ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇപ്പോള്‍ വിവിധ പൊസിഷനുകളിലേക്കായി നിരവധി പേരാണ് മല്‍സരരംഗത്തുള്ളത്. പ്രത്യേകിച്ചും ടി20 ഫോര്‍മാറ്റിലാണ് ടീമിലെ സ്ഥാനത്തിനു വേണ്ടി ഏറ്റവുമധികം പിടിവലി നടക്കുന്നത്. ടി20 ടീമില്‍ സ്ഥാനം നിലനിര്‍ത്തുകയെന്നത് ഏതൊരു താരത്തെയും സംബന്ധിച് ഏറെ കഠിനമായ കാര്യം തന്നെയാണ്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നവര്‍ക്കു മാത്രമേ ഇപ്പോള്‍ ടീമില്‍ സ്ഥാനമുറപ്പുള്ളൂ.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ഒരുപാട് പേരാണ് ടി20യില്‍ ടീമിനായി അരങ്ങേറിയിട്ടുള്ളത്. പക്ഷെ അവരില്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമേ സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം ടി20യില്‍ തുടക്കം കുറിച്ചതിനു ശേഷം ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഏഴയലത്തു പോലുമില്ലാത്ത ചില കളിക്കാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

രമണ്‍ദീപ് സിങ്
വമ്പനടിക്കാരനായ ബാറ്ററും സീം ബൗളിങ് ഓള്‍റൗണ്ടറുമായ രമണ്‍ദീപ് സിങാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. കഴിഞ്ഞ നവംബറിലെ സൗത്താഫ്രിക്കന്‍ പര്യടനത്തിലാണ് അദ്ദേഹം ടി20യില്‍ അരങ്ങേറിയത്. പരമ്പരയിലെ രണ്ടു മല്‍സങ്ങില്‍ ഒന്നിലാണ് രമണ്‍ദീപ് ബാറ്റ് ചെയ്തത്. 15 റണ്‍സും ഒരു വിക്കറ്റു നേടി.
ഈ പരമ്പരയ്ക്കു ശേഷം ടീമില്‍ നിന്നും പുറത്തായ അദ്ദേഹത്തിനു പിന്നിട് അവസരവും ലഭിച്ചിട്ടില്ല. കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം രമണ്‍ദീപ് തികഞ്ഞ പരാജയമായിരുന്നു.
ഇതോടെ നിലവില്‍ ഇന്ത്യന്‍ ടീമിന്റെ സമീപത്തു പോലും താരമില്ല. അടുത്ത ഐപിഎല്ലില്‍ എന്തെങ്കിലും അസാധാരണമായി ചെയ്യാന്‍ കഴിഞ്ഞാല്‍ മാത്രമേ രമണ്‍ദീപിനു പ്രതീക്ഷയ്ക്കു വകയുള്ളൂ. ദേശീയ ടീമിലേക്കു ഒരു രണ്ടാം വരവ് അദ്ദേഹത്തിനു സാധ്യമാണോയെന്നു നമുക്കു കാത്തിരുന്നു കാണാം.
തുഷാര്‍ ദേശ്പാണ്ഡെ
മുംബൈയില്‍ നിന്നുള്ള യുവ ഫാസ്റ്റ് ബൗളര്‍ തുഷാര്‍ ദേശ്പാണ്ഡെയാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍. ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും പ്രകടനങ്ങളാണ് കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ ദേശീയ ടീമിലെത്തിച്ചത്.
ജൂലൈയില്‍ ശുഭ്മന്‍ ഗില്ലിനു കീഴിലുള്ള ഇന്ത്യയുടെ രണ്ടാംനിര ടീം സിംബാബ്‌വെയില്‍ പര്യടനം നടത്തിയപ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു തുഷാര്‍. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ രണ്ടെണ്ണത്തില്‍ അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു.
രണ്ടു കളിയിലായി 36 ബോളുകളാണ് തുഷാര്‍ എറിഞ്ഞത്. 9.33 ഇക്കോണമി റേറ്റില്‍ 56 റണ്‍സും വിട്ടുകൊടുത്തു. രണ്ടു വിക്കറ്റുകളാണ് അദ്ദേഹത്തിനു ലഭിച്ചത്. ഈ പരമ്പരയ്ക്കു ശേഷം ടീമില്‍ സ്ഥാനം നഷ്ടമായ തുഷാറിനു പിന്നീടൊരിക്കലും അവസരവും ലഭിച്ചില്ല.

പരിക്കുകളും മോശം ഫോമുമെല്ലാം അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച അദ്ദേഹം ഒരുപാട് റണ്‍സ് വാരിക്കോരി നല്‍കിയിരുന്നു.
സായ് സുദര്‍ശന്‍
യുവ ഇടംകൈയന്‍ ബാറ്റര്‍ സായ് സുദര്‍ശനാണ് 2024ല്‍ ടി20യില്‍ അരങ്ങേറിയ ശേഷം ഇന്ത്യന്‍ ടീമില്‍ നിന്നും അപ്രത്യക്ഷനായ മൂന്നാമത്തെ താരം. എങ്കിലും മുകളിലെ രണ്ടു പേരെയും അപേക്ഷിച്ച് അദ്ദേഹം അധികം വൈകാതെ തന്നെ ദേശീയ ടീമില്‍ തിരിച്ചെത്തുമെന്നതില്‍ സംശയമില്ല. കഴിഞ്ഞ ഐപിഎല്ലിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനു അവകാശിയായിരുന്നു സായ്.
തുഷാര്‍ ദേശ്പാണ്ഡെയ്‌ക്കൊപ്പം കഴിഞ്ഞ ജൂലൈയിലെ സിംബാബ്‌വെ പര്യടനത്തിലൂടെ തന്നെയാണ് അദ്ദേഹവും അരങ്ങേറിയത്. ഒരേയൊരു മല്‍സരത്തില്‍ മാത്രമേ സായിയെ കളിപ്പിച്ചുള്ളൂ. ഇതിലാവട്ടെ ബാറ്റ് ചെയ്യാനുള്ള അവസരവും ലഭിച്ചിട്ടില്ല. അതിനു ശേഷം ഒരിക്കല്‍ പോലും ടി20യില്‍ സായ് ടീം ഇന്ത്യയുടെ ഭാഗമായിട്ടില്ല.