ഹൈദരാബാദ്: ഇന്ത്യക്കൊപ്പം എവിടെ നിര്‍ത്തിയോ അവിടെ നിന്ന് വീണ്ടും കത്തിക്കയറി സഞ്ജു സാംസണ്‍. എന്നാല്‍ ഇത്തവണ കേരളത്തിനൊപ്പം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലായിരുന്നു സഞ്ജുവിന്റെ പ്രകടനം. സര്‍വ്വീസസിനെതിരായ മത്സരത്തില്‍ 45 പന്തില്‍ 75 റണ്‍സ് നേടിയാണ് സഞ്ജു മിന്നിച്ചത്. 10 ഫോറും 5 സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജുവിന്റെ പ്രകടനം. 166.67 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജു കത്തിക്കയറിയത്.
സെഞ്ച്വറിയിലേക്കെന്ന് തോന്നിച്ചെങ്കിലും മൂന്നക്കത്തിലേക്കെത്തിപ്പെടാന്‍ സഞ്ജുവിന് സാധിക്കാതെ പോയി. കേരളത്തിനായി ഓപ്പണര്‍ റോളിലിറങ്ങിയാണ് സഞ്ജു തിളങ്ങിയതെന്നാണ് എടുത്തു പറയേണ്ടത്. ഇന്ത്യക്കൊപ്പം ഓപ്പണര്‍ റോളിലേക്കെത്തിയ ശേഷമാണ് സഞ്ജു തുടര്‍ സെഞ്ച്വറികളോടെ മിന്നിച്ചത്. ഇപ്പോഴിതാ കേരളത്തിനൊപ്പവും സഞ്ജു മിന്നല്‍ പ്രകടനത്തോടെ കസറിയിരിക്കുകയാണ്. ഓപ്പണിങ്ങില്‍ ഇന്ത്യക്കായി ഇനിയും കസറാന്‍ താനുണ്ടാവുമെന്ന് അടിവരയിടുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്.
കേരളത്തിന്റെ ക്യാപ്റ്റനായി മിന്നിച്ചു
കേരളത്തിന്റെ നായകനായാണ് സഞ്ജു സാംസണ്‍ കളിച്ചത്. ആദ്യം ബാറ്റ് ചെയ്ത സര്‍വ്വീസസിനെ 9 വിക്കറ്റിന് 149 എന്ന സ്‌കോറിലേക്ക് ഒതുക്കാന്‍ കേരളത്തിനായി. നായകനെന്ന നിലയില്‍ സഞ്ജു സാംസണിന്റെ മികവ് എടുത്തു പറയേണ്ടതാണ്. കൃത്യമായ ബൗളിങ് മാറ്റങ്ങളടക്കം നടത്തി എതിരാളികളെ വിറപ്പിക്കാന്‍ സഞ്ജു സാംസണിന് സാധിച്ചു. 150 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളത്തിനായി തുടക്കം മുതല്‍ വെടിക്കെട്ട് നടത്താന്‍ സഞ്ജുവിനായി.
അതിവേഗത്തില്‍ സഞ്ജു റണ്‍സുയര്‍ത്തി. രോഹന്‍ കുന്നുമ്മലും സഞ്ജുവും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 73 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 19 പന്തില്‍ നാല് ഫോറും 1 സിക്‌സുമടക്കം 27 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിനെ പുറത്താക്കി സര്‍വ്വീസസ് കൂട്ടുകെട്ട് പൊളിച്ചു. സഞ്ജു ഒരുവശത്ത് മികച്ച പ്രകടനം നടത്തിയപ്പോള്‍ മറുവശത്ത് പിന്തുണക്കാന്‍ ആരുമില്ലാതെ പോയി എന്നതാണ് എടുത്തു പറയേണ്ടത്. എന്തായാലും സഞ്ജു നായകനായും ബാറ്റ്‌സ്മാനായും കസറി.

പ്രധാന താരങ്ങള്‍ നിരാശപ്പെടുത്തി
രോഹന്‍ കുന്നുമ്മല്‍ ഭേദപ്പെട്ട പ്രകടനം നടത്തിയാണ് മടങ്ങിയത്. എന്നാല്‍ വിഷ്ണു വിനോദിന് മികവ് കാട്ടാനായില്ല. മെഗാ ലേലം നാളെ നടക്കാനിരിക്കെ കേരളത്തില്‍ നിന്ന് ലേലത്തില്‍ പ്രതീക്ഷയുള്ള താരങ്ങളിലൊരാളായിരുന്നു വിഷ്ണു. എന്നാല്‍ മൂന്ന് പന്ത് നേരിട്ട് നാല് റണ്‍സ് മാത്രം നേടിയാണ് വിഷ്ണു പുറത്തായത്. വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് അസ്ഹറുദ്ദീനും കാര്യമായൊന്നും ചെയ്യാനായില്ല. 15 പന്ത് നേരിട്ട അസ്ഹറുദ്ദീന്‍ 11 റണ്‍സാണ് നേടിയത്.
ഒരു സിക്‌സര്‍ താരം പറത്തി. സല്‍മാന്‍ നിസാര്‍ 19 പന്തില്‍ 21 റണ്‍സോടെ പുറത്താവാതെ നിന്നു. സീനിയര്‍ താരം സച്ചിന്‍ ബേബിക്കും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. നാല് പന്തില്‍ 6 റണ്‍സാണ് സച്ചിന്‍ നേടിയത്. ഒരു വിക്കറ്റിന് 73 റണ്‍സെന്ന നിലയില്‍ നിന്ന് 7ന് 149 എന്ന നിലയിലേക്ക് വീണെങ്കിലും മൂന്ന് വിക്കറ്റിന് ജയം നേടാന്‍ കേരളത്തിന് സാധിച്ചു.
കേരളത്തില്‍ നിന്ന് ആരൊക്കെ ഐപിഎല്‍ ടീമിലേക്ക്
സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ്. 18 കോടിക്കാണ് താരത്തെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. വേറെ ആരെങ്കിലും മെഗാ ലേലത്തിലൂടെ ടീമിലേക്ക് എത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വിഷ്ണു വിനോദില്‍ എല്ലാവര്‍ക്കും പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം തിരിച്ചടി നല്‍കുമോയെന്നത് കണ്ടറിയണം. എന്തായാലും സഞ്ജു സാംസണിന് കീഴില്‍ ഐപിഎല്‍ കളിക്കാന്‍ മലയാളി താരമായി ആരെങ്കിലും ഉണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.