ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളര്‍മാരുടെ നിരയിലാണ് പാകിസ്താന്റെ യുവ പേസര്‍ ഷഹീന്‍ അഫ്രീഡിയുടെ സ്ഥാനം. എന്നാല്‍ 2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷമുള്ള ഏറ്റവും മോശം കലണ്ടര്‍ വര്‍ഷത്തിലൂടെയാണ് ഇപ്പോള്‍ അദ്ദേഹം പോയ്‌ക്കൊണ്ടിരിക്കുന്നത്. വിവിധ ഫോര്‍മാറ്റുകളിലായി 2022ല്‍ 36ഉം കഴിഞ്ഞ വര്‍ഷം 35ഉം വിക്കറ്റുകള്‍ ഷഹീന്‍ പിഴുതിരുന്നു. എന്നാല്‍ ഈ വര്‍ഷം 14 കളിയില്‍ നിന്നും 25 വിക്കറ്റുകള്‍ മാത്രമേ പാക് സ്പീഡ് സ്റ്റാര്‍ വീഴ്ത്തിയിട്ടുള്ളൂ.
അരങ്ങേറിയ സമയത്തു അടുത്ത സൂപ്പര്‍ താരമാവുമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന ബൗളറാണ് ഷഹീന്‍. ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്നഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയോടു പോലും അദ്ദേഹം താരതമ്യം ചെയ്യപ്പെടുകയും ചെയ്തു. പക്ഷെ കരിയറില്‍ ഇപ്പോള്‍ താഴേക്കാണ് ഷഹീന്‍ പോയ്‌ക്കൊണ്ടിരിക്കുന്നത്.
2022ല്‍ ഷഹീനും ബുംറയ്ക്കും പരിക്കേറ്റിരുന്നു. ഇതില്‍ നിന്നും ബുംറ ശക്തമായി തിരിച്ചുവന്നപ്പോള്‍ ഷഹീന് ഇതിനായിട്ടില്ല. എങ്കിലും ചില കാര്യങ്ങള്‍ മെച്ചപ്പെടുത്താനായാല്‍ ബുംറയേക്കാള്‍ കേമനായി മാറാന്‍ ഷഹീനു സാധിക്കും. ഇതിനു വേണ്ടി പാക് ഫാസ്റ്റ് ബൗളര്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നു നമുക്കു നോക്കാം.

സ്വിങ് മെച്ചപ്പെടുത്തണം
ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായ ഷഹീന്‍ അഫ്രീഡി തന്റെ സ്വിങ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ട്. ന്യൂബോളില്‍ അദ്ദേഹം വളരെയധികം അപകടകാരിയാണ്. ടീമിനു തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂകള്‍ നല്‍കാനും ഷഹീന് സാധിക്കാറുണ്ട്. എന്നാല്‍ പരിക്കേറ്റതിനു ശേഷം അദ്ദേഹത്തിന്റെ ഈ കഴിവിനു ചെറിയ ഇടിവുണ്ടായിട്ടുണ്ട്.
ബോള്‍ ഇരുവശങ്ങളിലേക്കും സ്വിങ് ചെയ്യിക്കാനുള്ള മിടുക്ക് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഷഹീന്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. അതിനു സാധിക്കുകയാണെങ്കില്‍ തന്റെ പഴയ മികവിലേക്കു മടങ്ങിയെത്താനും അതിനേക്കാള്‍ അപകടകാരിയാവാനും പാക് പേസര്‍ക്കു സാധിക്കും.
ഡെത്ത് ഓവര്‍ ബൗളിങ്
ഡെത്ത് ഓവറിലെ ഗംഭീര ബൗളിങാണ് ജസ്പ്രീത് ബുംറയെ ലോക ക്രിക്കറ്റിലെ മറ്റു ഫാസ്റ്റ് ബൗളര്‍മാരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്. അവസാന ഓവറുകളില്‍ എതിര്‍ ടീമിനു മേല്‍ അത്ര മാത്രം നാശം വിതയ്ക്കാന്‍ അദ്ദേഹത്തിനു സാധിക്കാറുണ്ട്. യോര്‍ക്കറുകളെറിയാനുള്ള ശേഷിയും റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നതുമാണ് ബുംറയെ ഡെത്ത് ഓവറിലെ കിങാക്കി മാറ്റുന്നത്. ഷഹീന്‍ അഫ്രീഡിയെ അദ്ദേഹം ബഹുദൂരം പിന്നിലാക്കുന്നതും അതിനാലാണ്.
ഡെത്ത് ഓവറുകളില്‍ പലപ്പോഴും ഒരുപാട് റണ്‍സ് ഷഹീന്‍ വിട്ടുകൊടുക്കാറുണ്ട്. മല്‍സരത്തിന്റെ ഈ ഘട്ടത്തില്‍ വെറുമൊരു സാധാരണ ബൗളറായിട്ടാണ് അദ്ദേഹം കാണപ്പെടാറുള്ളത്. എന്നാല്‍ യോര്‍ക്കറുകളെറിയാനുള്ള തന്റെ ശേഷി മെച്ചപ്പെടുത്തിയാല്‍ ഷഹീന് ഈ പോരായ്മയെ മറികടക്കാന്‍ സാധിക്കും. ന്യൂബോളിലേതു പോലെ പഴയ ബോളിലും നിയന്ത്രണം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ ബുംറയേക്കാള്‍ മൂര്‍ച്ചയേറിയ ബൗളറായി ഷഹീന് സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

വേരിയേഷനുകള്‍ കൊണ്ടുവരണം
ബൗളിങില്‍ കൂടുതല്‍ വേരിയേഷനുകള്‍ കൊണ്ടുവരികയെന്നതാണ് ഷഹീന്‍ അഫ്രീഡി ചെയ്യേണ്ട മൂന്നാമത്തെ കാര്യം. ജസ്പ്രീത് ബുംറയുമായി താരതമ്യം ചെയ്യുമ്പോള്‍ പാക് പേസറുടെ ബൗളിങില്‍ വേരിയേഷനുകള്‍ കുറവാണെന്നു നമുക്കു കാണാം. യോര്‍ക്കറുകള്‍, ബൗണ്‍സറുകള്‍, കട്ടറുകള്‍, സ്ലോ ബോളുകള്‍ എന്നിവയെല്ലാം ബുംറയുടെ പക്കലുണ്ട്. ഇതാണ് ഇന്നു കാണുന്ന ലോകോത്തര ഫാസ്റ്റ് ബൗളറായി അദ്ദേഹത്തെ മാറ്റിയെടുത്തത്.
പക്ഷെ ഷഹീന്റെ ബൗളിങില്‍ അത്രത്തോളം വേരിയേഷനുകളില്ല. ഏറെക്കുറെ ഒരേ രീതിയിലുള്ള ബൗളിങാണ് എല്ലായ്‌പ്പോഴും അദ്ദേഹം പിന്തുടരുന്നത്. ഈ കാരണത്താല്‍ എതിര്‍ ബാറ്റര്‍മാര്‍ വളരെ പെട്ടെന്നു ഷഹീനെ വായിച്ചെടുക്കുകയും ചെയ്യും.
അതിനാല്‍ തന്നെ കൂടുതല്‍ വേരിയേഷനുകള്‍ പഠിച്ചെടുത്ത് അവ മല്‍സരങ്ങളില്‍ അദ്ദേഹം പരീക്ഷിക്കേണ്ടതുണ്ട്. എങ്കില്‍ പാക് ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായി മാറാന്‍ ഷഹീനു സാധിക്കുകയും ചെയ്യും.