T20 World Cup 2024: ഇവര്‍ക്ക് അവസാന ലോകകപ്പ്, ഇനി ഒരു അങ്കത്തിന് ബാല്യമില്ല- വിരമിച്ചേക്കും
ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടന്ന് കഴിഞ്ഞു. ഇതിനോടകം ഷെഡ്യൂളടക്കം പുറത്തുവന്നതിനാല്‍ ഇനിയുള്ളത് മുന്നൊരുക്കത്തിന്റെ സമയമാണ്. ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിലാണ് നിലവില്‍ ടീം മാനേജ്‌മെന്റുകളുള്ളത്. ഇത്തവണത്തെ ടി20 ലോകകപ്പ് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ കപ്പിലേക്കെത്തുക ഒരു ടീമിനും എളുപ്പമാവില്ലെന്ന് ഉറപ്പാണ്.
ഇത്തവണത്തെ ലോകകപ്പോടെ നിലവിലെ സീനിയേഴ്‌സായിട്ടുള്ള പല സൂപ്പര്‍ താരങ്ങളുടേയും ചീട്ടുകീറുമെന്നുറപ്പ്. ഇനിയൊരു ലോകകപ്പ് കളിക്കാന്‍ ബാല്യം ശേഷിക്കാതെ ഇവര്‍ പടിയിറങ്ങാനാണ് സാധ്യത. ഇത്തരത്തില്‍ അവസാന ലോകകപ്പ് കളിക്കാനിറങ്ങുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ഡേവിഡ് വാര്‍ണറാണ്. ഓസ്‌ട്രേലിയയുടെ ഇടം കൈയന്‍ ഓപ്പണറായ വാര്‍ണര്‍ ടെസ്റ്റില്‍ നിന്നും ഏകദിനത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.
അതുകൊണ്ടുതന്നെ ഇനി ടി20 ഫോര്‍മാറ്റില്‍ നിന്ന് മാത്രമാണ് വിടപറയേണ്ടത്. ഇത്തവണത്തെ ടി20 ലോകകപ്പോടെ വാര്‍ണര്‍ തന്റെ ക്രിക്കറ്റ് കരിയറിന് പൂര്‍ണ്ണമായും വിരാമമിടുമെന്നുറപ്പാണ്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെടുകയും വിലക്ക് നേരിടുകയും ചെയ്‌തെങ്കിലും ഇപ്പോഴും വലിയ ആരാധക പിന്തുണയുള്ള താരമാണ് വാര്‍ണര്‍. ഐപിഎല്ലിലടക്കം സജീവമായിട്ടുള്ള വാര്‍ണര്‍ വിരമിക്കുന്നത് ആരാധകരെ സംബന്ധിച്ച് നിരാശയുണ്ടാക്കുമെന്നുറപ്പ്. കളത്തില്‍ എല്ലാവരേയും രസിപ്പിക്കുന്ന താരമായിരുന്നു വാര്‍ണര്‍.
രണ്ടാമത്തെ താരം ഇന്ത്യയുടെ രോഹിത് ശര്‍മയാണ്. ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യയെ നയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. രോഹിത്തിന്റെ ഫോമിനെക്കുറിച്ച് പലര്‍ക്കും സംശയമുണ്ടായപ്പോള്‍ അഫ്ഗാനെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടിയാണ് രോഹിത് എല്ലാ വിമര്‍ശകര്‍ക്കും മറുപടി നല്‍കിയത്. രോഹിത്തിന്റെ കരിയറിലെ അവസാന ലോകകപ്പായിരിക്കും ഇതെന്ന് പറയാം.

ഇനിയൊരു ലോകകപ്പ് കളിക്കാന്‍ രോഹിത്തിന്റെ ഫിറ്റ്‌നസും ഫോമും അനുവദിച്ചേക്കില്ല. അതുകൊണ്ടുതന്നെ ഹിറ്റ്മാന്റെ അവസാന ലോകകപ്പായിരിക്കും ഇത്. വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ആന്‍ഡ്രേ റസല്‍. അതിവേഗത്തില്‍ റണ്‍സ് നേടാന്‍ കഴിവുള്ള താരം മീഡിയം പേസുകൊണ്ടും ടീമിന് ഉപകാരിയാണ്. ഏറെ നാളുകളായി വിന്‍ഡീസ് ടീമിന് പുറത്തായിരുന്നു റസല്‍. എന്നാല്‍ സമീപകാലത്തായി താരം തിരിച്ചുവരവ് നടത്തിയിട്ടുണ്ട്.
ടി20 ലോകകപ്പില്‍ റസല്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിലുണ്ടാവുമെന്നുറപ്പാണ്. എന്നാല്‍ റസലിന്റെ അവസാന ലോകകപ്പായിരിക്കും ഇത്. ലീഗ് ക്രിക്കറ്റില്‍ സജീവമായ റസല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയാനാണ് സാധ്യത. ഇനിയൊരു ലോകകപ്പ് കളിക്കാന്‍ റസലിന് ബാല്യമുണ്ടാവില്ല. അതുകൊണ്ടുതന്നെ റസല്‍ വെടിക്കെട്ട് ദേശീയ ജേഴ്‌സിയില്‍ കാണാനുള്ള അവസാന അവസരമായിരിക്കും ഇത്തവണത്തെ ടി20 ലോകകപ്പ് എന്ന് പറയാം.
ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡീകോക്കാണ് മറ്റൊരു താരം. ഇടം കൈയന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഡീകോക്ക് ഇതിനോടകം ടെസ്റ്റും ഏകദിനവും മതിയാക്കിയിട്ടുണ്ട്. നിലവില്‍ ടി20 മാത്രം കളിക്കുന്ന ഡീകോക്ക് വരുന്ന ടി20 ലോകകപ്പിന് ശേഷം കരിയറിന് പൂര്‍ണ്ണമായും വിരാമമിടുമെന്നുറപ്പ്. പ്രായം കുറവാണെങ്കിലും മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ കരിയര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഡീകോക്ക് പ്രയാസം നേരിടുന്നു.
ഇനിയൊരു ലോകകപ്പ് കളിക്കാന്‍ ഡീകോക്ക് ഉണ്ടാകില്ലെന്നുറപ്പാണ്. എന്നാല്‍ ലീഗ് ക്രിക്കറ്റില്‍ ഡീകോക്ക് കളി തുടരാനാണ് സാധ്യത. മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറും ഇപ്പോള്‍ നമീബിയയുടെ താരവുമായ ഡേവിഡ് വീസെയുടേയും അവസാന ലോകകപ്പായിരിക്കും ഇത്. ഇനിയൊരു ലോകകപ്പ് കളിക്കാന്‍ ഇവര്‍ക്ക് ബാല്യമില്ല. 40കാരനായ വീസെ ഇത്തവണത്തെ ലോകകപ്പോടെ കരിയറിന് വിരാമമിട്ടേക്കും. നിലവില്‍ ഐപിഎല്ലിലടക്കം കളിക്കുന്ന ഡേവിഡ് വീസെക്ക് ഇനിയൊരു ലോകകപ്പിന് ബാല്യമില്ലെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications