ടി20യില്‍ ഹിറ്റ്മാനൊരു നാണക്കേടിന്റെ റെക്കോര്‍ഡുണ്ട്! അഫ്രീഡി നാലാമന്‍
ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ ഫോര്‍മാറ്റെന്നു നിലവില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത് ടി20യെയാണ്. ടി20ക്കു ശേഷം ടി10 ഫോര്‍മാറ്റും ആരംഭിച്ചിട്ടുണ്ടെങ്കിലും അതു ഐസിസി തങ്ങളുടെ ഔദ്യോഗിക ഫോര്‍മാറ്റായി അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ തന്നെ ടി20യോളം ജനപ്രീതിയില്ല. 2005ലാണ് 20 ഓവറുകള്‍ വീതമുള്ള ടി20യെന്ന കുട്ടി ക്രിക്കറ്റിനെ ആദ്യമായി ഐസിസി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ ആഗോള തലത്തില്‍ ഇതു ഇത്രയും വലിയ വിജയമാവുമെന്നു ആരും കരുതിക്കാണില്ല. ടി20യുടെ വരവിനു ശേഷം ഐപിഎല്ലുള്‍പ്പെടെയുള്ള ഫ്രാഞ്ചൈസി ലീഗുകള്‍ ഉയര്‍ന്നു വന്നതോടെ ലോകം മുഴുവന്‍ ക്രിക്കറ്റിന്റെ ജനപ്രീതി വര്‍ധിക്കുകയും ചെയ്തു.
ഓക്ക്‌ലാന്‍ഡില്‍ വച്ച് ആതിഥേയരായ ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയയും തമ്മിലാണ് ആദ്യത്തെ ടി20 പോരാട്ടം അരങ്ങേറിയത്. പിന്നീട് ടി20കളുടെ ചാകര തന്നെ കാണാന്‍ സാധിച്ചു. പറഞ്ഞുവരുന്നത് ടി20യിലെ ബാറ്റിങ് പ്രകടനങ്ങളെക്കുറിച്ചാണ്. ബാറ്ററാണ് ഈ ഫോര്‍മാറ്റിലെ കിങെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എങ്കിലും പ്രതിഭയോടൊപ്പം ഭാഗ്യം കൂടി ടി20യില്‍ ബാറ്റര്‍ക്കു ആവശ്യമാണ്. ഈ ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ ഒറ്റയക്ക സ്‌കോറിനു പുറത്തായിട്ടുള്ള ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

രോഹിത് ശര്‍മ (45)
ഇന്ത്യയുടെ പുതിയ നായകന്‍ കൂടിയായ രോഹിത് ശര്‍മയുടെ പേരിലാണ് ടി20യിലെ നാണക്കേടിന്റെ ഈ റെക്കോര്‍ഡ്. ഹിറ്റ്മാന്റെ ആരാധകരെ സംബന്ധിച്ച് ഇതു നിരാശപ്പെടുത്തുന്ന കാര്യമാണെങ്കിലും കണക്കുകള്‍ പറയുന്നത് അംഗീകരിച്ചേ പറ്റൂ. 45 തവണയാണ് അന്താരാഷ്ട്ര ടി20യില്‍ രോഹിത് ഒറ്റയക്ക സ്‌കോറിനു പുറത്തായിട്ടുള്ളത്.
ശ്രീലങ്കയ്‌ക്കെതിരേ അവസാനമായി നടന്ന ടി20 പരമ്പരയിലെ മൂന്നാമത്തെ ടി20യില്‍ ഒമ്പതു ബോളില്‍ അഞ്ചു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്തായിരുന്നു. ദുഷ്മന്ത ചമീരയ്ക്കായിരുന്നു വിക്കറ്റ്. ഇതോടെയാണ് ഒന്നാംസ്ഥാനം ഹിറ്റ്മാന്റെ പേരിലായത്. എങ്കിലും ഇതേ കളിയില്‍ മറ്റൊരു അഭിമാനിക്കാവുന്ന റെക്കോര്‍ഡ് രോഹിത്തിനെ തേടിയെത്തിയിരുന്നു. ഏറ്റവുമധികം ടി20കളില്‍ കളിച്ച താരമായാണ് അദ്ദേഹം (125 മല്‍സരം) അദ്ദഹം മാറിയത്.

കെവിന്‍ ഒബ്രെയ്ന്‍ (44)
അയര്‍ലാന്‍ഡിന്റെ വമ്പനടിക്കാരനായ ബാറ്റര്‍ കെവിന്‍ ഒബ്രെയ്‌നാണ് രോഹിത് ശര്‍മയ്ക്കു തൊട്ടു പിന്നിലായി രണ്ടാംസ്ഥാനത്ത്. ദേശീയ ടീമിനോടൊപ്പം അദ്ദേഹം 44 ടി20കളില്‍ ഒറ്റയക്ക സ്‌കോറിനു ഔട്ടായിട്ടുണ്ട്. എങ്കിലും ഈ ഫോര്‍മാറ്റില്‍ 2000 റണ്‍സെടുക്കുന്ന ആദ്യ ഐറിഷ് താരമെന്ന റെക്കോര്‍ഡിന് തൊട്ടരികിലാണ് ഒബ്രെയ്ന്‍. ഇതിനായി 27 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു വേണ്ടത്.
110 മല്‍സരങ്ങളില്‍ നിന്നും 1973 റണ്‍സ് താരം നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 124 റണ്‍സാണ്. ട20യില്‍ ഐറിഷ് ടീമിനായി ഒബ്രെയ്ന്‍ ഓപ്പണ്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ബാറ്റിങിനൊപ്പം 185 വിക്കറ്റുകളുമായി ബൗളിങിലും തിളങ്ങാന്‍ താരത്തിനു സാധിച്ചു.

മുഷ്ഫിഖുര്‍ റഹീം (41)
ബംഗ്ലാദേശിന്റെ മുന്‍ ക്യാപ്റ്റനും പരിചയസമ്പന്നായ വിക്കറ്റ് കീപ്പറുമായ മുഷ്ഫിഖുര്‍ റഹീം ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നു. 41 ടി20കളില്‍ അദ്ദേഹം ഒറ്റയക്ക സ്‌കോറിനു പുറത്തായിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തോളമായി മുഷ്ഫിഖുര്‍ ദേശീയ ടീമിന്റെ ഭാഗമാണ്.
ഇതുവരെ 99 ടി20കളിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. 20ല്‍ താഴെ ശരാശരിയില്‍ 1465 റണ്‍സ് മാത്രമേ നേടാനായിട്ടുള്ളൂ. 72 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മോശം ഫോമിനെ തുടര്‍ന്ന് മുഷ്ഫിഖുറിനെ അടുത്തിടെ ടി20 ടീമില്‍ നിന്നൊഴിവാക്കുകയും ചെയ്തിരുന്നു.

ഷാഹിദ് അഫ്രീഡി (40)
പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന ഷാഹിദ് അഫ്രീഡിയാണ് നാലാംസ്ഥാനത്ത്. ടോപ്പ് ഫൈവില്‍ നിലവില്‍ മല്‍സരരംഗത്തില്ലാത്ത ഏക താരവും അദ്ദേഹമാണ്. 40 തവണയാണ് അഫ്രീഡി ടി20യില്‍ ഒറ്റയക്ക സ്‌കോറിനു പുറത്തായത്. ഒരു സമയത്ത് ഈ ലിസ്റ്റിലെ രാജാവും അദ്ദേഹമായിരുന്നു. എന്നാല്‍ അഫ്രീഡി കളി നിര്‍ത്തിയതോടെ മല്‍സരരംഗത്തുള്ള മറ്റുള്ളര്‍ അദ്ദേഹത്തെ മറികടന്ന് മുകളിലേക്കു വരികയായിരുന്നു.
99 ടി20കളിലാണ് അഫ്രീഡി പാക് ടീമിനായി കളിച്ചത്. ഇവയില്‍ നിന്നും 17.92 ശരാശരിയില്‍ 1416 റണ്‍സ് നേടുകയും ചെയ്തു. 2006ല്‍ അരങ്ങേറി അദ്ദഹം 12 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിരുന്നു.

മഹമ്മുദുള്ള (37)
ബംഗ്ലാദേശിന്റെ നിലവിലെ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ മഹമ്മുദുള്ള ലിസ്റ്റില്‍ അഞ്ചാമനാണ്. 37 തവണ അദ്ദേഹത്തിന് ഒറ്റയക്ക സ്‌കോറില്‍ പവലിയനിലേക്കു മടങ്ങേണ്ടി വന്നു. ഇതുവരെ 113 ടി20കളില്‍ നിന്നും 24.03 ശരാശരിയില്‍ 1971 റണ്‍സാണ് മഹമ്മുദുള്ളയ്ക്കു നേടാനായത്. പുറത്താവാതെ നേടിയ 64 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
14 വര്‍ഷത്തോളമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. 36 വിക്കറ്റുകളും ബംഗ്ലാ നായകന്‍ നേടി. 10 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്തതാണ് മികച്ച പ്രകടനം. കഴിഞ്ഞ വര്‍ഷം സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയ്ക്കു ശേഷം മഹമ്മുദുള്ള ടെസ്റ്റില്‍ നിന്നും വിരമിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications