ഇംഗ്ലണ്ടിനെതിരേ സമാപിച്ച രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഉജ്ജ്വല പ്രകടനം നടത്തിയ ഇന്ത്യന്‍ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിനും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനും റാങ്കിങിലും കുതിപ്പ്. ഐസിസി പുറത്തുവിട്ട പുതിയ റാങ്കിങില്‍ രണ്ടു പേരും നേട്ടമുണ്ടാക്കിയിരിക്കുകയാണ്. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ പന്ത് 11ാംസ്ഥാനത്തേക്കു കയറിയിട്ടുണ്ട്. 715 റേറ്റിങ് പോയിന്റുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. ടെസ്റ്റ് കരിയറില്‍ പന്തിന്റെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്.

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങിലാണ് അശ്വിന്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത്. ലോകത്തിലെ പുതിയ അഞ്ചാം നമ്പര്‍ ഓള്‍റൗണ്ടറായി മാറിയിരിക്കുകയാണ് അശ്വിന്‍. ചെന്നൈ ടെസ്റ്റില്‍ ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും അദ്ദേഹം ഇന്ത്യയുടെ ഹീറോയായി മാറിയിരുന്നു. രണ്ടിന്നിങ്‌സുകളിലായി എട്ടു വിക്കറ്റെടുത്ത അശ്വിന്‍ രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറിയും നേടിയിരുന്നു. ഇന്ത്യ 300ന് മുകളില്‍ മാര്‍ജിനില്‍ ജയിച്ച ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ചെന്നൈ ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറിയടിച്ച അശ്വിന്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ 14 സ്ഥാനങ്ങള്‍ കയറി 81ാം റാങ്കിലെത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ടെസ്റ്റില്‍ മൂന്നു കാറ്റഗറികളിലും ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യം കാണാന്‍ കഴിയും. ബാറ്റ്‌സ്മാന്‍മാരില്‍ ഇന്ത്യയുടെ രണ്ടു പേര്‍ ആദ്യ പത്തിലുണ്ട്. നായകന്‍ വിരാട് കോലി 838 റേറ്റിങ് പോയിന്റുമായി അഞ്ചാംസ്ഥാനത്തും ചേതേശ്വര്‍ പുജാര 727 റേറ്റിങ് പോയിന്റുമായി എട്ടാംസ്ഥാനത്തുമുണ്ട്. ബൗളര്‍മാരിലേക്കു വന്നാല്‍ അവിടെയും ആദ്യ പത്തില്‍ രണ്ടു ഇന്ത്യന്‍ താരങ്ങളെ കാണാം. അശ്വിന്‍ (804 റേറ്റിങ് പോയിന്റ്) ഏഴാംസ്ഥാനത്തും സ്റ്റാര്‍ പേസര്‍ 761 റേറ്റിങ് പോയിന്റോടെ എട്ടാംസ്ഥാനത്തുമുണ്ട്.

ഓള്‍റൗണ്ടര്‍മാരില്‍ അശ്വിനെക്കൂടാതെ മറ്റൊരു ഇന്ത്യന്‍ താരം കൂടി ആദ്യ അഞ്ചിലുണ്ട്. രവീന്ദ്ര ജഡേജ റാങ്കിങില്‍ രണ്ടാംസ്ഥാനത്തുണ്ട്. 403 റേറ്റിങ് പോയിന്റാണ് ജഡേജയ്ക്കുള്ളത്. അഞ്ചാംസ്ഥാനക്കാരനായ അശ്വിന്റെ റേറ്റിങ് പോയിന്റ് 336 ആണ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 161 റണ്‍സുമായി മിന്നിയ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയും റാങ്കിങില്‍ മുന്നേറ്റം നടത്തി. ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രോഹിത് 14ാാംറാങ്കിലേക്കു കയറിയിരിക്കുകയാണ്. 2019 ഒക്ടോബറിനു ശേഷം ടെസ്റ്റില്‍ ഹിറ്റ്മാന്റെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. അന്നു റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഡബിള്‍ സെഞ്ച്വറിയടിച്ച ശേഷം രോഹിത് 10ാംസ്ഥാനത്തേക്കുയര്‍ന്നിരുന്നു.