ക്രിക്കറ്റ് മടുത്ത സച്ചിനെ പഴയ സച്ചിനാക്കിയത് കേസ്റ്റണ്‍! ലോകകപ്പും സമ്മാനിച്ചു- എങ്ങനെയെന്നറിയാം
ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ച ഏറ്റവും മികച്ച കോച്ചുമാരുടെ നിരയിലാണ് ദക്ഷിണാഫ്രിക്കന്‍ വംശജനായ ഗാരി കേസ്റ്റണിന്റെ സ്ഥാനം. ഏകദിന ലോകകപ്പിനു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിച്ച കോച്ച് കൂടിയാണ് അദ്ദേഹം. 2011ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ കേസ്റ്റണായിരുന്നു പരിശീലകന്‍.
ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ ലോകകപ്പോടെ ക്രിക്കറ്റില്‍ നിന്നും യാത്രയാക്കാന്‍ കഴിഞ്ഞതും കേസ്റ്റണിന് അഭിമാനിക്കാല്‍ വക നല്‍കുന്നു. കരിയറിന്റെ ഒരു ഘട്ടത്തില്‍ കളി മതിയാക്കുന്നതിനെക്കുറിച്ച് പോലും സച്ചിന്‍ ആലോചിച്ചിരുന്നു. എന്നാല്‍ കേസ്റ്റണ്‍ കോച്ചായ ശേഷം നടത്തിയ ചില ഇടപെടലുകളാണ് അദ്ദേഹത്തെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചത്. ഇതേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കേസ്റ്റണ്‍.

2007ലെ ലോകകപ്പില്‍ നിന്നും ഇന്ത്യയുടെ പുറത്താവല്‍ ഏറെ വേദനിപ്പിച്ചിരുന്നതായും വിരമിക്കലിനെക്കുറിച്ച് ആലോചിച്ച തന്നെ പിന്തിരിപ്പിച്ചത് വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ് ആയിരുന്നുവെന്നും പ്ലെയിങ് ഇറ്റ് മൈ വേയെന്ന ആത്മകഥയില്‍ സച്ചിന്‍ വെളിപ്പെടുത്തിയിരുന്നു.
അന്നു റിച്ചാര്‍ഡ്‌സിന്റെ ഉപദേശമാണ് സച്ചിന്റെ മനസ്സ് മാറ്റിയതെങ്കിലും അദ്ദേഹത്തെ പഴയ സച്ചിനായി തിരികെ കൊണ്ടു വരുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് കേസ്റ്റണായിരുന്നു. 2008ലായിരുന്നു കേസ്റ്റണിനെ ഇന്ത്യയുടെ മുഖ്യ പരിശീലകനായി നിയമിച്ചത്.

ലോകകപ്പിനു ശേഷം വളരെ അസ്വസ്ഥനനായാണ് സച്ചിന്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയതെന്നു കേസ്റ്റണ്‍ പറയുന്നു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം കളി മതിയാക്കിയാലോയെന്ന് പോലും സച്ചിന്‍ ആലോചിച്ചിരുന്നു. ക്രിക്കറ്റ് ആസ്വദിക്കാന്‍ കഴിയുന്നില്ലെന്നും യോജിച്ച ബാറ്റിങ് പൊസിഷനില്‍ അല്ല കളിക്കുന്നതെന്നും സച്ചിന്‍ പറഞ്ഞിരുന്നു.
എന്നാല്‍ മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ 18 അന്താരാഷ്ട്ര സെഞ്ച്വറികള്‍ കൂടി സച്ചിന്‍ നേടി. ബാറ്റ് ചെയ്യാന്‍ ആഗ്രഹിച്ച സ്ഥാനത്തതേക്കു അദ്ദേഹം തിരിച്ചുപോയി, ലോകകപ്പും സച്ചിന്‍ സ്വന്തമാക്കിയതായി കേസ്റ്റണ്‍ വിശദമാക്കി.

കേസ്റ്റണ്‍ പരിശീലകസ്ഥാനത്തേക്കു വന്നതോടെയാണ് സച്ചിന്‍ പഴയ സച്ചിനായത്. ബാറ്റിങില്‍ താളം വീണ്ടെടുത്ത അദ്ദേഹം റണ്‍സ് വാരിക്കൂട്ടി. 2008 മുതല്‍ 11വരെ കേസ്റ്റണ്‍ ടീമിനെ പരിശീലിപ്പിച്ചപ്പോള്‍ 2149 റണ്‍സാണ് ഏകദിനത്തില്‍ സച്ചിന്‍ നേടിയത്. ഏഴു സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു.
2010ല്‍ ഏകദിന ക്രിക്കറ്റിലെ തന്നെ കന്നി ഡബിള്‍ സെഞ്ച്വറി നേടി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ലോക റെക്കോര്‍ഡ് കുറിച്ചു. വിസ്ഡണ്‍ ക്രിക്കറ്റര്‍ പുരസ്‌കാരവും ഇതേ വര്‍ഷം സച്ചിന്‍ സ്വന്തമാക്കി. ടെസ്റ്റില്‍ 78 ശരാശരിയില്‍ 1500ല്‍ അധികം റണ്‍സും ഇക്കാലയളവില്‍ സച്ചിന്‍ നേടിയിരുന്നു.

സച്ചിന് തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അനുകൂല സാഹര്യം സൃഷ്ടിച്ചെടുക്കുകയാണ് കോച്ചായ ശേഷം താന്‍ ചെയ്തതെന്നു കേസ്റ്റണ്‍ വെളിപ്പെടുത്തി. സച്ചിനോട് ഒന്നും പറഞ്ഞിരുന്നില്ല. അദ്ദേഹത്തിന് ഗെയിമിനെക്കുറിച്ച് നന്നായി അറിയാം. എന്നാല്‍ തന്റെ കഴിവ് പുറത്തെടുക്കാന്‍ അനുയോജ്യമായ സാഹചര്യമായിരുന്നു സച്ചിന് വേണ്ടിയിരുന്നത്. സച്ചിന് മാത്രമായിരുന്നില്ല, ടീമിലെ എല്ലാവര്‍ക്കും ഇതാണ് വേണ്ടിയിരുന്നത്. തങ്ങളുടെ കഴിവ് മുഴുവന്‍ പ്രദര്‍ശിപ്പിക്കാനുള്ള സാഹചര്യം മാത്രമായിരുന്നു താരങ്ങള്‍ക്കു വേണ്ടിയിരുന്നതെന്നും അത് തനിക്കു കഴിഞ്ഞെന്നും കേസ്റ്റണ്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications