ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതു മാറ്റങ്ങളുടെ സമയമാണ്. ഇതിനകം ടീമില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയൊരു ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ കാരണത്താലാണ് മധ്യനിരയിലെ രണ്ടു നെടുംതൂണുകളായിരുന്ന ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരെ ഒഴിവാക്കിയ ഇന്ത്യ പുതിയ യുവ താരങ്ങളെ പരീക്ഷിക്കുന്നത്. ബൗളിങില്‍ ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ എന്നിവരും ഇപ്പോള്‍ ടെസറ്റ് ടീമിന്റെ ഭാഗമല്ല.
ടീമില്‍ ഇനിയും ചില അഴിച്ചുപണികള്‍ വൈകാതെ തന്നെ സംഭവിക്കാനിടയുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ കരിയറിന്റെ അവസാനത്തോടു അടുക്കവെ പകരക്കാരെ ഇന്ത്യക്കു കണ്ടെത്തിയേ തീരൂ. ടി20 സ്‌പെഷ്യലിസ്റ്റുകളായി മാറിയ ചില യുവതാരങ്ങള്‍ക്കു ഉടന്‍ ടെസ്റ്റ് ടീമിലേക്കും വിളിയെത്താന്‍ സാധ്യതയുണ്ട്. ആരൊക്കെയാവും ഈ കളിക്കാരെന്നു നമുക്കു പരിശോധിക്കാം.

ആദ്യത്തെയാള്‍ ഇതിനകം തകര്‍പ്പന്‍ ഫിനിഷിങുകളിലൂടെ ടി20യില്‍ തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞ യുവതാരം റിങ്കു സിങാണ്. ടി20യില്‍ അദ്ദേഹം ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അരങ്ങേറിയ അദ്ദേഹം വളരെ കുറച്ചു മല്‍സരങ്ങള്‍ കൊണ്ടുതന്നെ ടീം മാനേജ്‌മെന്റിന്റെ വിശ്വസ്തനായി മാറി. ഏറ്റവും അവസാനമായി കളിച്ച അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പരയിലും റിങ്കു കസറിയിരുന്നു.
ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും റിങ്കു സീറ്റുറപ്പിച്ചിരിക്കുകയാണ്. വൈകാതെ തന്നെ ടെസ്റ്റ് ക്രിക്കറ്റിലും അദ്ദേഹത്തെ ഇന്ത്യ പരീക്ഷിക്കാന്‍ സാധ്യത കൂടുതലാണ്. കഴിഞ്ഞ വര്‍ഷമവസാനം സൗത്താഫ്രിക്കയ്‌ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയില്‍ റിങ്കു ഫീല്‍ഡിങില്‍ പകരക്കാനായി ഇറങ്ങുകയും ചെയ്തിരുന്നു.
വൈറ്റ് ബോള്‍ ഫോര്‍മാറ്റ് മാത്രമല്ല റെഡ് ബോള്‍ ക്രിക്കറ്റും തനിക്കു വഴങ്ങുമെന്നു അദ്ദേഹം തെളിയിച്ചുകഴിഞ്ഞതാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഉത്തര്‍ പ്രദേശിനു വേണ്ടി 45 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള റിങ്കു 56.62 എന്ന മികച്ച ശരാശരിയില്‍ 3109 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഏഴു സെഞ്ച്വറികളും 20 ഫിഫ്റ്റികളുമടക്കമാണിത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 163 റണ്‍സാണ്.
ഇന്ത്യ ടെസ്റ്റില്‍ ഉടന്‍ പരീക്ഷിക്കാനിടയുള്ള രണ്ടാമത്തെയാൾ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങാണ്. ഇന്ത്യക്കു വേണ്ടി ടി20യിലും ഏകദിനത്തിലും താരം കളിച്ചു കഴിഞ്ഞു. ടെസ്റ്റിലേക്കു ഇനിയും വിളിയെത്തിയിട്ടില്ല. പക്ഷെ വൈകാതെ തന്നെ അതു സംഭവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ടി20യിലെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റെന്നാണ് അര്‍ഷ്ദീപ് അറിയപ്പെടുന്നത്.

ടെസ്റ്റില്‍ ഇന്ത്യക്കു ഇപ്പോൾ മികച്ച ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ഇല്ലെന്നതിനാല്‍ തന്നെ അര്‍ഷ്ദീപ് വളരെ നല്ലൊരു ഓപ്ഷന്‍ കൂടിയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിന്റെ താരമായ അദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അധികം കളിച്ചിട്ടില്ല. വെറും 14 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ മാത്രമാണ് അര്‍ഷ്ദീപ് ബൗള്‍ ചെയ്തത്. ഇവയില്‍ നിന്നും 3.13 ഇക്കോണമി റേറ്റില്‍ 44 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ഓരോ തവണ അഞ്ചു വിക്കറ്റും നാലു വിക്കറ്റും നേടാനും അര്‍ഷ്ദീപിനായിട്ടുണ്ട്.
യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയാണ് ടെസ്റ്റില്‍ ഇന്ത്യ കളിപ്പിക്കാനിടയുള്ള മൂന്നാമത്തെ ടി20 സ്‌പെഷ്യലിസ്റ്റ്. ടെസ്റ്റില്‍ കുറച്ചു കാലമായി ഇന്ത്യക്കു മികച്ചൊരു വലംകൈയന്‍ ലെഗ് സ്പിന്നറില്ലെന്നു കാണാന്‍ കഴിയും. ഈ കുറവ് നികത്താന്‍ സാധിക്കുന്നയാളാണ് ബിഷ്‌നോയ്.
ടി20 ഫോര്‍മാറ്റില്‍ വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ബൗളറായ അദ്ദേഹം അടുത്തിടെ ഐസിസിയുടെ ടി20 ബൗളര്‍മാരുടെ റാങ്കിങില്‍ ഒന്നാംസ്ഥാനത്തുമെത്തിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഗുജറാത്തിനായി വെറും നാലു മല്‍സരങ്ങളില്‍ മാത്രമേ ബിഷ്‌നോയി കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും വീഴ്ത്തിയത് 14 വിക്കറ്റുകളാണ്.