ടി20 ക്രിക്കറ്റില്‍ ടീം ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ വര്‍ഷമാണിത്. കാരണം ലോകം മുഴുവന്‍ കാത്തിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി ഒരു ഐസിസി ടൂര്‍ണമെന്‍റിനു അമേരിക്ക ആതിഥേയത്വം വഹിക്കുന്നുവെന്ന പ്രത്യേകതയും ടി20 ലോകകപ്പിനുണ്ട്. അമേരിക്കയെക്കൂടാതെ വെസ്റ്റ് ഇന്‍ഡീസാണ് മറ്റൊരു ആതിഥേയരാജ്യം. ഇന്ത്യയുടെ ഗ്രൂപ്പു മല്‍സരങ്ങളെല്ലാം അമേരിക്കയിലാണ്.
രോഹിത് ശര്‍മയ്ക്കു കീഴിലായിരിക്കും ടി20 ലോകകപ്പില്‍ ഇന്ത്യ ഇറങ്ങുകയെന്നു ഉറപ്പായിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയില്‍ അദ്ദേഹത്തെ ക്യാപ്റ്റനായി തിരികെ കൊണ്ടുവന്നിരിക്കുന്നത്. ഒരു വര്‍ഷത്തിലേറെ നീണ്ട ബ്രേക്കിനു ശേഷം രോഹിത്തിന്റെ തിരിച്ചുവരവ് കൂടിയാണിത്. രോഹിത്തിനെക്കൂടാതെ മുന്‍ നായകന്‍ വിരാട് കോലിയും ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ ഭാഗമാവും.

നിലവില്‍ ടി20 ലോകകപ്പ് ബെര്‍ത്തിനായി നിരവധി ഇന്ത്യന്‍ താരങ്ങളാണ് പോരടിക്കുന്നത്. കുറച്ചു പേര്‍ മാത്രമേ സ്ഥാനമുറപ്പിച്ചിട്ടുള്ളൂ. വരാനിരിക്കുന്ന ഐപിഎല്ലിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും ആരൊക്കെയാവും അന്തിമ സ്‌ക്വാഡില്‍ വേണ്ടതെന്നു സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുക. നിലവില്‍ മല്‍സരംഗത്തുള്ള താരങ്ങളെ വച്ചു നോക്കിയാല്‍ ഒരേ സമയത്തു രണ്ടു വ്യത്യസ്ത ടി20 ഇലവനെ ഇന്ത്യക്കു ഇറക്കാന്‍ സാധിക്കും.
ടീം എ, ടീം ബിയെന്ന പേരില്‍ ഇന്ത്യക്കു പരീക്ഷിക്കാവുന്ന ടീമുകളെ നയിക്കുക രോഹിത്തും ഹാര്‍ദിക്കുമായിരിക്കും. ആരൊക്കെയാവും ഈ ടീമുകളില്‍ ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം. ടീം എയെ നയിക്കുക ഹാര്‍ദിക്കാണ്. ഈ ടീമിനായി ഓപ്പണ്‍ ചെയ്യുക ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനുമായിരിക്കും. ടി20 ഫോര്‍മാറ്റില്‍ ഇനിയും തന്റെ പ്രതിഭയോടു നീതി പുലര്‍ത്തിയിട്ടില്ലാത്ത താരമാണ് ഗില്‍. ഇതു ടി20 ലോകകകപ്പില്‍ അദ്ദേഹത്തിന്റെ സ്ഥാനത്തിനും ഭീഷണിയാവുന്നുണ്ട്.
മൂന്നാം നമ്പറില്‍ വിരാട് കോലിയും നാലാം നമ്പറില്‍ കെഎല്‍ രാഹുലുമാണ്. ടീമിന്റെ വിക്കറ്റ് കീപ്പറും രാഹുലാണ്. നിലവില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമല്ല അദ്ദേഹം. അതുകൊണ്ടു തന്നെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം ലഭിക്കാനും സാധ്യത കുറവാണ്. ടീമില്‍ അഞ്ചു മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക്, മലയാളി താരം സഞ്ജു സാംസണ്‍, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരായിരിക്കും.

ടീമില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളാണ് സഞ്ജുവിനുള്ളത്. ഇഷാന്‍ ഇപ്പോള്‍ ടീം മാനേജ്‌മെന്‍റിനു വെറുക്കപ്പെട്ടവനായതോടെ ലോകകപ്പില്‍ കളിക്കാനുള്ള സഞ്ജുവിന്റെ സാധ്യത വര്‍ധിച്ചിരിക്കുകയാണ്. പക്ഷെ വരാനിരിക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി അദ്ദേഹത്തിനു കസറിയേ തീരൂ.
ടീം എയുടെ ബൗളിങ് ലൈനപ്പെടുത്താല്‍ യുസ്വേന്ദ്ര ചഹലാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. നിലവില്‍ ടീമിന്റെ ഭാഗമല്ലാത്ത ഭുവനേശ്വര്‍ കുമാറിനോടൊപ്പം മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിരാണ് പേസ് നിരയിലുള്ളത്.
അതേസമയം, ടീം ബിയില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി അഗ്രസീവ് ബാറ്റര്‍ യശസ്വി ജയ്‌സ്വാളാണ്. ടി20 ലോകകപ്പിലും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടി ഇവരായിരിക്കും. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവും നാലാമനായി ശിവം ദുബെയും ഇറങ്ങും. സൂര്യ ടി20 ലോകകപ്പില്‍ സ്ഥാനമുറപ്പിച്ചെങ്കില്‍ ദുബെ ഇതിനായി മല്‍സരരംഗത്തുണ്ട്.
അഞ്ച്, ആറ് സ്ഥാനങ്ങളില്‍ റിങ്കു സിങ്, ജിതേഷ് ശര്‍മ എന്നിവരാണ്. വിക്കറ്റ് കാക്കുന്നതും ജിതേഷ് തന്നെ. രണ്ടു പേരും ലോകകപ്പില്‍ ഏറെക്കുറെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞവരാണ്. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലും രവി ബിഷ്‌നോയിയുമാണ് ടീമിലെ സ്പിന്നര്‍മാര്‍. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരിക്കും. അര്‍ഷ്ദീപ് സിങും മുകേഷ് കുമാറുമാണ് ടീമിലെ മറ്റു പേസര്‍മാര്‍.
ടീം എ
ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ടീം ബി
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍.