ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനെ ഉജ്ജ്വലമായി നയിച്ച് തന്റെ ക്യാപ്റ്റന്‍സി മികവ് ഇതിനകം തെളിയിച്ചു കഴിഞ്ഞ താരമാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ഏതു സമ്മര്‍ദ്ദ ഘട്ടത്തിലും വളരെ കൂളായി കാണപ്പെടുന്ന ക്യാപ്റ്റനെന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടാറുള്ളത്. പല തവണ ഐപിഎല്ലില്‍ സഞ്ജു ഇതു ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന്റെ രഹസ്യം എന്താണെന്നു അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള ത്രില്ലറില്‍ റോയല്‍സ് മൂന്നു റണ്‍സിന്റെ നാടകീയ വിജയം കൊയ്തതിന്റെ രഹസ്യവും സഞ്ജു തുറന്നു പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റണ്‍ചേസില്‍ ചെന്നൈയ്ക്കു അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 21 റണ്‍സായിരുന്നു. ഇതിഹാസ നായകനും സൂപ്പര്‍ ഫിനിഷറമായ എംഎസ് ധോണിയും രവീന്ദ്ര ജഡേജയുമായിരുന്നു ക്രീസില്‍. ജഡേജ 24ഉം ധോണി 18ഉം റണ്‍സാണ് നേടിയിരുന്നത്. സന്ദീപ് ശര്‍മയായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്.
രണ്ടാമത്തെയും മൂന്നാമത്തെയും ബോളില്‍ സിക്‌സറുകള്‍ വഴങ്ങിയെങ്കിലും ഓവറില്‍ 17 റണ്‍സ് മാത്രമാണ് സന്ദീപ് ഓവറില്‍ വിട്ടുകൊടുത്തത്. അവസാനത്തെ മൂന്നു ബോളിലും സിംഗിളുകള്‍ മാത്രമേ ധോണിക്കും ജഡ്ഡുവിനും നേടാനായുള്ളൂ. റോയല്‍സ് നാടകീയമായി കളി ജയിച്ചുകയറുകയും ചെയ്തു.
സന്ദീപ് ശര്‍മ ആ സമയത്തു ഞങ്ങളുടെ ടീമില്‍ ഏറ്റവും നന്നായി ഡെത്ത് ഓവറില്‍ ബൗള്‍ ചെയ്യുന്ന ബൗളറായിരുന്നു. അദ്ദേഹം നന്നായി തന്നെ ബൗള്‍ ചെയ്യുമെന്ന പ്രതീക്ഷയും എനിക്കുണ്ടായിരുന്നു. ആദ്യ ബോള്‍ തന്നെ വൈഡുമായാണ് സന്ദീപ് തുടങ്ങിയത്. അവന്‍ സമ്മര്‍ദ്ദത്തിലാണെന്നു നമുക്ക് മനസ്സില്‍ തോന്നും.
പക്ഷെ അങ്ങനെ തോന്നിയാല്‍ അതു ഉടന്‍ തന്നെ ബൗളറുടെ എടുത്തു പോയി പറയാന്‍ പാടില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ അതു ആ താരത്തിന്റെ സമ്മര്‍ദ്ദം ഇരട്ടിയാക്കുകയാണ് ചെയ്യുകയെന്നും സഞ്ജു വ്യക്തമാക്കി.
ധോണി ക്രീസില്‍ നില്‍ക്കുമ്പോള്‍ ഏതു ബൗളര്‍ക്കായാലും സമ്മര്‍ദ്ദം കാണും. വീണ്ടും വൈഡ്, അതിനടുത്ത ബോളില്‍ ധോണി സിക്‌സറടിച്ചു. തുടര്‍ന്നുള്ള ബോളിലും ധോണി സിക്‌സര്‍ പായിച്ചു. ഇതോടെ ഞാന്‍ സന്ദീപിന്റെ അടുത്തേക്കു പോയി സംസാരിക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.
നമ്മള്‍ ബൗളറുടെ അടുത്തേക്കു ഓടിപ്പോവുമ്പോള്‍ ശരീരഭാഷ വളരെ പ്രധാനമാണ്. പരിഭ്രമം കാണിക്കാതെ സാധാരണ രീതിയിലാവണം നമ്മള്‍ ബൗളറെ സമീപിക്കേണ്ടത്. നമ്മുടെ മുഖഭാവവും ഓട്ടവും കണ്ടാല്‍ തന്നെ ബൗളറെ അതു കൂടുതല്‍ പ്രതിരോധത്തിലാക്കും. അതുകൊണ്ടു തന്നെ താന്‍ വളരെ സാധാരണ രീതിയിലാണ് സന്ദീപിന്റെ അടുത്തേക്കു പോയതെന്നും സഞ്ജു പറയുന്നു.

സന്ദീപിന്റെ അടുത്തു പോയതിനു ശേഷം നിനക്ക് എന്താണ് തോന്നുന്നതെന്നു ഞാന്‍ ചോദിച്ചു. നിനക്കു എന്താണ് തോന്നുന്നതെന്നായിരുന്നു അവന്‍ തിരിച്ചു ചോദിച്ചത്. നീ ഇപ്പോള്‍ യോര്‍ക്കറാണ് എറിഞ്ഞത്. വേണമെങ്കില്‍ വൈഡ് യോര്‍ക്കറോ, ബൗണ്‍സറും എറിയാം. ഈ ഓപ്ഷനുകളാണ് ഫീല്‍ഡ് ക്രമീകരണമനുസരിച്ച് ധോണി ഭായിക്കെതിരേയുള്ളതെന്നു ഞാന്‍ സന്ദീപിനോടു പറഞ്ഞു.
പക്ഷെ നിനക്ക് എന്താണോ മനസ്സില്‍ ഉറപ്പുള്ളത് അതു തന്നെ ചെയ്‌തോയെന്നു സന്ദീപിനോടു ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ യോര്‍ക്കര്‍ തന്നെ എറിയാമെന്നായിരുന്നു സന്ദീപിന്റെ മറുപടി. അടുത്ത മൂന്നു ബോളിലും ഉഗ്രനായി യോര്‍ക്കറുകള്‍ എറിഞ്ഞ് സന്ദീപ് കളി ജയിപ്പിക്കുകയും ചെയ്തതായും സഞ്ജു വിശദമാക്കി.
മല്‍സരശേഷം എല്ലാവരും ചോദിച്ചത് എന്തു മന്ത്രമായിരിക്കും സന്ദീപിനു സഞ്ജു പറഞ്ഞു കൊടുത്തത് എന്നായിരുന്നു. എന്തോ കിടിലന്‍ ഉപദേശമാണ് സന്ദീപിനു പറഞ്ഞു കൊടുത്തത് എന്നെല്ലാം പുറത്തുള്ളവര്‍ പറഞ്ഞുകൊണ്ടിരുന്നു. കളിക്കു ശേഷം പലരും തന്നോടു ഇതു ചോദിക്കുകയും ചെയ്തതായും പൊട്ടിച്ചിരിയോടെ സഞ്ജു കൂട്ടിച്ചേര്‍ത്തു.