ടി20യില്‍ പൊതുവേ സീനിയര്‍ താരങ്ങള്‍ക്ക് വലിയ വിലയില്ല. കൈക്കരുത്തും കടന്നാക്രമിക്കാന്‍ ധൈര്യവുമുള്ള യുവതാരങ്ങള്‍ക്കാണ് ടി20യില്‍ കൂടുതല്‍ അവസരം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ പല സീനിയര്‍ താരങ്ങളും ദേശീയ ടി20ന് പുറത്താണ്. പ്രായം കൂടുന്തോറും കായിക ക്ഷമതയെ അത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ വെടിക്കെട്ട് ബാറ്റിങ് നടത്തുന്നതിന് പ്രായം തടസമാകുന്നുണ്ടെന്ന് തന്നെ പറയാം.
എന്നാല്‍ ചുരുക്കം ചിലര്‍ പ്രായത്തെ വെറും സംഖ്യയാക്കി ടി20യില്‍ കസറുന്നുണ്ട്. 35 വയസ് പിന്നിട്ടിട്ടും ടി20യില്‍ സെഞ്ച്വറിയടക്കം നേടി മിന്നിക്കാന്‍ ചില താരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് രോഹിത് ശര്‍മ സെഞ്ച്വറി നേടി ഞെട്ടിച്ചത്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ അപാരമായ മികവുള്ള ബാറ്റ്‌സ്മാനാണ് രോഹിത്.

എന്നാല്‍ പ്രായം താരത്തെ തളര്‍ത്തുന്നുണ്ടെന്നും ടി20 മതിയാക്കേണ്ട സമയമായെന്നും അഭിപ്രായപ്പെട്ടവര്‍ ഏറെയാണ്. 2022ലെ ടി20 ലോകകപ്പിന് ശേഷം ഏറെനാള്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്തിരുന്ന രോഹിത് അപ്രതീക്ഷിതമായാണ് ദേശീയ ടി20 ടീമിലേക്ക് മടങ്ങിയെത്തിയത്. അഫ്ഗാനെതിരേ ആദ്യ രണ്ട് മത്സരത്തിലും ഡെക്കായ ഹിറ്റ്മാന്‍ മൂന്നാം മത്സരത്തില്‍ ഗംഭീര സെഞ്ച്വറിയോടെ എല്ലാ വിമര്‍ശകരുടേയും വായടപ്പിക്കുകയായിരുന്നു.
വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ രോഹിത്തിന് കീഴില്‍ കളിക്കാനാണ് സാധ്യത കൂടുതല്‍. രണ്ടാമത്തെ താരം ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ് വെല്ലാണ്. ഫോമിലേക്കെത്തിയാല്‍ ബൗളര്‍മാരുടെ അന്തകനാവുന്ന ബാറ്റ്‌സ്മാനാണ് മാക്‌സ് വെല്‍. വ്യത്യസ്ത ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള മാക്‌സ് വെല്‍ 35 വയസിന് ശേഷം രണ്ട് സെഞ്ച്വറികള്‍ ടി20യില്‍ നേടിയിട്ടുണ്ട്. സ്വിച്ച് ഹിറ്റടക്കം നന്നായി കളിക്കുന്ന മാക്‌സ് വെല്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്.
ഭയമില്ലാതെ കളിക്കുന്ന മാക്‌സ് വെല്‍ വരുന്ന ടി20 ലോകകപ്പിലും ഓസ്‌ട്രേലിയയുടെ തുറുപ്പുചീട്ടാണ്. സ്ഥിരത പ്രശ്‌നമാണെങ്കിലും ഫോമിലേക്കെത്തുന്ന ദിവസം ബൗളര്‍മാരെ കരയിപ്പിക്കുന്ന താരമാണ്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലാണ് ഈ പട്ടികയിലെ മറ്റൊരാള്‍. ഉയര്‍ന്ന ഫിറ്റ്‌നസുള്ള താരമാണ് ഗെയ്ല്‍. ടി20 ഫോര്‍മാറ്റിലെ ഇതിഹാസമാണ് ഗെയ്ല്‍. ലീഗ് ക്രിക്കറ്റിലും ദേശീയ ക്രിക്കറ്റിലും വെടിക്കെട്ട് പ്രകടനം നടത്തി കസറിയ ഗെയ്ല്‍ 35 വയസ് പിന്നിട്ട ശേഷം ഒരു തവണ ടി20യില്‍ സെഞ്ച്വറി നേടി.
2016ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ഈ പ്രകടനം. ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഗെയ്ല്‍ പ്രധാന ലീഗ് ക്രിക്കറ്റുകളില്‍ നിന്നും കളമൊഴിഞ്ഞു. എന്നാല്‍ വിരമിച്ചവര്‍ക്കുള്ള ടി20 ലീഗുകളില്‍ ഗെയ്ല്‍ ഇപ്പോഴും സജീവമാണ്. ഇപ്പോഴും ഉയര്‍ന്ന ഫിറ്റ്‌നസ് നിലവാരം ഗെയ്‌ലിനുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീമില്‍ നിന്ന് പ്രശസ്തിയിലേക്കുയര്‍ന്ന താരങ്ങള്‍ വിരളമാണ്. എന്നാല്‍ അത്തരത്തിലൊരു ഭാഗ്യം ലഭിച്ച താരമാണ് കെവിന്‍ ഒബ്രിയാന്‍.
2011ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ നടത്തിയ സെഞ്ച്വറി പ്രകടനത്തോടെ എല്ലാവരുടേയും ശ്രദ്ധ നേടിയെടുക്കാന്‍ കെവിന് സാധിച്ചു. ടി20യിലും സജീവമായിരുന്ന താരം പ്രായം 35 പിന്നിട്ട ശേഷം ഒരു തവണ ടി20യില്‍ സെഞ്ച്വറി നേടി. 2019ല്‍ ഹോങ്കോങ്ങിനെതിരായ മത്സരത്തിലാണ് ഒബ്രിയാന്റെ പ്രകടനം. മുന്‍ സൗത്താഫ്രിക്കന്‍ താരം മോണി വാന്‍ വൈക്കാണ് മറ്റൊരു താരം.
ദേശീയ ടീമിനൊപ്പം വലിയൊരു കരിയര്‍ താരത്തിന് സൃഷ്ടിക്കാനായില്ല. എട്ട് ടി20കള്‍ മാത്രം കളിച്ച താരം ഒരു സെഞ്ച്വറി നേടി. 2015ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 70 പന്തില്‍ 114 റണ്‍സാണ് മോണി നേടിയത്.