മുംബൈ: ഇരുന്നൂറാം ടെസ്റ്റിന് ശേഷം വിരമിക്കണമെന്ന് ബി സി സി ഐ ആവശ്യപ്പെടാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത കേട്ടാലൊന്നും സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഞെട്ടാന്‍ പോകുന്നില്ല. ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ നേരിട്ട് വന്ന് പറയട്ടെ, അപ്പോള്‍ നോക്കാം എന്ന നിലപാടിലാണ് സച്ചിന്‍ എന്നാണ് സച്ചിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
എപ്പോള്‍ വിരമിക്കണം എന്ന കാര്യത്തില്‍ സച്ചിനും അഞ്ജലിയുമാണ് തീരുമാനം എടുക്കേണ്ടത്. വിരമിക്കുന്നതിനെക്കുറിച്ച് അവര്‍ക്ക് മാത്രമേ അറിയൂ എന്നാണ് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു 'സച്ചിന്‍ സുഹൃത്ത്' പറഞ്ഞത്. സച്ചിന്‍ ഒരു സാധാരണ കളിക്കാരന്‍ അല്ലെന്നും എപ്പോള്‍ വിരമിക്കണം എന്ന് സച്ചിന് അറിയാമെന്നും മുന്‍ ഇന്ത്യന്‍ താരവും സച്ചിന്റെ സുഹൃത്തുമായ പ്രവീണ്‍ ആംറെ പറഞ്ഞു.

നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ സച്ചിന്‍ 200 ടെസ്റ്റ് പൂര്‍ത്തിയാക്കും. ഈ ടെസ്റ്റിന് ശേഷം സച്ചിനോട് വിരമിക്കാന്‍ ബി സി സി ഐ ആവശ്യപ്പെടും എന്ന് കഴിഞ്ഞ ദിവസം മുംബൈ മിറര്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. സച്ചിന് സ്വന്തം നാട്ടില്‍ വിരമിക്കാന്‍ അവസരം ഒരുക്കുന്നതിനായാണ് ധൃതിയില്‍ വിന്‍ഡീസ് ടീമിനെ ടെസ്റ്റ് പരമ്പരയ്ക്കായി ക്ഷണിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളോട് സച്ചിന്‍ പ്രതികരിച്ചിട്ടില്ല. ഏകദിന, ട്വന്റി - 20 ക്രിക്കറ്റുകളില്‍ നിന്നും സച്ചിന്‍ നേരത്തെ വിരമിച്ചിരുന്നു. സമീപകാലത്ത് മോശം ഫോമിലുളള സച്ചിന് ഇരിയൊരു തിരിച്ചുവരവുണ്ടാവില്ല എന്നാണ് കരുതപ്പെടുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും ഒരു മികച്ച പ്രകടനം പുറത്തെടുക്കാന്‍ സച്ചിന് ഈ സീസണില്‍ കഴിഞ്ഞിട്ടില്ല.