ടീം ഇന്ത്യക്കൊപ്പം അടുത്തിടെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി കുറിച്ച മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ 2024ല്‍ തന്റെ സമയം തെളിയുമെന്ന ശുഭപ്രതീക്ഷയിലാണ്. വലിയൊരു ഇന്നിങ്സിനു ശേഷം ദേശീയ ടീമില്‍ ഇനി കൂടുതല്‍ അവസരങ്ങള്‍ തന്നെ തേടിയെത്തുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.
ജനുവരി ആദ്യവാരം ആരംഭിക്കുന്ന രഞ്ജി ട്രോഫിയില്‍ കേരള ടീമിനോടൊപ്പമാണ് സഞ്ജുവിനെ ഇനി കാണാന്‍ സാധിക്കുക. അതിനിടെ ക്രിക്കറ്റില്‍ മാത്രമല്ല ഫുട്‌ബോളിലും താന്‍ പൊളിയാണെന്നു കാണിച്ചു തന്നിരിക്കുകയാണ് ആരാധകരുടെ പ്രിയതാരം.

Screenshot
കേരളത്തിലെ ഒരു പ്രാദേശിക സെവന്‍സ് ടൂര്‍ണമെന്റില്‍ ഫുട്‌ബോള്‍ കളിക്കുന്ന സഞ്ജുവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ വൈറലായി മാറിയിരിക്കുന്നത്. ചുവപ്പും മഞ്ഞയും നിറമുള്ള ജഴ്‌സിയില്‍ പന്തുമായി കുതിച്ചു പായുകയും ഷോട്ടുകളുതിര്‍ക്കുകയും ചെയ്യുന്ന സഞ്ജുവിനെ ഈ വീഡിയോയില്‍ കാണാം. കൂടാതെ ബോളുമായി ഓടിയെത്തി അതിവേഗ കോര്‍ണര്‍ കിക്കും അദ്ദേഹം എടുക്കുന്നതും വീഡിയോയിലുണ്ട്.
സഞ്ജു സാംസണ്‍ ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ കാണാം
സഞ്ജുവിന്റെ അച്ഛന്‍ സാംസണ്‍ വിശ്വനാഥ് മികച്ചൊരു ഫുട്‌ബോളര്‍ കൂടിയായിരുന്നു. ഡല്‍ഹി പോലീസിലെ മുന്‍ കോണ്‍സ്റ്റബിള്‍ ആയിരുന്ന അദ്ദേഹം സന്തോഷ് ട്രോഫിയില്‍ മുമ്പ് ഡല്‍ഹിക്കു വേണ്ടി കളിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ സഞ്ജുവിനു ക്രിക്കറ്റ് പോലെ തന്നെ പ്രിയപ്പെട്ടതാണ് ഫുട്‌ബോളും. ഓഫ് സീസണ്‍ സമയങ്ങളില്‍ സഞ്ജു പലപ്പോഴും ഫുട്‌ബോള്‍ കളിക്കാനും സമയം കണ്ടെത്താറുണ്ട്.
അതേസമയം, സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് അദ്ദേഹത്തെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. ആദ്യ മല്‍സരത്തില്‍ സഞ്ജുവിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. രണ്ടാമത്തെ മല്‍സരത്തിലാവട്ടെ സഞ്ജു ബാറ്റിങില്‍ ഫ്‌ളോപ്പാവുകയും ചെയ്തു. 23 ബോളുകള്‍ നേരിട്ട അദ്ദേഹം ഒരു ഫോറടക്കം 12 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഇതോടെ അവസരം തുലയ്ക്കുന്നവനെന്നു സഞ്ജു വീണ്ടും പഴി കേള്‍ക്കുകയും ചെയ്തു.
എന്നാല്‍ നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവുമായി സഞ്ജു വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചു. മാത്രമല്ല കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചാല്‍ തനിക്കു എന്തൊക്കെ അദ്ഭുതങ്ങള്‍ കാണിക്കാന്‍ സാധിക്കുമെന്നു തെളിയിക്കുകയും ചെയ്തു.

മൂന്നാം നമ്പറില്‍ ഇറങ്ങിയ സഞ്ജു 108 റണ്‍സുമായി ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരനായി മാറി. 114 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ആറു ഫോറും മൂന്നു സിക്‌സറുകളുമുണ്ടായിരുന്നു. ഇന്ത്യ ഈ മല്‍സരത്തില്‍ 78 റണ്‍സിന്റെ മിന്നുന്ന വിജയം കൊയ്തപ്പോല്‍ സഞ്ജു കളിയിലെ ഹീറോയാവുകയും ചെയ്തു.
നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കു അദ്ദേഹം തിരിച്ചുവിളിക്കപ്പെട്ട പരമ്പര കൂടിയായിരുന്നു സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ളത്. ആഗസ്റ്റിലെ അയര്‍ലാന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയിലായിരുന്നു സഞ്ജു അവസാനമായി കളിച്ചത്. അതിനു ശേഷം ഏഷ്യന്‍ ഗെയിംസ്, ഏഷ്യാ കപ്പ്, ലോകകപ്പ്, ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പര, സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പര എന്നിവയിലെല്ലാം അദ്ദേഹം തഴയപ്പെട്ടിരുന്നു.
ജനുവരി രണ്ടാം വാരം അഫ്ഗാനിസ്താനെതിരേ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ സഞ്ജു ടീമില്‍ ഇടം പിടിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, റുതുരാജ് ഗെയ്ക്വാദ് തുടങ്ങിയവരെല്ലാം പരിക്കിന്റെ പിടിയിലാണ്. ഇതാണ് സഞ്ജുവിന്റെ സാധ്യതകളും വര്‍ധിപ്പിക്കുന്നത്.