന്നുന്ന പ്രകടനത്തില്‍ മങ്ങുകയായിരുന്നു. രണ്ടു കളികളില്‍ വെറും രണ്ടു വിക്കറ്റുകള്‍ മാത്രമാണ് ബുംറയ്ക്കു ലഭിച്ചത്.
എന്നാല്‍ സെയ്‌നിയും ശര്‍ദ്ദുലും അഞ്ചു വിക്കറ്റുകള്‍ വീതമെടുത്ത് ഇന്ത്യന്‍ പേസ് ബൗളിങിന്റെ അമരക്കാരായി മാറുകയായിരുന്നു.

സെയ്‌നിയുടെ പ്രകടനം
ബൗളിങില്‍ സെയ്‌നിയുടെ പ്രകടനമായിരുന്നു ഏറ്റവും ശ്രദ്ധേയം. വേഗം കൊണ്ടും കണിശതയാര്‍ന്ന യോര്‍ക്കറുകളിലൂടെയും താരം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ആദ്യ കളിയില്‍ 18 റണ്‍സിനു രണ്ടു വിക്കറ്റെടുത്ത സെയ്‌നി രണ്ടാം ടി20യില്‍ 28 റണ്‍സിനു മൂന്നു വിക്കറ്റും പിഴുതിരുന്നു.
കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരേ അരങ്ങേറ്റ മല്‍സരത്തില്‍ 17 റണ്‍സിന് മൂന്നു വിക്കറ്റ് കൊയ്തായിരുന്നു സെയ്‌നി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ വരവറിയിച്ചത്. ലങ്കയ്‌ക്കെതിരേയുള്ള പരമ്പരയില്‍ പന്തില്‍ കൂടുതല്‍ നിയന്ത്രണം കാണിക്കുവാന്‍
പേസര്‍ക്കു കഴിഞ്ഞു.

ശര്‍ദ്ദുല്‍ ഓള്‍റൗണ്ടറോ?
വെറും പേസര്‍ മാത്രമല്ല താനെന്നും ബാറ്റിങിലും നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ തനിക്കാവുമെന്നും ലങ്കയ്‌ക്കെതിരേ തെളിയിച്ചിരിക്കുകയാണ് ശര്‍ദ്ദുല്‍. ബൗളിങില്‍ ആദ്യ കളിയില്‍ 23 റണ്‍സിന് മൂന്നു വിക്കറ്റെടുത്ത താരം രണ്ടാം മല്‍സരത്തില്‍ 19 റണ്‍സിനു രണ്ടു വിക്കറ്റും പിഴുതിരുന്നു.
ബാറ്റിങില്‍ ഒരു ബാറ്റ് സ്‌പോണ്‍സര്‍ പോലുമില്ലാത്ത ശര്‍ദ്ദുല്‍ മൂന്നാം ടി20യില്‍ എല്ലാവരെയും അമ്പരപ്പിക്കുക തന്നെ ചെയ്തു. നേരത്തേ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ഏകദിനത്തില്‍ 316 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ ആറു പന്തില്‍ നിന്നും 17 റണ്‍സെടുത്ത ശര്‍ദ്ദുല്‍ ടീമിനെ സഹായിച്ചിരുന്നു. മികച്ചൊരു ഫിനിഷര്‍ കൂടിയായി മാറാന്‍ തനിക്കാവുമെന്ന സൂചനയാണ് ഈ ഇന്നിങ്‌സോടെ അദ്ദേഹം നല്‍കിയത്. ലങ്കയ്‌ക്കെതിരേ മൂന്നാം ടി20യില്‍ വെറും എട്ടു പന്തില്‍ 22 റണ്‍സ് വാരിക്കൂട്ടിയ ശര്‍ദ്ദുല്‍ ഇത് വീണ്ടും ഓര്‍മിപ്പിക്കുകയും ചെയ്തു.

അഞ്ചു മല്‍സരങ്ങളില്‍ ബാറ്റ് ചെയ്തു
ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ ശര്‍ദ്ദുലിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. ഇവയില്‍ ഒരു തവണ മാത്രമേ താരം പുറത്തായിട്ടുള്ളൂവെന്നതാണ് ശ്രദ്ധേയം. ഏകദിനത്തില്‍ ഹോങ്കോങിനെതിരേയാണ് ശര്‍ദ്ദുല്‍ പുറത്തായിട്ടുള്ളത്. കളിച്ച ഏക ടെസ്റ്റിലും ശര്‍ദ്ദുല്‍ 22 റണ്‍സുമായി പുറത്താവാതെ നിന്നിരുന്നു.
ഏകദിനത്തില്‍ 39 ആണ് ശര്‍ദ്ദുലിന്റെ ബാറ്റിങ് ശരാശരി. എന്നാല്‍ ടി20യിലും ടെസ്റ്റി്‌ലും ഇതുവരെ പുറത്തായിട്ടില്ലാത്തതിനാല്‍ താരത്തിനു ബാറ്റിങ് ശരാശരിയില്ല.

ലോകകപ്പ് ടീമിലെത്തുമോ?
ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇനി ശര്‍ദ്ദുലിനും സെയ്‌നിക്കും അവസരം ലഭിക്കുമോയെന്നതാണ് ചോദ്യം. രണ്ടു സീം ബൗളര്‍മാരായ ഓള്‍റൗണ്ടര്‍മാരെ ഇന്ത്യ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയാല്‍ ഹാര്‍ദിക് പാണ്ഡ്യയാവും ആദ്യത്തേയാള്‍. രണ്ടാമത്തെ താരമായി ശിവം ദുബെയ്‌ക്കൊപ്പം പരിഗണിക്കാവുന്ന താരമാണ് ശര്‍ദ്ദുല്‍.
മറുഭാഗത്ത് പേസ് ബൗളിങില്‍ സെയ്‌നിക്കു ശക്തമായ വെല്ലുവിളിയാണ് ടീമിലെത്താന്‍ നേരിടേണ്ടി വരിക. ജസ്പ്രീത് ബുംറയാണ് ടീമില്‍ സ്ഥാനമുറപ്പുള്ള ഏക പേസര്‍. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍ എന്നിവരാണ് പരിഗണിക്കപ്പെടുന്ന മറ്റു പേസര്‍മാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications