സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരേയുള്ള രണ്ടാം ടി20 മല്‍സരത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വണ്ടര്‍ ഷോട്ടാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. മിസ്റ്റര്‍ 360യെന്നു വിശേഷിപ്പിക്കപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സിന്റെ ഷോട്ടുമായി ഏറെ സാമ്യമുള്ളതായിരുന്നു കോലി പായിച്ച സ്‌കൂപ്പ് ഷോട്ട്. അദ്ദേഹത്തിന്റെ ഇതുവരെയുള്ള കരിയറില്‍ ഇതുപോലെയൊരു ഷോട്ട് ക്രിക്കറ്റ് പ്രേമികള്‍ കണ്ടിട്ടുമുണ്ടാവില്ല.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 15ാം ഓവറിലായിരുന്നു കോലിയുടെ ഈ അവിശ്വസനീയ ഷോട്ട്. പേസര്‍ ആന്‍ഡ്രു ടൈയുടെ ഓവറിലായിരുന്നു ഇത്. ഓഫ് സ്റ്റംപിന് പുറത്തേക്കു ഇറങ്ങി നിന്ന് ഇടതു കാല്‍മുട്ട് പിച്ചിലൂന്നിയ ശേഷം കോലി പായിച്ച ഷോട്ട് സിക്‌സറില്‍ കലാശിച്ചിരുന്നു. കാണികളെ മാത്രമല്ല കളി പറഞ്ഞ കമന്റേറ്റര്‍മാര്‍ പോലും ഇന്ത്യന്‍ നായകന്റെ ഈ ഷോട്ട് കണ്ട് അമ്പരന്നു പോയി.
മല്‍സരശേഷം ഈ ഷോട്ടിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ടുള്ള കോലിയുടെ മറുപടി ഇങ്ങനെയായിരുന്നു- ഇന്നു രാത്രി എബിഡിക്കു ഞാന്‍ മൊബൈലില്‍ സന്ദേശമയക്കും, ആ ഷോട്ടിനെക്കുറിച്ച് എന്താണ് അദ്ദേഹം ചിന്തിക്കുന്നതന്നു അറിയാനും ആഗ്രഹിക്കുന്നുവെന്നാന്നായിരുന്നു കോലിയുടെ വാക്കുകള്‍. ഇപ്പോഴിതാ കോലിയുടെ ഈ ഷോട്ടിനോടു പ്രതികരിച്ചിരിക്കുകയാണ് എബിഡി ചിരിക്കുന്ന സ്‌മൈലിയോടൊപ്പം കൊള്ളാമെന്ന ഇമോജിയാണ് കോലിയുടെ ഷോട്ടിന്റ വീഡിയോക്കു താഴെ എബിഡി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഐപിഎല്ലില്‍ ദീര്‍ഘകാലമായി ഒരുമിച്ച് കളിക്കുന്ന കോലിയും എബിഡിയും വളരെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. മറ്റൊരു അമ്മയിലുണ്ടായ സഹോദനെന്നാണ് കോലി നേരത്തേ എബിഡിയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. എബിഡിയുടെ സ്വാധീനം തന്നെയാവാം ഓസീസിനെതിരേ ആ സ്‌കൂപ്പ് ഷോട്ടിനു കോലിയെ പ്രേരിപ്പിച്ചതെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ചൂണ്ടിക്കാട്ടുന്നത്.
ഓസീസിനെതിരായ രണ്ടാം ടി20യില്‍ ആറു വിക്കറ്റിന്റെ വിജയം ഇന്ത്യ കൊയ്തപ്പോള്‍ കോലിയും മികച്ച സംഭാവന നല്‍കിയിരുന്നു. 195 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റിന് ലക്ഷ്യം കാണുകയായിരുന്നു. കോലി 24 പന്തില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 40 റണ്‍സെടുത്തിരുന്നു. 36 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 52 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. എന്നാല്‍ കളി യഥാര്‍ഥത്തില്‍ മാറ്റിമറിച്ചത് ഹാര്‍ദിക് പാണ്ഡ്യയാണ്. വെറും 22 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 42 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. ഹാര്‍ദിക് തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.