അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി കളിക്കാനിറങ്ങുകയെന്നത് വളര്‍ന്നുവരുന്ന ഏതൊരു താരത്തിന്‍റെയും സ്വപ്‌നമാണ്. ഐപിഎല്ലിന്റെ വരവിനു ശേഷം ടീം ഇന്ത്യയിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷയായി അതു മാറിയിരിക്കുകയാണ്. രണ്ടോ, മൂന്നോ സീസണുകളില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ ആ താരത്തിനു ഉറപ്പായും ഇന്ത്യ ടീമിലേക്കു വിളി പ്രതീക്ഷിക്കാം.
നിരവധി പേരാണ് ഈ തരത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു ചുവടു വച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി വെസ്റ്റ് ഇന്‍ഡീസുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലൂടെ യുവ താരങ്ങളായ തിലക് വര്‍മയും യശസ്വി ജയ്‌സ്വാളും അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. ഇവരില്‍ ജയ്‌സ്വാള്‍ ലഭിച്ച മൂന്നു അവസരങ്ങളും മുതലാക്കുകയും ഒരു ഫിഫ്റ്റിയടക്കം കുറിക്കുകയും ചെയ്തു.

പക്ഷെ ജയ്‌സ്വാളിന്റെ തുടക്കം പാളിയിരുന്നു. കന്നി മല്‍സരത്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. ജയ്‌സ്വാളിനെപ്പോലെ തുടക്കം പാളിയ വേറെയും ചില വമ്പന്‍ ഇന്ത്യന്‍ താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം. സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലാണ് ആദ്യത്തെയാള്‍. 2016ലെ ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തിനു ശേഷം ഇതേ വര്‍ഷം രാഹുല്‍ ഇന്ത്യയുടെ ടി20 ടീമിലെത്തുകയായിരുന്നു.
ഹരാരെയില്‍ സിംബാബ്‌വെയ്‌ക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ മല്‍സരം. പക്ഷെ ഈ മല്‍സരത്തില്‍ രാഹുല്‍ ബാറ്റിങില്‍ ക്ലിക്കായില്ല. ഇന്ത്യ 170 റണ്‍സ് ചേസ് ചെയ്യവെ മന്‍ദീപ് സിങിനൊപ്പം അദ്ദേഹം ഓപ്പണറായി ഇറങ്ങുകയായിരുന്നു. പക്ഷെ ഗോള്‍ഡന്‍ ഡെക്കായി രാഹുലിനു ക്രീസ് വിടേണ്ടി വരികയായിരുന്നു.
ഇന്‍ഡൈസ് എഡ്ജായ ശേഷം ബൗള്‍ഡായാണ് താരം ക്രീസ് വിട്ടത്. രാഹുല്‍ ഫ്‌ളോപ്പായ ഈ മല്‍സരത്തില്‍ ഇന്ത്യ രണ്ടു റണ്‍സിനു പൊരുതി തോല്‍ക്കുകയും ചെയ്തിരുന്നു. മനീഷ് പാണ്ഡെ നന്നായി പോരുതിനോക്കിയെങ്കലും ടീമിനെ വിജയിപ്പിക്കാന്‍ സാധിച്ചില്ല.
വെറ്ററന്‍ ഇടംകൈന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും അരങ്ങേറ്റ ടി20 മല്‍സരത്തില്‍ നിരാശപ്പെടുത്തിയിട്ടുള്ള താരമാണ്. വിരാട് കോലി ടെസ്റ്റില്‍ അരങ്ങേറിയ 2011ലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ തന്നെയായിരുന്നു ധവാന്‍ ടി20യിലും ആദ്യ മല്‍സരം കളിച്ചത്. പാര്‍ഥീവ് പട്ടേലായിരുന്നു ടി20യില്‍ അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളി.
കന്നി മല്‍സരത്തില്‍ റണ്ണെടുക്കാന്‍ പാടുപെടുന്ന ധവാനെയാണ് കണ്ടത്. 11 ബോളില്‍ നിന്നു അഞ്ച് റണ്‍സ് മാത്രമെടുത്ത അദ്ദേഹത്തെ അന്നു ഡാരന്‍ സമി പുറത്താക്കുകയായിരുന്നു. സമിയുടെ ഷോര്‍ട്ട് ബോളില്‍ ഇന്‍സൈഡ് എഡ്ജായ ധവാനെ വിക്കറ്റ് കീപ്പറാണ് അനായാസം പിടികൂടിയത്. എങ്കിലും ഈ മല്‍സരത്തില്‍ ഇന്ത്യക്കു 16 റണ്‍സിന്റെ വിജയം സ്വന്തമാക്കാന്‍ സാധിച്ചു.
മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും ടി20യിലെ അരങ്ങേറ്റ മല്‍സരത്തില്‍ തിളങ്ങാനായിരുന്നില്ല. അദ്ദേഹത്തിന്റെ കരിയറിന്റെ അവസാന ഘട്ടത്തിലായിരുന്നു ടി20 ഫോര്‍മാറ്റ് ഐസിസി കൊണ്ടുവരുന്നത്. അതുകൊണ്ടു തന്നെ ഒരേയൊരു മല്‍സരം മാത്രമേ സച്ചിന്‍ ടി20യില്‍ കളിച്ചിട്ടുമുള്ളൂ.
2006ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടിലായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ കന്നി ടി20 മല്‍സരം. ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്കയെ ഒമ്പതു വിക്കറ്റിനു 126 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്കു സാധിച്ചു.

സച്ചിനും വീരേന്ദര്‍ സെവാഗും ചേര്‍ന്നായിരുന്നു ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ ഇറങ്ങിയത്. ചാള്‍ ലാങ്വെല്‍റ്റെറിഞ്ഞ നാലാം ഓവറില്‍ സച്ചിന്‍ രണ്ടു ഫോറുകളടിച്ചെങ്കിലും പിന്നാലെ പുറത്തായി. 12 ബോളില്‍ 10 റണ്‍സെടുത്ത അദ്ദേഹത്തെ ലാങ്വെല്‍റ്റ് ബൗള്‍ഡാക്കുകയായിരുന്നു. എങ്കിലും മല്‍സരത്തില്‍ ആറു വിക്കറ്റിന്റെ ജയം സ്വന്തമാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു.
വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാനാണ് അരങ്ങേറ്റ ടി20 മല്‍സരത്തില്‍ തിളങ്ങാതെ പോയ മറ്റൊരു ഇന്ത്യന്‍ താരം. 2007ലെ പ്രഥമ ടി20 ലോകകപ്പ് ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെതിരേയായിരുന്നു യൂസുഫിന്റെ അരങ്ങേറ്റം. പരിക്കു കാരണം വീരേന്ദര്‍ സെവാഗിനു പുറത്തിരിക്കേണ്ടി വന്നതോടെ ഓപ്പണിങില്‍ ഗൗതം ഗംഭീറിന്റെ പങ്കാളിയായി യൂസുഫിനെ ഇന്ത്യ പരീക്ഷിക്കുകയായിരുന്നു.
പക്ഷെ സെവാഗിനെപ്പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. മുഹമ്മദ് ആസിഫിനെതിരേ ഓരോ ഫോറും സിക്‌സറുമടിച്ചെങ്കിലും 15 റണ്‍സെടുത്ത് യൂസുഫ് പുറത്തായി. ബൗണ്‍സറിനെതിരേ പുള്‍ ഷോട്ടിനു മുതിര്‍ന്ന യൂസുഫിനെ മിഡ് ഓണില്‍ ഷുഐബ് മാലിക്ക് പിടികൂടുകയായിരുന്നു.