IND vs ENG: ഇതു വെറും സാംപിള്‍, ഐപിഎല്ലിലും ഓപ്പണ്‍ ചെയ്യും! ആരാധകരെ ആവേശത്തിലാക്കി കോലി
ഇംഗ്ലണ്ടിനെതിരായ അഞ്ചാംടി20യില്‍ പുതിയ റോളില്‍ ഇറങ്ങി മിന്നുന്ന പ്രകടനം നടത്തി ക്യാപ്റ്റന്‍ വിരാട് കോലി ഇന്ത്യയുടെ ഹീറോയായി മാറിയിരുന്നു. ഓപ്പണറായെത്തിയ അദ്ദേഹത്തിനു രോഹിത് ശര്‍മയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാനായതാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി മാറിയത്. 52 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം കോലി പുറത്താവാതെ നിന്നിരുന്നു.
കെഎല്‍ രാഹുലിനെ പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റിനിര്‍ത്തിയതോടെയാണ് കോലി രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്തത്. വരാനിരിക്കുന്ന ഐപിഎല്ലിലിലും തന്നെ ഓപ്പണറായി കാണാന്‍ കഴിയുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

ആര്‍സിബിക്കു വേണ്ടിയും ഓപ്പണ്‍ ചെയ്യും
അഞ്ചാം ടി20 മല്‍സരത്തിനെ വിജയത്തിനു ശേഷം സംസാരിക്കവെയാണ് ഐപിഎല്ലിലും താന്‍ ഓപ്പണറായി ഇറങ്ങുമെന്ന് കോലി വ്യക്തമാക്കിയത്. മുമ്പ് ഞാന്‍ പല പൊസിഷനുകളിലും ബാറ്റിങിന് ഇറങ്ങിയിട്ടുണ്ട്. ഞങ്ങള്‍ക്കു ഇപ്പോള്‍ ശക്തമായ മധ്യനിരയുണ്ട്. ഇന്ത്യക്കു വേണ്ടി രോഹിത്തിനൊപ്പം ഇനിയും ഓപ്പണ്‍ ചെയ്യാന്‍ തനിക്കു ഇഷ്ടമാണന്നും കോലി പറഞ്ഞു.
രണ്ടു പേരും ഓപ്പണിങില്‍ സെറ്റായിക്കഴിഞ്ഞാല്‍ രണ്ടിലൊരാള്‍ക്കു എതിര്‍ ടീമിനുമേല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. അതു തന്നെയാണ് ടീമിനു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റുള്ളവര്‍ക്കും ആത്മവിശ്വാസമേകും
ഞങ്ങള്‍ രണ്ടു പേരിലൊരാള്‍ ക്രീസിലുണ്ടെങ്കില്‍ അത് ടീമിലെ മറ്റു താരങ്ങള്‍ക്കും ഏറെ ആത്മവിശ്വാസം നല്‍കും. ഇതു കുറേക്കൂടി ഫ്രീയായി കളിക്കാന്‍ അവരെ സഹായിക്കുകയും ചെയ്യും.
മാത്രമല്ല ടീമിനെ കൂടുതല്‍ വളരാന്‍ ഇതു സഹായിക്കും. ഈ കോമ്പിനേഷന്‍ ഇനിയും തുടരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വരാനിരിക്കുന്ന ടി20 ലോകകപ്പിലും മികച്ച ഫോം തുടരാന്‍ രോഹിത്തും ഞാനുമുള്‍പ്പെട്ട ഓപ്പണിങ് ജോടിക്കു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോലി വിശദമാക്കി.

ദേവ്ദത്ത് പങ്കാളിയാവും
ഐപിഎല്ലിന്റെ 14ാം സീസണില്‍ കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലായിരിക്കും ആര്‍സിബിയില്‍ കോലിയുടെ ഓപ്പണിങ് പങ്കാളിയായെത്തുക. കഴിഞ്ഞ സീസണിലായിരുന്നു ആര്‍സിബിക്കു വേണ്ടി ദേവ്ദത്ത് ആദ്യമായി ഓപ്പണ്‍ ചെയ്തത്. മിന്നുന്ന പ്രകടനത്തിലൂടെ എമേര്‍ജിങ് താരമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
മൂന്നാം നമ്പറാണ് ഫേവറിറ്റ് പൊസിഷനെങ്കിലും ആര്‍സിബിക്കു വേണ്ടി കോലി നേരത്തേയും ഓപ്പണറായി കളിച്ചിട്ടുണ്ട്. 61 ഇന്നിങ്‌സുകളില്‍ ഓപ്പണറായി ഇറങ്ങിയ അദ്ദേഹം 47.86 ശരാശരിയില്‍ 2345 റണ്‍സ് നേടിയിട്ടുണ്ട്. അഞ്ചു സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications