ഒരു വര്‍ഷത്തിലേറെയായി നീളുന്ന 'വനവാസത്തിനു' വിരാമമിട്ട് ടി20 ഫോര്‍മാറ്റിലേക്കു മാസ് തിരിച്ചുവരവിന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തയ്യാറായിക്കഴിഞ്ഞതായി റിപ്പോര്‍ട്ട്. ടി20യില്‍ ഇനിയൊരിക്കലും അദ്ദേഹം ഇന്ത്യക്കു വേണ്ടി കളിക്കില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ ടി20യില്‍ വേണ്ടെന്ന സ്വന്തം തീരുമാനത്തില്‍ ഹിറ്റ്മാന്‍ മാറ്റം വരുത്തിക്കഴിഞ്ഞതായാണ് വിവരം.
ഇതിന്റെ ഭാഗമായി ഈ മാസം അഫ്ഗാനിസ്താനെതിരേയുള്ള ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് സമ്മതം മൂളിക്കഴിഞ്ഞു. അതു മാത്രമല്ല ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലും ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ അദ്ദേഹം സമ്മതിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ഈ മാസം 11 മുതലാണ് അഫ്ഗാനുമായി മൂന്നു ടി20കളുടെ പരമ്പരയില്‍ ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യ കളിക്കുന്ന ഏക ടി20 പരമ്പരയും കൂടിയാണിത്. ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാളായിരുന്നു പരമ്പരയില്‍ ഇന്ത്യയെ നയിക്കാനിരുന്നത്. പക്ഷെ പരിക്കു കാരണം ഇരുവര്‍ക്കും പരമ്പരയില്‍ കളിക്കാന്‍ സാധിക്കില്ല. ഇതാണ് ഹിറ്റ്മാന്റെ മടങ്ങിവരവിനു വഴിയൊരുക്കിയത്.
ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നതുമായി ബന്ധപ്പെട്ട് രോഹിത് ശര്‍മയുമായി ദൈര്‍ഘ്യമേറിയ ചര്‍ച്ച നടത്തിയെന്നും ടൂര്‍ണമെന്റില്‍ ക്യാപ്റ്റാനാവാന്‍ തയ്യാറാണെന്നു അദ്ദേഹം അറിയിച്ചതായും ഒരു ബിസിസിഐ ഒഫീഷ്യലാണ് തുറന്നു പറഞ്ഞിരിക്കുന്നത്. ടി20 ലോകകപ്പില്‍ ഹാര്‍ദിക്കിനു കീഴിലാവും ഇന്ത്യ കളിക്കുകയെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
കാരണം ടി20യില്‍ നിന്നും ഹിറ്റ്മാന്‍ അനിശ്ചിതമായി വിട്ടുനിന്ന ശേഷം പിന്നീടുള്ള പരമ്പരകളില്‍ ഭൂരിഭാഗവും ഹാര്‍ദിക്കായിരുന്നു ടീമിനെ നയിച്ചത്. രോഹിത് ഈ ഫോര്‍മാറ്റിലേക്കു ഇനിയൊരു മടങ്ങിവരവ് നടത്തില്ലെന്നും അതുകൊണ്ടു തന്നെ ഹാര്‍ദിക് ടി20 ലോകകപ്പില്‍ ക്യാപ്റ്റന്‍സി ഉറപ്പിച്ചതായും എല്ലാവരും കരുതുകയും ചെയ്തു. ഇതിനിടെയാണ് വലിയൊരു ട്വിസ്റ്റ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം അടുത്തിടെ ഹാര്‍ദിക് തട്ടിയെടുത്തതിനു രോഹിത്തിന്റെ പ്രതികാരമാണോ ഇതെന്നാണ് പലരും സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. കരിയറിലാദ്യമായി ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനുള്ള അവസരമാണ് രോഹിത്തിന്റെ മടങ്ങിവരവിലൂടെ ഹാര്‍ദിക്കിനു നഷ്ടമാവുന്നത്. കഴിഞ്ഞ മാസമായിരുന്നു തികച്ചും അപ്രതീക്ഷിതമായി രോഹിത്തിനെ പുറത്താക്കി പകരം ഹാര്‍ദിക്കിനെ അടുത്ത ഐപിഎല്‍ സീസണിലെ ക്യാപ്റ്റനായി മുംബൈ പ്രഖ്യാപിച്ചത്.
മുംബൈ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ രോഹിത്തും ടീമിലെ ചില സീനിയര്‍ കളിക്കാരും അതൃപ്തരാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാത്രമല്ല സൂര്യ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ ടീം വിടാന്‍ തയ്യാറെടുക്കുന്നതായും അഭ്യൂഹങ്ങള്‍ പരന്നു.

രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയതിനെതിരേ ആരാധകരോഷവും ശക്തമാണ്. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് മുംബൈ ടീം നേരിട്ടത്. ലക്ഷക്കണക്കിനു ഫോളോവേഴ്‌സിനെ മുംബൈയ്ക്കു നഷ്ടമാവുകയും ചെയ്തിരുന്നു.
അതേസമയം, 2022 നവംബറിലാണ് രോഹിത് അവസാനമായി ഇന്ത്യക്കു വേണ്ടി ടി20യില്‍ കളിച്ചത്. ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലിലായിരുന്നു ഇത്. ഈ കളിയില്‍ പത്തു വിക്കറ്റിന്റെ നാണംകെട്ട പരാജയം ഇന്ത്യ ഏറ്റുവാങ്ങുകയും ചെയ്തു.
സെമിയില്‍ ഇന്ത്യയുടെ പുറത്താവലിനു ശേഷം രോഹിത്തിനൊപ്പം മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ടി20യില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ്. ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ കോലി കളിക്കുമോയെന്ന കാര്യം സംശയമാണ്. ടി20യില്‍ ഇനി അദ്ദേഹത്തെ തിരിച്ചുവിളിക്കാന്‍ ബിസിസിഐയ്ക്കു പ്ലാനില്ലെന്നാണ് വിവരം.