ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഈ സൈക്കിളിലെ അവസാന പരമ്പരയാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. രോഹിത് ശര്‍മയ്ക്കും സംഘത്തിനും ഫൈനലില്‍ എത്താന്‍ സാധിക്കുമോയെന്നത് ഇപ്പോഴും സസ്‌പെന്‍സായി നില്‍ക്കുകയാണ്. ഓരോ ടെസ്റ്റുകളില്‍ വീതം ജയിച്ച് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയും ഓസീസും ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണുള്ളത്. ഫൈനലിലേക്കു ടിക്കറ്റെടുക്കണമെങ്കില്‍ ശേഷിച്ച മൂന്നു ടെസ്റ്റുകളും ഇന്ത്യക്കു ഒരുപോലെ നിര്‍ണായകമാണ്.
അടുത്ത ഡബ്ല്യുടിസി സൈക്കിളില്‍ ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും അഴിച്ചുപണികള്‍ വരുമെന്ന കാര്യമുറപ്പാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുള്‍പ്പെടെ പലരെയും ഇന്ത്യ കൈവിടുകയും ചെയ്യും. അടുത്ത ഡബ്ല്യുടിസി ഫൈനലിനു ശേഷമാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര നടക്കാനിരിക്കുന്നത്. 2025 ജൂണ്‍ 20 മുതല്‍ ആഗസ്റ്റ് നാലു വരെ നീളുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ അഞ്ചു ടെസ്റ്റുകളില്‍ ഇന്ത്യ കളിക്കും. ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം എങ്ങനെയാവണമന്നു നോക്കാം.

സീനിയേഴ്‌സ് പുറത്ത്
നിലവില്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായിട്ടുള്ള പല സീനിയര്‍ താരങ്ങളുടെയും ചീട്ട് കീറും. നിലവിലെ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരെയൊന്നും ഇന്ത്യക്കു ബാറ്റിങ് ലൈനപ്പില്‍ ആവശ്യമില്ല. ബൗളിങ് ലൈനപ്പിലാവട്ടെ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെയും ഒഴിവാക്കാം.
റുതുരാജ് ഗെയ്ക്വാദും യശസ്വി ജയ്‌സ്വാളും ചേര്‍ന്നാണ് ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യേണ്ടത്. ഏറെ നാളായി ടെസ്റ്റ് ടീമില്‍ അവസരം കാത്തിരിക്കുകയാണ് റുതുരാജ്. മികച്ച ബാറ്റിങ് ടെക്‌നിക്കുള്ളതിനാല്‍ അദ്ദേഹത്തിനു ഏതു തരത്തിലുള്ള പിച്ചിലും ഇംപാക്ടുണ്ടാക്കാന്‍ കഴിയും. മുന്നാം നമ്പറില്‍ ശുഭ്മന്‍ ഗില്‍ തന്നെയായിരിക്കും തുടര്‍ന്നും കളിക്കുക. ഇന്ത്യയുടെ അടുത്ത 5-10 വര്‍ഷത്തേക്കുള്ള ടെസ്റ്റിലെ ടോപ്പ് ത്രീ ഇവര്‍ തന്നെ ആയേക്കും.
മധ്യനിര ഇങ്ങനെ
തീര്‍ത്തും പുതിയ ലുക്കിലുള്ള, അഗ്രസീവായിട്ടുള്ള മധ്യനിരയെയാണ് ഇന്ത്യക്കു ഇനി ആവശ്യം. ദീര്‍ഘകാലം വിരാട് കോലി കൈയടക്കി വച്ച നാലാം നമ്പറിലേക്കു പ്രതിഭാശാലിയായ ഇടംകൈയന്‍ ബാറ്റര്‍ സായ് സുദര്‍ശനെ ഇന്ത്യ കൊണ്ടുവരണം. കളിച്ച ഫോര്‍മാറ്റുകളിലെല്ലാം മികച്ച റെക്കോര്‍ഡാണ് താരത്തിന്റേത്. അഞ്ചാമനായി റിഷഭ് പന്ത് തന്നെ തുടര്‍ന്നു കളിക്കും.
എന്നാല്‍ ആറാം നമ്പറിലേക്കു മലയാളി വിക്കറ്റ് കീപ്പര് ബാറ്ററായിട്ടുള്ള സഞ്ജു സാംസണിനെ ഇന്ത്യ ഉള്‍പ്പെടുത്തേണ്ടതുണ്ട്. വിക്കറ്റിനു പിന്നില്‍ റിഷഭ് പലപ്പോഴും പിഴവുകള്‍ വരുത്തുന്നതിനാല്‍ വിക്കറ്റ് കീപ്പറുടെ റോള്‍ സഞ്ജുവിനു ഇന്ത്യ നല്‍ണം. ഏഴാമനായി കളിപ്പിക്കേണ്ടത് യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയെയാണ്. ഓസ്‌ട്രേലിയയുമായി ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ നിര്‍ഭയമായ ബാറ്റിങാണ് താരം കാഴ്ചവയ്ക്കുന്നത്.

ബൗളിങ് ലൈനപ്പ്
എട്ടാം നമ്പറില്‍ കളിക്കേണ്ടത് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറാണ്. അടുത്ത പരമ്പര ഇംഗ്ലണ്ടിലായതിനാല്‍ തന്നെ മൂന്നു പേസര്‍മാര്‍ ഇന്ത്യയുടെ ഇലവനില്‍ ഉറപ്പായം വേണം. ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ നയിക്കുന്ന പേസാക്രമണത്തില്‍ പരിചയ സമ്പന്നനായ മുഹമ്മദ് ഷമിക്കൊപ്പം മുഹമ്മദ് സിറാജും കൂടി തീര്‍ച്ചയായും കളിക്കേണ്ടതുണ്ട്.
ഇന്ത്യന്‍ പ്ലെയിങ് 11
റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.