കറാച്ചി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന് വിരാട് കോലിയെന്നാവും കൂടുതല്‍ ആളുകളും ഉത്തരം നല്‍കുക. സാങ്കേതികതകൊണ്ട് വിസ്മയിപ്പിക്കുന്ന കോലി മൂന്ന് ഫോര്‍മാറ്റിലും ഗംഭീര റെക്കോഡുകള്‍ നേടിക്കഴിഞ്ഞു. ഫാബുലസ് ഫോറില്‍ പേരുചേര്‍ക്കപ്പെട്ട കോലിയുടെ റെക്കോഡുകളോട് കിടപിടിക്കാന്‍ നിലവിലാരുമില്ലെന്നതാണ് വസ്തുത. എന്നാല്‍ പാകിസ്താന്‍ ആരാധകരെ സംബന്ധിച്ച് കോലിയെക്കാള്‍ കേമന്‍ ബാബര്‍ അസമാണ്.
നിലവിലെ പാകിസ്താന്‍ നായകനായ ബാബര്‍ ബാറ്റിങ്ങില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്നവനാണ്. എന്നാല്‍ കോലിയെക്കാളും കേമനെന്ന് പറയുക പ്രയാസമാണ്. ഇപ്പോഴിതാ കോലിയുടെ വിക്കറ്റ് അനായാസമായി നേടാമെന്നും കോലിയെക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍ ബാബര്‍ അസം ആണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ പേസര്‍ റാണ നവേദ് ഉല്‍ ഹസന്‍
'കോലിയേയും ബാബറിനെയും താരതമ്യപ്പെടുത്തുമ്പോള്‍ ഞാനെപ്പോഴും ബാബറിനെയാണ് കേമനെന്ന് പറയുക. സാങ്കേതികമായി കോലിയെക്കാള്‍ മുന്നിലാണ് ബാബര്‍. അതുകൊണ്ടുതന്നെ ബാബര്‍ അസം ഫ്‌ളോപ്പാവുന്ന മത്സരങ്ങള്‍ വളരെ കുറവാണ്. കോലി ബോട്ടം ഹാന്റ് പ്ലയറായതിനാലാണ് രണ്ടു മൂന്നു വര്‍ഷത്തോളം മോശം ഫോം നേരിട്ടത്. ഇങ്ങനെയുള്ള താരങ്ങള്‍ക്ക് കരിയറില്‍ പ്രയാസപ്പെടേണ്ടി വരും. അതേ സമയം ബാബര്‍ സാങ്കേതികമായി മുന്നിട്ട് നില്‍ക്കുന്നു.
പക്ഷെ ബാബറിനെക്കാളും കൂടുതല്‍ ഷോട്ടുകള്‍ കോലിയുടെ കൈവശമുണ്ട്. ബാബര്‍ തന്റെ പരിമിതമായ ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താനാണ് ശ്രമിക്കുന്നത്. ഇന്ത്യയിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമായതിനാലാണ് കോലിക്ക് കൂടുതല്‍ ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്നത്. ഐപിഎല്ലിലൂടെ ലോകോത്തര ബൗളര്‍മാരെ നേരിടാനുള്ള അവസരം കോലിക്ക് ലഭിക്കുന്നുണ്ട്'- റാണ നവേദ് പറഞ്ഞു.

പാകിസ്താനൊപ്പം കളിക്കവെ തല്ലുകൊള്ളിയായ ബൗളറായിരുന്നു റാണയെന്ന് പറയാം. 9 ടെസ്റ്റില്‍ നിന്ന് 18 വിക്കറ്റും 74 ഏകദിനത്തില്‍ നിന്ന് 110 വിക്കറ്റും നാല് ടി20യില്‍ നിന്ന് അഞ്ച് വിക്കറ്റുമാണ് റാണ വീഴ്ത്തിയത്. വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുടെയെല്ലാം വേട്ട മൃഗമായിരുന്നു റാണ. വിരാട് കോലിയെ വീഴ്ത്താനുള്ള മികവ് അവകാശപ്പെടാന്‍ റാണക്ക് സാധിക്കില്ലെന്ന് പറയാം. അതേ സമയം പാകിസ്താന്റെ മുഹമ്മദ് അമീര്‍ കോലിയെ വിറപ്പിച്ച ബൗളറാണ്.
പാകിസ്താനെതിരേ മികച്ച ബാറ്റിങ് റെക്കോഡ് കോലിക്ക് അവകാശപ്പെടാം. 2015ലെ ലോകകപ്പില്‍ പാകിസ്താനെതിരേ കോലി സെഞ്ച്വറി നേടിയിരുന്നു. 2019ലെ ലോകകപ്പില്‍ അര്‍ധ സെഞ്ച്വറിയും നേടി. ടി29 ലോകകപ്പില്‍ അഞ്ച് തവണയാണ് പാകിസ്താനെതിരേ കോലി ബാറ്റ് ചെയ്തത്. 81.33 ശരാശരിയില്‍ ബാറ്റുചെയ്ത കോലിയുടെ പേരില്‍ നാല് അര്‍ധ സെഞ്ച്വറികളുമുണ്ട്. അവസാന ടി20 ലോകകപ്പിലും കോലിയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചത്.
ഇപ്പോള്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നടക്കുന്നത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് മറ്റ് പരമ്പരകളൊന്നും കളിക്കുന്നില്ല. ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് കളിക്കാന്‍ പാകിസ്താന്‍ എത്തുമെങ്കിലും ഏഷ്യാ കപ്പ് കളിക്കാന്‍ ഇന്ത്യ പാകിസ്താനിലേക്ക് പോകില്ല. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ശ്രീലങ്കയാണ് വേദിയാവുന്നത്.
ബാബര്‍ അസം പരിമിത ഓവറില്‍ മിടുക്കുകാട്ടുമ്പോഴും ടെസ്റ്റില്‍ പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് സൂപ്പര്‍ താരമായി വളരാന്‍ സാധിക്കാത്തത്. പാകിസ്താനായി 48 ടെസ്റ്റില്‍ നിന്ന് 3709 റണ്‍സും 100 ഏകദിനത്തില്‍ നിന്ന് 5089 റണ്‍സും 104 ടി20യില്‍ നിന്ന് 3485 റണ്‍സും ബാബറിന്റെ പേരിലുണ്ട്. ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്ന് തന്നെ വിളിക്കാവുന്ന താരമാണ് ബാബറെന്ന് പറയാം.