Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തീയായി സഞ്ജു, ഇന്ത്യന്‍ 'ഗ്ലെന്‍ ഫിലിപ്‌സ്'!! കണ്ണുതള്ളി സച്ചിന്‍, പിന്നാലെ ഫിഫ്റ്റി, വീഡിയോ

തിരുവനന്തപുരം: ഏഷ്യാ കപ്പിലും കേരളാ ക്രിക്കറ്റ് ലീഗിലുമെല്ലാം മിന്നിക്കാന്‍ താന്‍ തയ്യാറായിക്കഴിഞ്ഞെന്നു കിടിലന്‍ പ്രകടത്തിലൂടെ തെളിയിച്ചിരിക്കുകയാണ് സൂപ്പര്‍ താരം സഞ്ജു സാംസണ്‍. കെസിഎല്ലിനു മുന്നോടിയായി കെസിഎ സെക്രട്ടറി ഇലവനും കെസിഎ പ്രസിഡന്റ്‌സ് ഇലവനും തമ്മിലുള്ള സൗഹൃദ ടി20 പോരാട്ടത്തിലാണ് സഞ്ജു ഹീറോയായത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലറില്‍ സഞ്ജു നയിച്ച സെക്രട്ടറി 11 ഒരു വിക്കറ്റിനു സച്ചിന്‍ ബേബിയുടെ പ്രസിഡന്റ്‌സ് 11നെ വീഴ്ത്തുകയും ചെയ്തു.

സ്ലിപ്പില്‍ ന്യൂസിലാന്‍ഡിന്റെ പറക്കും ഫീല്‍ഡര്‍ ഗ്ലെന്‍ ഫിലിപ്‌സിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഒരു വണ്ടര്‍ ക്യാച്ചെടുത്ത് കാണികളെ ആവേശത്തിലാറാടിച്ച സഞ്ജു പിന്നീട് ഫിഫ്റ്റിയോടെ ബാറ്റിങിലും ആരാധകര്‍ക്കു വിരുന്നൊരുക്കി. അടിമുടി സഞ്ജു വിലസിയ ഒരു മല്‍സരമെന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം.

SANJU SAMSON

സച്ചിനെ ഞെട്ടിച്ച സഞ്ജു

ടോസിനു ശേഷം കെസിഎ സെക്രട്ടറി 11 ക്യാപ്റ്റനായ സഞ്ജു സാംസണ്‍ എതിരാളികളെ ബാറ്റിങിനു അയക്കുകയായിരുന്നു. സിജോമോന്‍ ജോസഫെറിഞ്ഞ പവര്‍പ്ലേയിലെ അവസാനത്തെ ഓവറിലായിരുന്നു കെസിഎ പ്രസിഡന്റ്‌സ് ഇലവന്‍ നായകനായ സച്ചിന്‍ ബേബിയെ പുറത്താക്കിയ വണ്ടര്‍ ക്യാച്ച്.

ബേസില്‍ തമ്പിയെറിഞ്ഞ തൊട്ടുമുമ്പത്തെ ഓവറില്‍ പ്രസിഡന്റ്‌സ് ഇലവന്‍ 15 റണ്‍സ് വാരിക്കൂട്ടിയിരുന്നു. ഒരു സിക്‌സറും രണ്ടു ഫോറുകളുമടക്കമാണിത്. വെടിക്കെട്ട് താരം രോഹന്‍ എസ് കുന്നുമ്മലാണ് ബേസിലിനെ പഞ്ഞിക്കിട്ടത്. ഓവറിലെ ആദ്യ ബോളില്‍ റണ്ണൊന്നുമില്ലെങ്കിലും അടുത്ത ബോളില്‍ ഫോറുമായി രോഹന്‍ ഇതിന്റെ ക്ഷീണം തീര്‍ത്തു.

തൊട്ടടുത്ത ബോളില്‍ സിക്‌സര്‍ പായിച്ചാണ് രോഹന്‍ തന്റെ നയം വ്യക്തമാക്കിയത്. പക്ഷെ അതുകൊണ്ടും അദ്ദേഹം നിര്‍ത്തിയില്ല. തൊട്ടടുത്ത ബോളില്‍ ഒരു ഫോര്‍ കൂടി രോഹന്‍ കണ്ടെത്തി. അടുത്ത ബോളില്‍ സിംഗിളെടുത്ത് ഓവറിലെ സമ്പാദ്യം അദ്ദേഹം 15 ആക്കുകയു ചെയ്തു. തുടര്‍ന്നാണ് ഇടംകൈയന്‍ ഓഫ്‌സ്പിന്നറായ സിജോമോന്‍ ജോസഫിനെ സഞ്ജു ബൗളിങില്‍ കൊണ്ടുവന്നത്.

സച്ചിന്‍ ബേബിയെ പുറത്താക്കിയ സഞ്ജുവിന്റെ ക്യാച്ച് കാണാം, വീഡിയോ

ആദ്യ ബോളില്‍ ഡബിളെടുത്ത രോഹന്‍ അടുത്ത ബോളില്‍ സിംഗിളും നേടി. എന്നാല്‍ അടുത്ത ബോളില്‍ അഭിഷേക് ജെ നായരെ (19) ബൗള്‍ഡാക്കി സിജോമോന്‍ ടീമിനു രണ്ടാം വിക്കറ്റ് സമ്മാനിച്ചു. തുടര്‍ന്നു നായകന്‍ സച്ചിന്‍ ബേബി ക്രീസില്‍. നേരിട്ട ആദ്യത്തെ രണ്ടു ബോളിലും അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനായില്ല. അടുത്ത ബോള്‍ ഓഫ്‌സൈഡിലേക്കു കളിക്കാനുള്ള സച്ചിന്റെ നീക്കം പാളി. എഡ്ജായ ബോള്‍ നേരെ സ്ലിപ്പിലേക്ക്.

വിക്കറ്റ് കീപ്പിങ് ദൗത്യം വിഷ്ണു വിനോദിനെ ഏല്‍പ്പിച്ച സഞ്ജു ഫീല്‍ഡറായാണ് കളിച്ചത്. സച്ചിന്റെ ദുഷ്‌കരമായ ക്യാച്ച് ഫസ്റ്റ് സ്ലിപ്പില്‍ തന്റെ ഇടംകൈ കൊണ്ട് അദ്ദേഹം അവിശ്വസനീയമാം വിധം കൈക്കയ്ക്കുള്ളിലാക്കുകയായിരുന്നു. സ്തബ്ധനായ സച്ചിനു ഇതോടെ പൂജ്യനായി ക്രീസ് വിടേണ്ടിയും വന്നു. സഞ്ജുവിന്റെ ഈ വണ്ടര്‍ ക്യാച്ചിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായി മാറിയിരിക്കുകയാണ്.

SANJU SAMSON

റണ്‍ചേസിലും ഹീറോ

ക്യാപ്റ്റന്‍സി, ഫീല്‍ഡിങ് എന്നിവയ്‌ക്കൊപ്പം തകര്‍പ്പന്‍ ഫിഫ്റ്റിയോടെ റണ്‍ചേസിലും കെസിഎ സ്രെട്ടറി ഇലവന്റെ ഹീറോയായി സഞ്ജു സാംസണ്‍ മാറുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കെസിഎ പ്രസിഡന്റ്‌സ് 11 നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍ പടുത്തുയര്‍ത്തി.

29 ബോളില്‍ അഞ്ചു ഫോറും നാലു സിക്‌സറുമടക്കം 60 റണ്‍സെടുത്ത രോഹന്‍ എസ് കുന്നുമ്മലാണ് ടീമിന്റെ ടോപ്‌സ്‌കോററായത്. വാലറ്റത്ത് വെറും 18 ബോളില്‍ 47 റണ്‍സ് വാരിക്കൂട്ടിയ അഭിജിത്ത് പ്രവീണിന്റെ ഫിനിഷിങും ടീമിനു മുതല്‍ക്കൂട്ടായി.

മറുപടിയില്‍ ഓപ്പണര്‍ വിഷ്ണു വിനോദും നാലാം നമ്പറില്‍ കളിച്ച സഞ്ജുവും കിടിലന്‍ ഫിഫ്റ്റികള്‍ കുറിച്ചപ്പോള്‍ സെക്രട്ടറി 11 രണ്ടു ബോള്‍ ബാക്കി നില്‍ക്കെ ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുക്കുകയായിരുന്നു.

29 ബോളില്‍ ഏഴു ഫോറും അഞ്ചു സിക്‌സറുമടക്കം 69 റണ്‍സെടുത്ത വിഷ്ണുവാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. സഞ്ജു 36 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുമടക്കം 54 റണ്‍സുമായി ക്യാപ്റ്റന്റെ ഇന്നിങ്‌സ് പുറത്തെടുക്കുകയും ചെയ്തു. മറ്റാര്‍ക്കും 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായില്ല.

Story first published: Saturday, August 16, 2025, 6:53 [IST]
Other articles published on Aug 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+