രോഹിത്- അഭി ഓപ്പണിങ്, 4ല്‍ സഞ്ജു!! ധോണിയില്ല; ഇതാ ഇന്ത്യന്‍ ഓള്‍ടൈം ടി20 ഇലവന്‍
ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ലോക ക്രിക്കറ്റിലെ രാജാക്കന്‍മാരായി വിലസുകയാണ് ടീം ഇന്ത്യ. തുടര്‍ച്ചയായ രണ്ടാം ഐസിസി ടി20 ലോകകപ്പ് നേട്ടത്തോടെ അപ്രമാദിത്വം ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കാനും ഇന്ത്യക്കു സാധിച്ചിരിക്കുകയാണ്.
രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലാണ് 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യ വെന്നികൊടി പാറിച്ചത്. ഈ വര്‍ഷം സൂര്യകുമാര്‍ യാദവിനു കീഴില്‍ മെന്‍ ഇന്‍ ബ്ലൂ അതു കാത്തുസൂക്ഷിക്കുകയും ചെയ്തു. തുടര്‍ച്ചയായി രണ്ടു തവണ ചാംപ്യന്മാരായ ആദ്യ ടീമെന്ന റെക്കോര്‍ഡും ്ഇന്ത്യ കുറിച്ചിരുന്നു.

ടി20യില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള കളിക്കാരെ മാത്രം ഉള്‍പ്പെടുത്തി ഓള്‍ടൈം ഇലവനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആര്‍ക്കെല്ലാമായിരിക്കും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം.
ടോപ്പ് ഫൈവില്‍ ഇവര്‍
ഇന്ത്യയുടെ ഓള്‍ടൈം ടി20 ഇലവന്റെ ടോപ്പ് ഫൈവിലേക്കു വന്നാല്‍ ചില പൊസിഷനുകളിലേക്കു ഒരുപട് ഓപ്ഷനുകളുള്ളതായി കാണാം. അതിനാല്‍ തന്നെ അതില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കുകയെന്നത് ഒരിക്കലും എളുപ്പമുള്ള കാര്യവുമല്ല.
മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ രോഹിത് ശര്‍മയും നിലവില്‍ ടി20യിലെ ഏറ്റവും അപകടകാരിയായ അഭിഷേക് ശര്‍മയുമാണ് ടീമിന്റെ ഓപ്പണിങ് ജോടികള്‍.
ഇതുവരെയുള്ള ടി20 ചരിത്രമെടുത്താല്‍ ഇന്ത്യക്കു ഇതിനേക്കാള്‍ മികച്ചൊരു ഓപ്പണിങ് ജോടിയെ കണ്ടെത്താന്‍ കഴിയുമോയെന്നതും സംശയമാണ്. 159 ടി20കളിലായി ഹിറ്റ്മാന്റെ സമ്പാദ്യം 4231 റണ്‍സാണ്. അഭിഷോവട്ടെ 46 ടി20കളില്‍ നിന്നും ഇതിനകം 1438 റണ്‍സും അടിച്ചെടുത്തു കഴിഞ്ഞു.
മൂന്നാം നമ്പറില്‍ ഇന്ത്യക്കു മുന്‍ ഇതിഹാസം വിരാട് കോലി തന്നെയാണ് ബെസ്റ്റെന്നു ഉറപ്പിച്ച് പറയാം. രോഹിത്തിനെ പോലെ ടീം ഇന്ത്യക്കു പകരം വയ്ക്കാനില്ലാത്ത മറ്റൊരു വമ്പന്‍ താരം തന്നെയാണ് അദ്ദേഹം.
ടി20യില്‍ രോഹിത് കഴിഞ്ഞാല്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തതും കോലിയാണ്. 125 ടി20കളില്‍ നിന്നും 4188 റണ്‍സാണ് സമ്പാദ്യം. 2024ലെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായതിനു പിന്നാലെയാണ് അതേ ദിവസം തന്നെ രോഹിത്തും കോലിയും ടി20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

കോലി കഴിഞ്ഞാല്‍ ഓള്‍ടൈം ഇലവനിലെ നാലാമന്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. ടീമിന്റെ വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെ. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ പിന്തള്ളിയാണ് സഞ്ജു ഈ ടീമിലേക്കു വന്നത്. ഈ ഫോര്‍മാറ്റില്‍ ധോണിയേക്കാള്‍ മികച്ച റെക്കോര്‍ഡുണ്ടെന്നത് അദ്ദേഹത്തിനു പ്ലസ് പോയിന്റാവുകയും ചെയ്തു.
62 ടി20കളില്‍ നിന്നും 156.84 സ്‌ട്രൈക്ക് റേറ്റില്‍ സഞ്ജു നേടിയത് 1399 റണ്‍സാണ്. മൂന്നു സെഞ്ച്വറികളും ആറു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നുവെന്നതാണ് പ്രധാന ഹൈലൈറ്റ്. എന്നാല്‍ ധോണിയാവട്ടെ 98 ടി20കളില്‍ നേടിയത് 1617 റണ്‍സാണ്. വെറും രണ്ടു ടി20കളില്‍ മാത്രമേ ഇതിലുള്ളൂ. സ്‌ട്രൈക്ക്‌റേറ്റിലും അദ്ദേഹം (126.16) സഞ്ജുവിനേക്കാള്‍ ഏറെ പിന്നിലുമാണ്.
സഞ്ജു കഴിഞ്ഞാല്‍ ഇലവനിലെ അഞ്ചാമന്‍ മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ കൂടിയായ സൂര്യകുമാര്‍ യാദവാണ്. 113 ടി20കളുടെ അനുഭവസമ്പത്ത് സ്‌കൈയ്ക്കുണ്ട്. 162.95 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം നേടിയത് 3272 റണ്‍സുമാണ്. നാലു സെഞ്ച്വറികളും 25 ഫിഫ്റ്റികളുമുള്‍പ്പെടും.
ഓള്‍റൗണ്ടര്‍മാര്‍, ബൗളിങ്
ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യന്‍ ഓള്‍ടൈം ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍. ബൗളിങ് നിരയില്‍ കുല്‍ദീപ് യാദവിനൊപ്പം ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ് എന്നിവരുമുണ്ട്.
ബാറ്റിങിലും ബൗളിങിലു ടീമിനായി പല മാച്ച് വിന്നിങ് പ്രകടനങ്ങളും നടത്തിയിട്ടുള്ള താരമാണ് ജഡ്ഡു. ഏതു പിച്ചിലും മാജിക്കല്‍ പ്രകടനങ്ങള്‍ സാധിക്കുന്ന ബൗളര്‍മാരുടെ നിരയിലാണ് കുല്‍ദീപിന്റെയും ബുംറയുടെയും സ്ഥാനം.
ഇന്ത്യയുടെ ഓള്‍ടൈം ടി20 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വിരാട് കോലി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

