ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രമടുത്താല്‍ ദീര്‍ഘകാലം ടീമിനായി ഗംഭീര പ്രകടനങ്ങള്‍ നടത്തുകയും വലിയ നേട്ടങ്ങളിലേക്കു നയിക്കുകയും ചെയ്തിട്ടും അര്‍ഹിച്ച യാത്രയയപ്പ് ലഭിക്കാതെ കളി മതിയാക്കിയ പല ഇതിഹാസങ്ങളെയും നമുക്കു കാണാം.
ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെ അപൂര്‍വ്വം ചിലര്‍ക്കു മാത്രമേ ഗംഭീരമായൊരു വിടവാങ്ങല്‍ മല്‍സരം നല്‍കാന്‍ ബിസിസിഐയ്ക്കു കഴിഞ്ഞിട്ടുള്ളൂ. ഇതു തീര്‍ച്ചയായും നിരാശാജനകമായ കാര്യം തന്നെയാണ്.

കരിയറിന്റെയും ജീവിതത്തിന്റെയും നല്ലൊരു ഭാഗം ദേശീയ ടീമിനായി മാറ്റിവച്ചിട്ടും അര്‍ഹിച്ച ഒരു യാത്രയയപ്പ് നല്‍കുന്നില്ലെങ്കില്‍ അതു നന്ദികേടാണെന്നതില്‍ ത്ര്‍ക്കവുമില്ല. ഇക്കാര്യത്തില്‍ കുറ്റക്കാരും ബിസിസിഐയുടെ തലപ്പത്തുള്ളവര്‍ തന്നെയാണ്. മികച്ചൊരു യാത്രയയപ്പ് കിട്ടാതെ വിരമിക്കേണ്ടി വന്ന ഇന്ത്യയുടെ മുന്‍ ഇതിഹാസ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു പ്ലെയിങ് 11 തിരഞ്ഞെടുത്താല്‍ ആരൊക്കെയുണ്ടാവുമെന്നു നോക്കാം.
ടോപ്പ് ഫൈവില്‍ ഇവര്‍
വിടവാങ്ങല്‍ ലഭിക്കാതെ പോയ ഇന്ത്യന്‍ ഇലവന്റെ ഓപ്പണിങ് ജോടികള്‍ വെടിക്കെട്ട് ബാറ്ററും ഇതിഹാസ താരവുമായ വീരേന്ദര്‍ സെവാഗും ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനുമായിരിക്കും. അഗ്രസീവ് ബാറ്റിങ് ശൈലി കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല, ലോക ക്രിക്കറ്റിലെ തന്നെ ഹരമായി മാറിയ താരമാണ് വീരു.
2013ലാണ് അദ്ദേഹം ദേശീയ ടീമിനു പുറത്താവുന്നത്. വീണ്ടുമൊരു അവസരത്തിനായി രണ്ടു വര്‍ഷത്തോളം സെവാഗ് കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ 2015ല്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യന്‍ കുപ്പായത്തില്‍ മികച്ചൊരു യാത്രയപ്പ് അദ്ദേഹത്തിനു നല്‍കാനുള്ള ഒരു ശ്രമം പോലും ബിസിസിഐയുടെ ഭാഗത്തു നിന്നുണ്ടായില്ല.
ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ താരമായിരുന്ന ധവാന്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് സോഷ്യല്‍ മീഡിയയിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2022ലായിരുന്നു അദ്ദേഹം അവസാനമായി ദേശീയ ടീമിനായി കളിച്ചത്. ടീമിലേക്കു തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ ധവാന്‍ നടത്തിയെങ്കിലും ഇതു വിജയം കണ്ടില്ല.
ഈ ഇലവനിലെ മൂന്നാമന്‍ മുന്‍ ഓപ്പണറും നിലവിലെ ഇന്ത്യന്‍ കോച്ചുമായ ഗൗതം ഗംഭീറാണ്. 2007ലെ ടി20 ലോകകപ്പ്, 20211ലെ ഏകദിന ലോകകപ്പ് എന്നിവയുടെ ഫൈനലുകളിലെ ടോപ്‌സ്‌കോററായിരുന്നു അദ്ദേഹം. ഗംഭീറിനും നല്ലൊരു യാത്രയയപ്പ് ഇന്ത്യ നല്‍കിയില്ല.
നാലാം നമ്പറില്‍ മുന്‍ ക്യാപ്റ്റനും കോച്ചുമെല്ലാമായിരുന്ന ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡാണ്. കരിയറിന്റെ അവസാന കാലത്തു അപമാനിതനായാണ് അദ്ദേഹവും ക്രീസ് വിട്ടത്. 2012ല്‍ 39ാം വയസ്സിലായിരുന്നു ഒരു വാര്‍ത്താസമ്മേളനത്തില്‍ ദ്രാവിഡിന്റെ വിരമിക്കല്‍ പ്രഖ്യാപനം. അഞ്ചാമനായി ഇലവനിലുള്ളത് ടേസ്റ്റിലെ ഇതിഹാസ താരങ്ങളിലൊരാളായ വിവിഎസ് ലക്ഷ്മാണ്.
2012ല്‍ ദ്രാവിഡ് വിരമിച്ച് മാസങ്ങള്‍ക്കകമാണ് ലക്ഷ്മണും കളി മതിയാക്കിയത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ നാട്ടിലും പുറത്തുമായി പല ഐതിഹാസിക ഇന്നിങ്‌സുകളും കളിച്ചിട്ടും അദ്ദേഹത്തിനു നല്ലൊരു യാത്രയയപ്പ് ലഭിച്ചില്ല.
ടീമിലെ മറ്റുള്ളവര്‍ ആരെല്ലാം?
ഇന്ത്യക്കൊപ്പം വിരമിക്കല്‍ മല്‍സരം ലഭിക്കാതെ പോയവരുടെ ഇലവനില്‍ ആറും ഏഴും സ്ഥാനങ്ങളില്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരായിരുന്ന സുരേഷ് റെയ്‌നയും യുവരാജ് സിങുമാണ്. 2020ലായിരുന്നു റെയ്‌ന കളി നിര്‍ത്തുന്നത്.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നറായ യുവരാജ് 2019ലാണ് വിരമിക്കുന്നത്. 2017നു ശേഷം രണ്ടു വര്‍ഷത്തോളം ടീമിലേക്കു മടങ്ങിവരാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും അതിനു കഴിയാതെ വന്നതോടെ വിരമിക്കുകയായിരുന്നു.

ഈ ഇലവനിലെ എട്ടാമന്‍ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. രണ്ടു ലോകപ്പുള്‍പ്പെടെ മൂന്നു ഐസിസി ട്രോഫികള്‍ രാജ്യത്തിനു സമ്മാനിച്ചിട്ടും അദ്ദേഹത്തെ ബിസിസിഐ അപമാനിച്ചുവിട്ടു. 2019ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലാണ് ധോണി അവസാനമായി കളിച്ചത്. തുടര്‍ന്നു ഒരു ബ്രേക്കെടുത്ത ധോണി 2020ല്‍ വിരമിക്കുകയും ചെയ്തു.
ഇലവനില്‍ ഒമ്പതു മുതല്‍ 11 വരെ സ്ഥാനങ്ങളില്‍ ഇതിഹാസ സ്പിന്‍ ജോടികളായ ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ, ഫാസ്റ്റ് ബൗളിങിലെ ഐക്കണായിരുന്ന സഹീര്‍ ഖാന്‍ എന്നിവരാണ്. 2021ലായിരുന്നു ഭാജിയുടെ വിരമിക്കല്‍ പ്രഖ്യാപനം. പക്ഷെ 2016നു ശേഷം അദ്ദേഹം ഒരു മല്‍സരം പോലും കളിച്ചിട്ടില്ല.
കുംബ്ലെയുടെ വിരമിക്കല്‍ 2008ലായിരുന്നു. വലിയൊരു പരിക്കു കാരണം പുറത്താതോടെ അദ്ദേഹം കളിയും നിര്‍ത്തുകയായിരുന്നു. സഹീര്‍ വിരമിച്ചതാവട്ടെ 2015ലാണ്. പരിക്കുകളും ടീമില്‍ വന്ന മാറ്റങ്ങളും കാരണം അദ്ദേഹത്തിനു വിടവാങ്ങല്‍ മല്‍സരം ലഭിച്ചില്ല.
യാത്രയയപ്പ് ലഭിക്കാത്തവരുടെ ഇന്ത്യന്‍ 11
വീരേന്ദര്‍ സെവാഗ്, ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, സുരേഷ് റെയ്‌ന, യുവരാജ് സിങ്, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ, സഹീര്‍ ഖാന്‍.