ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോളം നര്‍മബോധവും കൗണ്ടറുകളുമടിക്കുന്ന താരങ്ങള്‍ ആധുനിക ക്രിക്കറ്റില്‍ വളരെ അപൂര്‍വ്വമാണെന്നു കാണാം. കളിക്കളത്തില്‍ മാത്രമല്ല പുറത്തും അദ്ദേഹത്തിന്റെ പെരുമാറ്റം ആരാധകരെ പലപ്പോഴും ചിരിപ്പിക്കുകയും ചെയ്യാറുണ്ട്. സ്റ്റംപ് മൈക്കുകളിലൂടെ ഹിറ്റ്മാന്റെ രസകരമായ വാക് പ്രയോഗങ്ങളും വാദങ്ങളുമെല്ലാം പലപ്പോഴും പുറത്തു വരികയും വൈറലാവുകയും ചെയ്തിരുന്നു. അത്തരമൊരു രസകരമായ സംഭവം ജനുവരിയില്‍ അഫ്ഗാനിസ്താനുമായി നാട്ടില്‍ നടന്ന ടി20 പരമ്പരയ്ക്കിടെയും സംഭവിച്ചിരുന്നു.
അഫ്ഗാനുമായുള്ള മൂന്നാമത്തയും അവസാനത്തെയും ടി20 മല്‍സരത്തിനിടെയായിരുന്നു ഓണ്‍ഫീല്‍ഡ് അംപയറായ വീരേന്ദര്‍ ശര്‍മയുമായുള്ള രോഹിത്തിന്റെ സംസാരം സ്റ്റ്ംപ് മൈക്കിലൂടെ പുറത്തുവന്നത്. പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും രോഹിത് ഡെക്കായിരുന്നു. മൂന്നാമത്തെ കളിയില്‍ അദ്ദേഹം പൂജ്യത്തില്‍ നില്‍ക്കവെ ഒരു ബൗണ്ടറി നേടിയെങ്കിലും ഓണ്‍ഫീല്‍ഡ് അംപയറായ വീരേന്ദര്‍ ശര്‍മ അതു ബാറ്റില്‍ തട്ടിയില്ലെന്നാണ് കരുതിയത്.

ഇതേ തുടര്‍ന്ന് അദ്ദേഹം ലെഗ്‌ബൈയും വിളിക്കുകയായിരുന്നു. ഓവറിനു ശേഷം ഇതു മനസ്സിലായ രോഹിത് അംപയറോടു ഇതേക്കുറിച്ച് ചോദിച്ചത് സ്റ്റംപ് മൈക്കില്‍ പതിയുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഹിറ്റ്മാന്‍.
ഇന്ത്യ ആദ്യം ബാറ്റ് ചെയ്യവെ ആദ്യ ഓവറില്‍ തന്നെയായിരുന്നു സംഭവം. ബോള്‍ ബാറ്റില്‍ കൊണ്ടിരുന്നുവെന്ന ഉറച്ച വിശ്വാസം രോഹിത്തിനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ആ ബൗണ്ടറി തന്റെ പേരിലാവുമെന്ന് അദ്ദേഹം ഉറപ്പിക്കുകയും ചെയ്തു. പക്ഷെ ഓവര്‍ കഴിഞ്ഞപ്പോഴാണ് ബൗണ്ടറി തന്റെ പേരിലല്ല, മറിച്ച് എക്‌സ്ട്രായായാണ് രേഖപ്പെടുത്തിയതെന്നു രോഹിത്തിന് ബോധ്യമായത്. തുടര്‍ന്നായിരുന്നു ഇതേക്കുറിച്ച് അംപയറോടു രോഹിത് ഉറക്കെ ചോദിക്കുകയും ചെയ്തത്. വീരൂ, രണ്ടാമത്തെ ബോള്‍ നിങ്ങള്‍ ലെഗ് ബൈയാണോ നല്‍കിയത്. ബാറ്റിന്റെ നല്ലൊരു ഭാഗം അതിലുണ്ടായിരുന്നുവെന്നാണ് രോഹിത് അംപയറോടു പറഞ്ഞത്.
ഭിലാസ്പൂര്‍ ഗ്രാമത്തില്‍ ഖേല്‍ മഹാകുംബ് മേളയുടെ മൂന്നാം എഡിഷന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെുക്കാനെത്തിയപ്പോഴായിരുന്നു രോഹിത് സംഭവത്തെക്കുറിച്ച് സംസാരിച്ചത്. രോഹിത്തിനോടൊപ്പം ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അംപയറുമായുള്ള അന്നത്തെ വാദത്തെക്കുറിച്ച് അവതാരകന്‍ ഹിറ്റ്മാനോടു ചോദിക്കുകയായിരുന്നു.
നിങ്ങള്‍ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ ഡെക്കാണെങ്കില്‍ അടുത്ത കളിയില്‍ ആദ്യത്തെ റണ്‍സെന്നത് വളരെ പ്രധാനമാണ്. ബോള്‍ ബാറ്റില്‍ കൊണ്ടതിനു ശേഷമായിരുന്നു ബൗണ്ടറിയിലേക്കു പേയത്. പക്ഷെ അംപയര്‍ അതു കണ്ടില്ലായിരിക്കാം. തുടര്‍ന്ന് ലെഗ് ബൈ വിളിക്കുകയും ചെയ്തു. സാധാരണയായി ബാറ്റ് ചെയ്യുമ്പോള്‍ ഞാന്‍ സ്‌കോര്‍ ബോര്‍ഡിലേക്കു നോക്കാറില്ല. ബാറ്റിങിലാണ് ഞാന്‍ പൂര്‍ണമായും ശ്രദ്ധിക്കാറുള്ളത്.

പക്ഷെ അന്നു ഓവര്‍ അവസാനിച്ചതിനു ശേഷം ഞാന്‍ വെറുതെയൊന്നു സ്‌കോര്‍ ബോര്‍ഡിലൂടെ കണ്ണോടിക്കുകയായിരുന്നു. രോഹിത് ശര്‍മ പൂജ്യം തന്നെയാണെന്നാണ് അതില്‍ കണ്ടത്. ഞാന്‍ ബൗണ്ടറിയടിച്ചിട്ടും ഇപ്പോഴുമെന്താണ് പൂജ്യമെന്നു കാണിക്കുന്നതെന്നു താന്‍ ചിന്തിക്കുകയും ചെയ്തതായും രോഹിത് ശര്‍മ വ്യക്തമാക്കി.
ഒരു വര്‍ഷത്തിലേറെ നീണ്ട ബ്രേക്കിനു ശേഷം ടി20 ഫോര്‍മാറ്റിലേക്കു രോഹിത് മടങ്ങിയെത്തിയ പരമ്പര കൂടിയായിരുന്നു അത്. 2022 നവംബറില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പ് സെമി ഫൈനലില്‍ തോറ്റ് ഇന്ത്യ പുറത്തായതിനു ശേഷം രോഹിത്തിനൊപ്പം വിരാട് കോലിയും ടി20 ഫോര്‍മാറ്റില്‍ നിന്നും അനിശ്ചിതമായി മാറി നില്‍ക്കുകയായിരുന്നു.
അന്നു അംപയറുടെ പിഴവ് കാരണം ബൗണ്ടറി നിഷേധിക്കപ്പെട്ടെങ്കിലും നാലാം ടി20 സെഞ്ച്വറി നേടിയാണ് രോഹിത് ഇതിന്റെ ക്ഷീണം തീര്‍ത്തത്. വെറും 69 ബോളില്‍ 11 ഫോറും എട്ടു സിക്‌സറുമടക്കം പുറത്താവാതെ 121 റണ്‍സ് അദ്ദേഹം വാരിക്കൂട്ടുകയായിരുന്നു.
ഇന്ത്യയെ നാലു വിക്കറ്റിനു 212 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ഇതു സഹായിക്കുകയും ചെയ്തു. പക്ഷെ അഫ്ഗാനും ഇതേ നാണയത്തില്‍ തിരിച്ചടിക്കുകയും തുടര്‍ന്ന് കളി ടൈയാവുകയും ചെയ്തു. ഒടുവില്‍ രണ്ടു സൂപ്പര്‍ ഓവറുകളിലേക്കു നീണ്ട ത്രില്ലറില്‍ ഇന്ത്യ ജയിച്ചുകയറുകയായിരുന്നു.