കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ മഹാരാജ ടി20 ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും രണ്ടക്കം കടക്കാനാവാതെ നിരാപ്പെടുത്തിയിരിക്കുകയാണ് ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത്. എങ്കിലും കണ്ണഞ്ചിപ്പിക്കുന്ന ഒരു സിക്‌സറുമായി ആരാധകരെ കൈയിലെടുക്കാന്‍ 18 കാരനു സാധിച്ചു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു ക്രിക്കറ്ററെന്ന നിലയില്‍ സമിത് ആദ്യമായി കളിക്കുന്ന പ്രധാനപ്പെട്ട ടൂര്‍ണമെന്റ് കൂടിയാണിത്.
ബെംഗളൂരു ബ്ലാസ്റ്റേഴ്‌സുമായുള്ള മല്‍സരത്തില്‍ മൈസൂരു വാരിയേഴ്‌സിനു വേണ്ടിയാണ് ഓള്‍റൗണ്ടര്‍ കൂടിയായ സമിത് കളിക്കാനിറങ്ങിയത്, അച്ഛനെപ്പോലെ തന്നെ മധ്യനിര ബാറ്ററായ താരം നാലാം നമ്പറിലാണ് ടീമിനായി കളിക്കുന്നത്. അഞ്ചാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ ടീം സ്‌കോര്‍ 51ല്‍ നില്‍ക്കെ രണ്ടാം വിക്കറ്റ് വീണതോടെ സമിത് ക്രീസിലെത്തുകയായിരുന്നു.

ഏഴാമത്തെ ഓവറിലെ നാലാമത്തെ ബോളില്‍ പേസര്‍ ഗ്നേശ്വര്‍ നവീനെതിരേയായിരുന്നു സമിത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന സിക്‌സര്‍. ഓഫ്സ്റ്റംപിനു പുറത്ത് ഷോര്‍ട്ട് ഓഫ് ലെങ്ത് ബോളാണ് നവീന്‍ പരീക്ഷിച്ചത്. ഇതിനെ വളരെ അനായാസം സമിത് ലോങ് ഓണിനു മുകളിലൂടെ സിക്‌സറിലേക്കു പറത്തുകയായിരുന്നു. അച്ഛന്റെ ഷോട്ടിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു സമിത്തിന്റെ ഈ സിക്‌സര്‍.
പക്ഷെ ഈ സിക്‌സറിനു പിന്നാലെ തൊട്ടടുത്ത ബോളില്‍ താരം പുറത്തായതോടെ ആരാധകര്‍ നിരാശരാവുകയും ചെയ്തു. ഏഴു ബോളുകള്‍ നേരിട്ട സമിത്തിനു നേടാനായത് ഏഴു റണ്‍സ് മാത്രമാണ്. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് അദ്ദേഹം ഒറ്റയക്ക സ്‌കോറിനു ക്രീസ് വിട്ടത്. നേരത്തേ ഷിമോഗ ലയണ്‍സുമായുള്ള അരങ്ങേറ്റ മല്‍സരത്തിലും സമിത് നിരാശപ്പെടുത്തിയിരുന്നു. ഒമ്പതു ബോളില്‍ ഒരു ഫോറുള്‍പ്പെടെ ഏഴു റണ്‍സ് നേടിയാണ് താരം അന്നു ക്രീസ് വിട്ടത്.
സമിത് ദ്രാവിഡിന്റെ സിക്‌സര്‍, വീഡിയോ കാണാം
നേരത്തേ താരലേലത്തില്‍ 50,000 രൂപയ്ക്കാണ് സമിത്തിനെ മൈസൂരു വാരിയേഴ്‌സ് സ്വന്തമാക്കിയത്. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ബാറ്റിങില്‍ ക്ലിക്കാവാന്‍ സാധിക്കാതെ പോയതോടെ താരം സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. അടുത്ത ഒന്നോ, രണ്ടോ കളിയില്‍ കൂടി ബാറ്റിങില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ടീമില്‍ സമിത്തിന്റെ സ്ഥാനം തെറിക്കാന്‍ സാധ്യതയുണ്ട്.
മൈസൂരു ടീമിനു തോല്‍വി
ആദ്യ കളിയില്‍ ജയത്തോടെ തുടങ്ങിയ മൈസൂരു വാരിയേഴ്‌സിനു രണ്ടാമത്തെ മല്‍സരത്തില്‍ തോല്‍വി രുചിക്കേണ്ടി വന്നു. ടോസിനു ശേഷം ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സ് ടീം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടര്‍ന്നു 18 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ച മല്‍സരത്തില്‍ ആറു വിക്കറ്റിനു 182 റണ്‍സെന്ന മികച്ച ടോട്ടല്‍ മൈസൂരു ടീം പടുത്തുയര്‍ത്തി. മനോജ് ബണ്ഡാഗെ (58*), ഹര്‍ഷില്‍ ധര്‍മാനി (50) എന്നിവരുടെ ഫിഫ്റ്റികളാണ് ടീമിനു കരുത്തായത്.
റണ്‍ചേസില്‍ ഈ സ്‌കോര്‍ ബ്ലാസ്‌റ്റേഴ്‌സ് ടീമിനു കടുപ്പമാവുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും അവര്‍ ഇതു അനായാസം മറികടന്നു. അഞ്ചു ബോളുകള്‍ ബാക്കിനില്‍ക്കെനാ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയത്തിലെത്തുകയായിരുന്നു. 51 റണ്‍സെടുത്ത ഭുവന്‍ രാജുവാണ് അവരുടെ വിജയം എളുപ്പമാക്കിയത്.