IND vs ENG: പന്തിന്റെ വരവ്, രാഹുല്‍ പുറത്തേക്ക്? സൂര്യകുമാറിനും ഇടമില്ല! സെലക്ഷന്‍ കടുപ്പം
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പര വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ ടീം ഇന്ത്യ ആകെ കണ്‍ഫ്യൂഷനിലാണ്. പ്ലെയിങ് ഇലവന്റെ കാര്യത്തിലാണ് ഇന്ത്യ കുഴയുന്നത്. ചില താരങ്ങളുടെ മടങ്ങിവരവും, മറ്റു ചിലരുടെ ഫോമുമെല്ലാം ടീം സെലക്ഷന്‍ ദുഷ്‌കരമാക്കി തീര്‍ത്തിരിക്കുകയാണ്. അഞ്ചു ടി20കളിലാണ് ഇന്ത്യയും ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കുന്നത്.
എല്ലാ മല്‍സരങ്ങളും അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലാണ്. നേരത്തേ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച വിരാട് കോലിയും സംഘവും ഇനി ടി20 പരമ്പരയിലും ഇതാവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

രാഹുലിന്റെ റോള്‍?
മോശം ഫോമിലുള്ള റിഷഭ് പന്തിനെ നിശ്ചിത ഓവര്‍ ടീമുകളില്‍ നിന്നും ഇന്ത്യ ഒഴിവാക്കിയതോടെ പകരം വിക്കറ്റ് കീപ്പര്‍ സ്ഥാനം നിര്‍വഹിച്ചത് കെഎല്‍ രാഹുലായിരുന്നു. എന്നാല്‍ ഓസ്‌ട്രേസിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ ടെസ്റ്റ് പരമ്പരകളിലെ ഗംഭീര വിക്കറ്റ് കീപ്പിങ്, ബാറ്റിങ് പ്രകടനത്തോടെ പന്തിനെ ഇന്ത്യയുടെ ടി20 ടീമിലേക്കു തിരികെ വിളിച്ചിരിക്കുകയാണ്.
ഇംഗ്ലണ്ടിനെതിരേ രാഹുലിനു പകരം പന്ത് തന്നെ വിക്കറ്റ് കാക്കുമെന്നുറപ്പാണ്. അപ്പോള്‍ എന്താവും രാഹുലിന്റെ റോള്‍? ആര്‍ക്കു പകരം പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തും? തുടങ്ങിയ ചോദ്യങ്ങളാണ് ഇന്ത്യക്കു മുന്നിലുള്ളത്.

ഓപ്പണറാക്കിയേക്കില്ല
കുറച്ചു മാസങ്ങള്‍ക്കു മുമ്പ് വരെ നിശ്ചിത ഓവര്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ മാത്രമായിരുന്നില്ല ഓപ്പണര്‍ കൂടിയായിരുന്നു രാഹുല്‍. എന്നാല്‍ രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സൂപ്പര്‍ ജോടി വീണ്ടും ഒന്നിച്ചതോടെ ഇനി ഓപ്പണറായും രാഹുലിനെ ഇറക്കുമോയെന്ന കാര്യം സംശയമാണ്.
അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ ധവാന്‍ ഡല്‍ഹിക്കു വേണ്ടി 150ന് മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു. രോഹിത്തിന്റെ കാര്യമെടുത്താല്‍ ഓപ്പണിങിന്റെ കാര്യത്തില്‍ ഒന്നും തന്നെ ചര്‍ച്ച ചെയ്യേണ്ടതില്ല. ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് സഖ്യമായ രോഹിത്-ധവാന്‍ ജോടിയെ തന്നെ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത. ഇതോടെ വിക്കറ്റ് കീപ്പിങില്‍ മാത്രമല്ല ഓപ്പണിങിലും രാഹുലിന് വഴിമാറി കൊടുക്കേണ്ടി വരും.

പുറത്തിരിക്കേണ്ടി വരുമോ?
മൂന്നാം നമ്പറില്‍ നായകന്‍ വിരാട് കോലിയും നാലാം നമ്പറില്‍ റിഷഭ് പന്തും അഞ്ചാമനായി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഇറങ്ങിയാല്‍ പിന്നെ രാഹുലിന് എവിടെയാണ് സ്ഥാനം? പന്ത്, ഹാര്‍ദിക് എന്നിവരെ ഓരോ സ്ഥാനം താഴേക്ക് ഇറക്കിയാല്‍ നാലാം നമ്പറില്‍ മാത്രമാണ് രാഹുലിന് സാധ്യതയുള്ളത്.
പക്ഷെ ഈ റോളില്‍ കുറച്ചുകാലമായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ശ്രേയസ് അയ്യരെ ഇന്ത്യ മാറ്റുമോയെന്ന കണ്ടറിയണം. മാത്രല്ല പുതുമുഖ താരം സൂര്യകുമാര്‍ യാദവും നാലാംസ്ഥാനത്തിനു വേണ്ടി രംഗത്തുണ്ട്. ശ്രേയസിനെ തന്നെ നാലാം നമ്പറില്‍ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. അങ്ങനെയെങ്കില്‍ രാഹുലിനും സൂര്യകുമാറിനും പുറത്തിരിക്കേണ്ടി വരും.

ബൗളിങിലും സെലക്ഷന്‍ ദുഷ്‌കരം
ബൗളിങിന്റെ കാര്യമെടുത്താലും പ്ലെയിങ് ഇലവനില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്നത് ഇന്ത്യയെ കുഴപ്പിക്കും. പേസര്‍മാരുടെ കാര്യത്തിലാണിത്. പരിചയ സമ്പന്നനായ ഭുവനേശ്വര്‍ കുമാര്‍ വലിയൊരു ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തിയതോടെ പേസ് ബൗളിങില്‍ മല്‍സരം ശക്തമായിട്ടുണ്ട്.
ദീപക് ചഹര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ടി നടരാജന്‍, നവദീപ് സെയ്‌നി തുടങ്ങിയവരെല്ലാം പേസര്‍മാരായി ഇന്ത്യന്‍ സംഘത്തിലുണ്ട്. പരിചയസമ്പന്നനായ ഭുവിക്കാണ് ഇക്കൂട്ടത്തില്‍ മുന്‍തൂക്കമെന്ന കാര്യത്തില്‍ സംശയമില്ല. ഭുവിക്കൊപ്പം ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റുകളില്‍ ഒരാള്‍ കൂടിയായ ചഹര്‍ കളിക്കാനാണ് സാധ്യത. എന്നാല്‍ താക്കൂര്‍ ബൗളിങിനൊപ്പം ബാറ്റിങിലും തിളങ്ങുന്നത് ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കിയേക്കും. യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റായ നട്ടുവിനെ എങ്ങനെ പുറത്തിരുത്തുമെന്നതും ചോദ്യമാണ്.

ഇന്ത്യയുടെ ടി20 ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാത്തിയ, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, നവദീപ് സെയ്‌നി, ഷാര്‍ദുല്‍ താക്കൂര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications